Tuesday, November 6, 2012

പാക് മദ്രസയുടെ വിവാദചിത്രം സര്‍ക്കാര്‍ പരസ്യത്തില്‍


പാകിസ്ഥാനില്‍ താലിബാനിസം പഠിപ്പിക്കുന്ന മദ്രസയെന്ന് നിരവധി ദേശീയ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ചിത്രം സംസ്ഥാന സര്‍ക്കാര്‍ പരസ്യത്തില്‍. രാജ്യസുരക്ഷയുടെയും മതേതരത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന അതീവ ഗുരുതരമായ സംഭവമാണ് പരസ്യമെന്ന് കണ്ടെത്തിയ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലിയെ ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തേക്കും.

കേരള മദ്രസ അധ്യാപക ക്ഷേനിധി പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാന തല അംഗത്വ വിതരണ പ്രചാരണം ഉദ്ഘാടനം എന്ന പേരിലാണ്, ഒരു സാംഗത്യവുമില്ലാതെ ന്യൂനപക്ഷക്ഷേമ വകുപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയത്. നവംബര്‍ മൂന്നിന് എല്ലാ മാധ്യമങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചു. 2005 മുതല്‍ ഇന്ത്യയിലെ വിവിധ വെബ്സൈറ്റുകളില്‍ ഈ താലിബാന്‍ മദ്രസയുടെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. അതിനു മുമ്പ് ചില മാധ്യമങ്ങളും ചിത്രം പ്രസിദ്ധീകരിച്ചു. "അമുസ്ലിങ്ങളെ വേട്ടയാടാന്‍ പരിശീലനം നല്‍കുന്ന ഒരു സവിശേഷ മദ്രസ"യെന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി രാജ്യത്ത് പ്രചരിക്കുന്നത്. ഈ ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മദ്രസകള്‍ സംസ്ഥാനത്തുണ്ട്. ഇതിലേതെങ്കിലും ഒന്നിന്റെ ചിത്രം നല്‍കുന്നതിന് പകരം പാകിസ്ഥാനിലെ വിവാദ മദ്രസയുടെ ചിത്രം തന്നെ എടുത്തത് മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് വ്യക്തം.

പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേനയാണ് പരസ്യം നല്‍കുന്നതെങ്കിലും അതിനുള്ള വിഷയങ്ങളും ചിത്രങ്ങളും സാധാരണ നിലയില്‍ നല്‍കുന്നത് അതത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മാത്രമാണ്. പരസ്യം തയ്യാറാക്കിയ ശേഷവും മന്ത്രിയുടെ ഓഫീസില്‍ കാണിച്ച് സമ്മതം വാങ്ങിച്ച ശേഷമേ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കൂ. വിവാദ ചിത്രത്തിന് തൊട്ടു താഴെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി അലിയുടെയും ചിത്രംകൂടി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ക്ഷേമനിധി പെന്‍ഷന്റെ അംഗത്വ വിതരണത്തിന് മുന്നോടിയായുള്ള വെറുമൊരു പ്രചാരണ ഉദ്ഘാടനത്തിന് ഇത്തരം ഒരു പരസ്യം നല്‍കിയത് ദുരൂഹതയുണര്‍ത്തുന്നു.

നവംബര്‍ മൂന്നിന് മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി മഞ്ഞളാംകുഴി അലിതന്നെയാണ് പ്രചാരണ പരിപാടി ഉദ്ഘാടനംചെയ്തത്. ഈ പ്രചാരണം മറ്റ് 12 ജില്ലകളില്‍ നടത്തിയശേഷം ദേശീയ ന്യൂനപക്ഷ അവകാശദിനമായ ഡിസംബര്‍ 18ന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ഈ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഈ പരസ്യവും പരസ്യചിത്രവും ഫ്ളക്സ് ബോര്‍ഡുകളിലാക്കുന്നുമുണ്ട്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്റെ മറവില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും വര്‍ഗീയ സാമുദായിക ശക്തികള്‍ക്ക് മുതലെടുക്കാനും അവസരം സൃഷ്ടിക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
(എം രഘുനാഥ്)

deshabhimani 051112

1 comment:

  1. പാകിസ്ഥാനില്‍ താലിബാനിസം പഠിപ്പിക്കുന്ന മദ്രസയെന്ന് നിരവധി ദേശീയ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ചിത്രം സംസ്ഥാന സര്‍ക്കാര്‍ പരസ്യത്തില്‍. രാജ്യസുരക്ഷയുടെയും മതേതരത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന അതീവ ഗുരുതരമായ സംഭവമാണ് പരസ്യമെന്ന് കണ്ടെത്തിയ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലിയെ ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തേക്കും.

    ReplyDelete