Wednesday, November 14, 2012
പ്രതിഷേധം ഭയന്ന് വയലാര്‍ രവി ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി
മനാമ: പ്രവാസികളുടെ പ്രതിഷേധങ്ങള്‍ക്കുമുമ്പില്‍ നാണംകെട്ട കേന്ദ്രപ്രവാസിമന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനം പാതിവഴിയില്‍ അവസാനിപ്പിച്ചു. സൗദി അറേബ്യ, ബഹ്റൈന്‍ സന്ദര്‍ശനം മന്ത്രി ഒഴിവാക്കി. കുവൈത്ത്, ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം 14നും 15നും സൗദിയിലും 16ന് ബഹ്റൈനിലുമായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഖത്തറിനെ ആദ്യമേ ഒഴിവാക്കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഒമാന്‍ തലസ്ഥാനമായ മസ്കത്തില്‍ മന്ത്രി യാത്ര അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം കാരണം മന്ത്രി ചികിത്സ തേടിയെന്ന പേരിലാണ് പര്യടനം വെട്ടിച്ചുരുക്കിയത്. സന്ദര്‍ശനത്തിനെതിരെ വിവിധ പ്രവാസിസംഘടനകളും പ്രാദേശിക കൂട്ടായ്മകളും ശക്തമായി പ്രതിഷേധിച്ചിരുന്നു. മന്ത്രിയെ സ്വീകരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഗള്‍ഫിലെ കോണ്‍ഗ്രസ് അനുകൂലസംഘടനകള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് വിവരം.
തിരുവനന്തപുരത്ത് ഗള്‍ഫ് യാത്രികരെ എയര്‍ ഇന്ത്യ റാഞ്ചികളായി ചിത്രീകരിച്ച് പീഡിപ്പിച്ച സംഭവത്തിനെതിരെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും മറ്റ് നവമാധ്യമങ്ങളിലും കനത്ത പ്രതിഷേധമായിരുന്നു. തുടര്‍ന്ന് ഈ മാസം ആറിന് ആരംഭിക്കേണ്ട പര്യടനം പത്തിലേക്ക് മാറ്റി. എയര്‍ ഇന്ത്യ പ്രശ്നം പരിഹരിക്കുമെന്ന് വ്യോമയാനമന്ത്രിയില്‍നിന്നും ഉറപ്പു ലഭിച്ചെന്ന് പ്രഖ്യാപിച്ചായിരുന്നു വയലാര്‍ രവി വീണ്ടും ഗള്‍ഫിലേക്ക് വന്നത്. എന്നാല്‍, മന്ത്രി ആദ്യസന്ദര്‍ശനം നടത്തിയ കുവൈത്തില്‍ കേരള എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റ് നേതൃത്വത്തില്‍ വന്‍ പ്രതിഷേധക്കൂട്ടായ്മ നടന്നു. മറ്റിടങ്ങളിലും പ്രതിഷേധം നടത്താന്‍ ആഹ്വാനംചെയ്തു. കുവൈത്തിലും ഷാര്‍ജയിലും മന്ത്രിയുടെ സന്ദര്‍ശനം ചില കോണ്‍ഗ്രസ് അനുകൂലസംഘടനകള്‍ ഒഴിച്ചുള്ളവര്‍ ബഹിഷ്കരിച്ചു. മന്ത്രിയെ സ്വീകരിച്ചവര്‍ക്കെതിരെയും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സ്വീകരണച്ചടങ്ങുകള്‍ക്കും ആളില്ലാതായി. എയര്‍ ഇന്ത്യ, യാത്രക്കാരെ തീവ്രവാദികളായി ചിത്രീകരിച്ചതിനെതിരെ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഷാര്‍ജയില്‍ മന്ത്രി തട്ടിക്കയറുകയും നിങ്ങള്‍ മാര്‍ക്സിസ്റ്റുകാരെപ്പോലെ പെരുമാറുന്നുവെന്ന് പറയുകയുംചെയ്തു. നിവേദനം നല്‍കാനെത്തിയ പ്രവാസി തൊഴിലാളിസംഘങ്ങളെയും മന്ത്രി അവഗണിച്ചു. ഈ സംഭവങ്ങള്‍ വാര്‍ത്തയായതോടെ പ്രതിഷേധം കൂടുതല്‍ വ്യാപകമായി.
(അനസ് യാസിന്‍)
deshabhimani
Labels:
പ്രവാസി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment