Wednesday, November 14, 2012

167 അണ്‍എയ്ഡഡ് സ്കൂളിനുകൂടി എന്‍ഒസി


സംസ്ഥാനത്തെ 167 അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനുകൂടി സര്‍ക്കാര്‍ എന്‍ഒസി നല്‍കി. സിബിഎസ്ഇ അംഗീകാരത്തിനുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ 211 സ്കൂളിന് എന്‍ഒസി നല്‍കിയിരുന്നു. ഇതോടെ ഈ സര്‍ക്കാര്‍ വന്നശേഷം എന്‍ഒസി ലഭിക്കുന്ന സ്കൂളുകളുടെ എണ്ണം 378 ആയി. അപേക്ഷകളിലെ സാങ്കേതിക പിശകുകള്‍മൂലം 87 സ്കൂളുകളുടെ അപേക്ഷ മടക്കി അയച്ചെന്നും 12 അപേക്ഷകളിലെ പരിശോധന നടക്കുകയാണെന്നും വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസം നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.

പിശക് തിരുത്തി 87 സ്കൂളുകള്‍ വീണ്ടും അപേക്ഷിക്കുന്നതോടെ എന്‍ഒസി ലഭിക്കുന്ന സ്കൂളുകള്‍ 477 ആകും. മലപ്പുറം വണ്ടൂരില്‍ മാത്രം 15 സ്കൂളുകള്‍ക്കാണ് ഒറ്റയടിക്ക് എന്‍ഒസി നല്‍കുന്നത്. സിബിഎസ്ഇ അംഗീകാരത്തിന് അപേക്ഷിക്കാന്‍ മൂന്ന് ഏക്കറും 300 കുട്ടികളും വേണമെന്ന നിബന്ധനയാണ് ഹൈക്കോടതി കഴിഞ്ഞ സെപ്തംബര്‍ 14ന് റദ്ദാക്കിയത്. അണ്‍എയ്ഡഡ് സ്കൂളുകളില്‍ മലയാളം പഠിപ്പിക്കേണ്ടതില്ലെന്നും ഉത്തരവിട്ടിരുന്നു. യോഗ്യരായ അധ്യാപകരും അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ സംസ്ഥാനത്ത് 2400 അണ്‍എയ്ഡഡ് സ്കൂള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്്. ഈ സ്കൂളുകള്‍ക്ക് മുഴുവന്‍ സര്‍ക്കാര്‍ എന്‍ഒസി നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായി. അതോടെ, പൊതുവിദ്യാഭ്യാസരംഗം പൂര്‍ണമായി തകരും.

സര്‍ക്കാരിന്റെ നഷ്ടക്കണക്കിലുള്ള 4500 സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ പൂട്ടേണ്ടിവരും. പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന കോടതിവിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് സംസ്ഥാനത്താകെ ആവശ്യമുയര്‍ന്നതാണ്. വിദ്യാഭ്യാസവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സംഘടനാപ്രതിനിധികളുടെയും യോഗത്തില്‍ മന്ത്രി പി കെ അബ്ദുറബ്ബ,് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന മന്ത്രിസഭായോഗങ്ങളുടെ അജന്‍ഡയിലൊന്നും ഈ വിഷയം വന്നില്ല. മന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പായിരുന്നെന്നാണ് അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കുന്നത്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം തികഞ്ഞിട്ടും സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരു നീക്കവും വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തു നിന്നില്ല. മൂന്നുമാസത്തിനകം സുപ്രീംകോടതിയെ സമീപിക്കുന്നില്ലെങ്കില്‍ വിധിയെ ചോദ്യംചെയ്യാനാകാത്ത അവസ്ഥ ഉണ്ടാകും.

അപേക്ഷിച്ച സ്കൂളുകള്‍ക്ക് മുഴുവന്‍ എന്‍ഒസി നല്‍കിയശേഷം സുപ്രീംകോടതിയെ സമീപിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണ. സ്കൂളുകള്‍ തമ്മിലുള്ള അകലവും അവിടങ്ങളിലെ ജനസംഖ്യാനുപാതവും വ്യക്തമാക്കുന്ന ഐടി@സ്കൂളിന്റെ വെബ്സൈറ്റില്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അക്കമിട്ടുനിരത്തുന്നുണ്ട്. മാതൃഭാഷയെ പോലും അപകടത്തിലാക്കി സര്‍ക്കാര്‍ സ്കൂളുകളുടെ മുറ്റങ്ങളില്‍പോലും നിയന്ത്രണമില്ലാതെ തുടങ്ങുന്ന അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കെല്ലാം സിബിഎസ്ഇ അംഗീകരത്തിന് പച്ചക്കൊടി ലഭിക്കുന്നതോടെ പൊതുവിദ്യാലയങ്ങള്‍ നാശത്തിലേക്ക് നീങ്ങും. ആയിരക്കണക്കിന് അധ്യാപകരുടെയും അനധ്യാപകരുടെയും ഭാവിയും അപകടത്തിലാകും.
(എം വി പ്രദീപ്)

1 comment:

  1. സംസ്ഥാനത്തെ 167 അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനുകൂടി സര്‍ക്കാര്‍ എന്‍ഒസി നല്‍കി. സിബിഎസ്ഇ അംഗീകാരത്തിനുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ 211 സ്കൂളിന് എന്‍ഒസി നല്‍കിയിരുന്നു. ഇതോടെ ഈ സര്‍ക്കാര്‍ വന്നശേഷം എന്‍ഒസി ലഭിക്കുന്ന സ്കൂളുകളുടെ എണ്ണം 378 ആയി. അപേക്ഷകളിലെ സാങ്കേതിക പിശകുകള്‍മൂലം 87 സ്കൂളുകളുടെ അപേക്ഷ മടക്കി അയച്ചെന്നും 12 അപേക്ഷകളിലെ പരിശോധന നടക്കുകയാണെന്നും വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസം നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.

    ReplyDelete