Wednesday, November 14, 2012
രാജ്യം കൂടുതല്‍ മാന്ദ്യത്തിലേക്ക്
കുത്തകകള്‍ക്ക് അനുകൂലമായ പരിഷ്കാരനടപടികള്‍ ഒന്നൊന്നായി നടപ്പാക്കിയിട്ടും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതല്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നത് യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തൊട്ടുതലേന്ന് പുറത്തുവന്ന സാമ്പത്തിക അവലോകന കണക്കുകള്‍ കോര്‍പറേറ്റ് അനുകൂല സാമ്പത്തികവിദഗ്ധരെ കടുത്ത നിരാശയിലേക്ക് തള്ളിവിടുന്നതാണ്. വ്യാവസായികമേഖല കൂടുതല്‍ തളര്‍ച്ചയിലേക്ക് നീങ്ങിയതോടൊപ്പം കയറ്റുമതി തുടര്‍ച്ചയായ ആറാംമാസവും ഇടിവ് രേഖപ്പെടുത്തി. ഉപഭോക്തൃ വിലസൂചികയാകട്ടെ ഇരട്ടസംഖ്യയിലേക്ക് കുതിക്കുകയാണ്.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും കരകയറ്റുന്നതിനും വേണ്ടിയെന്നു പറഞ്ഞാണ് കോര്‍പറേറ്റ് അനുകൂല പരിഷ്കരണനടപടികള്‍ യുപിഎ സര്‍ക്കാര്‍ തീവ്രമാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ തീവ്രപരിഷ്കരണനടപടികള് വിലക്കയറ്റം രൂക്ഷമാക്കുന്നതിനാണ് പ്രയോജനപ്പെട്ടത്. ഇത് താല്‍ക്കാലികമാണെന്നും സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്നുമാണ് പരിഷ്കരണ അനുകൂല സാമ്പത്തികവിദഗ്ധര്‍ അവകാശപ്പെട്ടിരുന്നത്. പുതിയ സാമ്പത്തിക അവലോകന കണക്കുകള്‍ പുറത്തുവരുമ്പോള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കാണാമെന്നും ആസൂത്രണ കമീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് പുതിയ കണക്കുകള്‍. സെപ്തംബറിലെ വ്യവസായവളര്‍ച്ച 0.4 ശതമാനമായി താഴ്ന്നു. തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവില്‍ 2.5 ശതമാനമായിരുന്നു വളര്‍ച്ച. ഉല്‍പ്പന്നനിര്‍മാണ മേഖലയിലെ തളര്‍ച്ചയാണ് മുഖ്യമായും വളര്‍ച്ച ഇടിയാന്‍ വഴിയൊരുക്കിയത്. നടപ്പുവര്‍ഷം ആദ്യത്തെ ആറുമാസത്തെ വ്യവസായവളര്‍ച്ച 0.1 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 5.1 ശതമാനമായിരുന്നു വളര്‍ച്ച. ഏപ്രില്‍- ജൂണ്‍ കാലയളവിലെ സാമ്പത്തികവളര്ച്ചയാകട്ടെ 5.5 ശതമാനമായി താഴ്ന്നു. വളര്‍ച്ച ഇടിയുന്നതോടൊപ്പം പണപ്പെരുപ്പം ഉയരുന്നുവെന്ന ഇരട്ടവെല്ലുവിളിയാണ് സര്‍ക്കാര്‍ നേരിടുന്നത്. ഒക്ടോബറില്‍ ചില്ലറവിപണിയിലെ പണപ്പെരുപ്പം 9.75 ശതമാനമാണ്. സെപ്തംബറില്‍ 9.73 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യപണപ്പെരുപ്പമാകട്ടെ ഇപ്പോഴും ഇരട്ടസംഖ്യയില്‍ തുടരുകയുമാണ്.
സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്കരണനടപടികള്‍ക്ക് അനുസൃതമായി റിസര്‍വ് ബാങ്ക് നിലപാടുകളില്‍ മാറ്റംവരുത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്കുകളില്‍ മാറ്റംവരുത്തിയിരുന്നില്ല. കരുതല്‍ ധനാനുപാദത്തില്മാത്രം നേരിയ കുറവ് വരുത്തുകയാണ് ചെയ്തത്. റിപ്പോ നിരക്കിലും കരുതല്‍ ധനാനുപാദത്തിലും ഒരേപോലെ മാറ്റംവരുത്തിയിരുന്നെങ്കില് വളര്‍ച്ച വേഗത്തിലാകുമായിരുന്നുവെന്ന് വലതുപക്ഷ സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ റിപ്പോനിരക്കുകള്‍ കുറച്ച് പണമൊഴുപ്പ് കൂട്ടിയാല്‍ പണപ്പെരുപ്പം കൂടുതല്‍ നിയന്ത്രണാതീതമാകുമെന്ന് റിസര്‍വ് ബാങ്ക് ഭയക്കുന്നു.
deshabhimani
Labels:
സാമ്പത്തികം
Subscribe to:
Post Comments (Atom)

ReplyDelete