Wednesday, November 14, 2012
യുഡിഎഫ് ഭരണത്തില്‍ കേന്ദ്ര സ്ഥാപനം കൊണ്ടുവരാന്‍ ധൈര്യമില്ല:ആന്റണി
സംസ്ഥാനത്തേക്ക് കേന്ദ്രസ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. കഴിഞ്ഞ ഒന്നരവര്‍ഷമായി കേരളത്തിലേക്ക് പ്രതിരോധവകുപ്പിന്റെ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ധൈര്യം തന്നില്‍നിന്ന് ചോര്‍ന്നു പോയതായി ആന്റണി പറഞ്ഞു.
ഇപ്പോള്‍ ആരെ വിശ്വസിച്ച് വ്യവസായങ്ങള്‍ കൊണ്ടുവരാനാകും. 2007-11 കേരളത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലെ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നു. ഒന്നര വര്‍ഷമായി പുതിയ പദ്ധതികളെക്കുറിച്ച് സംസ്ഥാനത്തുനിന്ന് ഒരുവിധ അന്വേഷണവുമുണ്ടായില്ലെന്നും ആന്റണി തുറന്നടിച്ചു. ബ്രഹ്മോസിന്റെ ചാക്ക യൂണിറ്റില്‍ മിസൈല്‍ സംയോജന യൂണിറ്റ് കമീഷന്‍ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള സംസ്ഥാന മന്ത്രിമാരെയും സാക്ഷിയാക്കിയാണ് യുഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള പിന്തുണയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ലഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വ്യവസായ മന്ത്രി എളമരം കരീമും കേന്ദ്ര പ്രതിരോധ മന്ത്രി എന്ന നിലയില്‍ തനിക്ക് ഇക്കാര്യത്തില്‍ വലിയ സഹായം ചെയ്തു. അതിന്റെ ഭാഗമായി ആറ് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് എത്തിക്കാനായി. എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ ഇതിനുള്ള ധൈര്യം തനിക്ക് നഷ്ടപ്പെടുകയായിരുന്നു. ഹൈദരാബാദില്‍ മാത്രമുള്ള ബ്രഹ്മോസിന്റെ യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ മുന്‍കൈയ്യടുത്തപ്പോള്‍ ദേശീയ പത്രങ്ങളടക്കം പ്രതിരോധ മന്ത്രിക്ക് പ്രദേശിക വാദമെന്ന് മുഖപ്രസംഗംവരെ എഴുതി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഒരു സ്ഥാപനം കേരളത്തില്‍ കിട്ടാന്‍ സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷ കാത്തിരിക്കേണ്ടിവന്നു എന്നതും വിസ്മരിക്കരുത്. ബ്രഹ്മോസ് സ്വകാര്യ സ്വത്താണെന്നാണ് ചിലര്‍ പറയുന്നത്. ഇത് രാജ്യത്തിന്റെ പൊതുസ്വത്താണ്. അതുകൊണ്ടാണ് പാര്‍ലമന്റിന്റെ പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തിരുവനന്തപുരത്തുമെത്തി കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ബ്രഹ്മോസ് മിസൈല്‍ രാജ്യത്തിന്റെ ബ്രഹ്മാസ്ത്രമാണ്. അതിനാലാണ് ലോക രാജ്യങ്ങള്‍ തങ്ങള്‍ക്കും ഇതു വേണമെന്ന ആവശ്യമുന്നയിച്ച് നമ്മെ സമീപിക്കുന്നത്.
പ്രതിരോധ വകുപ്പിന് അതിന്റേതായ അജണ്ടകളും തീരുമാനങ്ങളുമുണ്ടാകും. അതനുസരിച്ച് മാത്രമെ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലടക്കം മുന്നോട്ടുപോകാനാകൂ. പ്രതിരോധ സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മിതത്വം തൊഴിലാളികള്‍ പാലിക്കാതിരുന്നാല്‍ മറ്റ് നടപടികള്‍ വകുപ്പിന് സ്വീകരിക്കേണ്ടിവരും. 2013 ജനുവരിയില്‍ ബ്രഹ്മോസിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നും എ കെ ആന്റണി പറഞ്ഞു. ചടങ്ങിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാത്ത യൂണിറ്റ് അധികൃതരുടെ നിലപാടില്‍ ആന്റണി ഖേദം പ്രകടിപ്പിച്ചു. "ഉദ്ഘാടന പരിപാടി സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടായി. അതിയായ ഖേദമുണ്ട്. ക്ഷമിക്കണം, മറക്കണം, പൊറുക്കണം"-ആന്റണി പറഞ്ഞു. മന്ത്രിമാരായ വി എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, എളമരം കരീം, ബ്രഹ്മോസ് എയ്റോസ്പേസ് ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ ഡോ. എ ശിവതാണുപിള്ള എന്നിവരും വേദിയിലുണ്ടായിരുന്നു.
deshabhimani 151112
Subscribe to:
Post Comments (Atom)

സംസ്ഥാനത്തേക്ക് കേന്ദ്രസ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. കഴിഞ്ഞ ഒന്നരവര്‍ഷമായി കേരളത്തിലേക്ക് പ്രതിരോധവകുപ്പിന്റെ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ധൈര്യം തന്നില്‍നിന്ന് ചോര്‍ന്നു പോയതായി ആന്റണി പറഞ്ഞു.
ReplyDelete