Wednesday, November 14, 2012
ഓര്‍മകള്‍ക്ക് പുതുജീവന്‍; സൂചി വീണ്ടും ഇന്ത്യയില്‍
ബാല്യ-കൗമാരകാലസ്മരണകളുടെ തേരിലേറി മ്യാന്‍മറിലെ പ്രതിപക്ഷ നേതാവ് ഓങ്സാന്‍ സൂചി കാല്‍ നൂറ്റാണ്ടിനുശേഷം ഇന്ത്യയിലെത്തി. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സൂചി കുട്ടിക്കാലത്തെ സുഹൃത്തുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ സൂചി ജവഹര്‍ലാല്‍നെഹ്റുസ്മാരക പ്രഭാഷണം നടത്തും. ജവഹര്‍ലാല്‍ മെമ്മോറിയല്‍ ഫണ്ടിന്റെ ചെയര്‍മാന്‍കൂടിയായ സോണിയ ഗാന്ധിയുടെ ക്ഷണമനുസരിച്ചാണ് സൂചിയുടെ സന്ദര്‍ശനം. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടയില്‍, താന്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലേഡി ശ്രീറാം കോളേജും സൂചി സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് ബംഗളൂരുവിലെത്തുന്ന സൂചി അവിടത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും ഇന്‍ഫോസിസും സന്ദര്‍ശിക്കും. ആന്ധ്രപ്രദേശും സന്ദര്‍ശിച്ചശേഷം സൂചി മ്യാന്‍മറിലേക്ക് മടങ്ങും.
1960 കളില്‍ ഇന്ത്യയില്‍ ബര്‍മയുടെ (ഇപ്പോള്‍ മ്യാന്‍മര്‍) സ്ഥാനപതിയായിരുന്ന അമ്മ, ഖിന്‍ കിയിക്കൊപ്പം കുട്ടിക്കാലം ചെലവഴിച്ച ഡല്‍ഹി നഗരത്തിലേക്ക് 1987 ന് ശേഷം ആദ്യമായാണ് സൂചി എത്തിയത്. 1947 ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് ബര്‍മയെ മോചിപ്പിച്ച നേതാവും ബര്‍മയിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകനുമായ ഓങ്സാന്റെ മകളാണ് സൂചി. അദ്ദേഹം കൊല്ലപ്പെട്ടശേഷമാണ് സൂചിയും അമ്മയും രണ്ട് സഹോദരന്മാരും ഇന്ത്യയിലേക്കുവന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ ആസ്ഥാനമായ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ വസതിയിലായിരുന്നു സൂചി കുട്ടിക്കാലം ചെലവഴിച്ചത്. അന്നത് ബര്‍മ അംബാസഡറുടെ ഔദ്യോഗിക വസതിയായിരുന്നു.അശോകാ റോഡിലെ ജീസസ് ആന്‍ഡ് മേരി സ്കൂളിലും മണ്ഡിഹൗസിലെ ലേഡി ശ്രീറാം കോളേജിലുമായിരുന്നു സൂചിയുടെ സ്കൂള്‍-കോളേജ് വിദ്യാഭ്യാസം. ഓക്സ്ഫോര്‍ഡ് പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് സൂചിയെ ഏറെ സഹായിച്ചത് ഹിന്ദു ദിനപത്രത്തിന്റെ അന്നത്തെ രാഷ്ട്രീയലേഖകനായിരുന്ന കെ രംഗസ്വാമിയായിരുന്നു.
ഓക്സഫോര്‍ഡ് പഠനത്തിനിടെ ബ്രിട്ടീഷുകാരനായ മൈക്കിള്‍ ആരിസിനെ വിവാഹം കഴിച്ച സൂചി അവിടെ താമസമാക്കി. അമ്മയ്ക്ക് അസുഖമായപ്പോള്‍ മ്യാന്‍മറില്‍ മടങ്ങിയെത്തി. അന്ന് മ്യാന്‍മറിലേക്ക് പോകവെയാണ് അവസാനമായി സൂചി ന്യൂഡല്‍ഹിയിലെത്തിയത്. തൊട്ടടുത്ത വര്‍ഷംതന്നെ "നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി"ക്ക് രൂപം നല്‍കുകയും 1991 ലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയുംചെയ്തു. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് റദ്ദാക്കി സൂചിയെ ജയിലിലടയ്ക്കാനാണ് പട്ടാളഭരണകൂടം തയ്യാറായത്. 2010 ല്‍ ജയില്‍മോചിതയായ സൂചി ഈ വര്‍ഷം ഏപ്രിലില്‍ ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിന്റെ അധോസഭയായ പിയിതു പ്ലൂത്തോവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ധാരണയ്ക്കുള്ള 1993 ലെ ജവഹര്‍ലാല്‍ നെഹ്റു പുരസ്കാരം നൊബേല്‍ സമ്മാനജേതാവായ സൂചിക്ക് നല്‍കിയതിലൂടെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഇന്ത്യയുമായി അകന്നു. അഞ്ചുവര്‍ഷത്തിനുശേഷമാണ് പട്ടാളഭഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്.
deshabhimani
Labels:
സൂകി
Subscribe to:
Post Comments (Atom)
No comments:
Post a Comment