Sunday, November 11, 2012

ലീഗ് തീവ്രവാദ സ്വഭാവമുള്ള പാര്‍ടി: പിണറായി


ആലപ്പുഴ: തീവ്രവാദി വിഭാഗങ്ങള്‍ സ്വാധീനിക്കുന്ന പാര്‍ടിയായി മുസ്ലിംലീഗ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലീഗ് ഉള്‍പ്പെട്ട തീവ്രവാദക്കേസുകള്‍ അട്ടിമറിക്കാന്‍ വഴിവിട്ട് സഹായിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് സംസ്ഥാനത്തെ സാമുദായിക അന്തരീക്ഷം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ആലപ്പുഴ ഏരിയകമ്മിറ്റി ഓഫീസായ ഇ കെ നായനാര്‍ സ്മാരകമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. 
 
എസ്പിയെവരെ വധിക്കാന്‍ ശ്രമിച്ച കാസര്‍കോട്ടെ ആക്രമണത്തില്‍ തീവ്രവാദ സ്വഭാവമുണ്ടായിരുന്നു. ഇത് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ ഒരുകാരണവുമില്ലാതെ പിരിച്ചുവിട്ടു. ഇവരുടെ തീവ്രവാദബന്ധം പുറത്തുവരുന്നതിന് ഇതു കാരണമായി. അഞ്ചുപേര്‍ മരിച്ച നാദാപുരത്തെ ബോംബ്സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണവും വേണ്ടെന്നുവച്ചു. മാറാട് കലാപത്തിനു പിന്നിലെ വിദേശബന്ധം അന്വേഷിക്കേണ്ടെന്ന് കേന്ദ്ര ഏജന്‍സി തിരുമാനിച്ചതിനു പിന്നിലും ഇടപെടലുണ്ട്. ലീഗിന് ഇഷ്ടമില്ലാത്ത കാര്യം നടക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
 
 ഇതിനെതിരെ ഉണ്ടായ എസ്എന്‍ഡിപി-എന്‍എസ്എസ് യോജിപ്പിനെ ഹിന്ദുഏകീകരണമാക്കി മുതലെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത് നാടിന്റെ ഭാവിക്കു ദോഷകരമാണ്. ഇതിനെ സിപിഐ എം വിട്ടുവീഴ്ചയില്ലാതെ ചെറുക്കും. കേരളത്തിന്റെ മതനിരപേക്ഷസമൂഹം ഒറ്റക്കെട്ടായി ഈ പോരാട്ടത്തില്‍ അണിചേരണം. 
 
കേന്ദ്രത്തിന്റെ ഉദാരവല്‍ക്കരണനയം അതേപോലെ തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ മേന്മകള്‍ എല്ലാം തകര്‍ക്കുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക മേഖലകള്‍ തകര്‍ന്നു. പരമ്പരാഗത മേഖലകളാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ആലപ്പുഴയില്‍ കയര്‍മേഖലയില്‍ രണ്ടു തൊഴിലാളികള്‍ ആത്മഹത്യചെയ്തത് പ്രതിസന്ധി വ്യക്തമാക്കുന്നു. 
 
കേന്ദ്രത്തിലെ കോണ്‍ഗ്രസാകട്ടെ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച് കമീഷന്‍ പറ്റുന്ന പാര്‍ടിയായി മാറി. റിലയന്‍സ് തീരുമാനിക്കുന്നതാണ് പ്രധാനമന്ത്രി നടപ്പാക്കുന്നത്. മന്ത്രിമാരെ തീരുമാനിക്കുന്നതുവരെ റിലയന്‍സാണ്. കല്‍ക്കരി കുംഭകോണമടക്കമുള്ള കേസുകളില്‍ പ്രധാനമന്ത്രിയാണ് പ്രതിസ്ഥാനത്ത്. കെജ്രിവാള്‍ പുറത്തുവിട്ടത് കള്ളപ്പണനിക്ഷേപത്തിന്റെ ചെറിയഭാഗം മാത്രമാണ്. കള്ളപ്പണത്തിന്റെ ഉറവിടം പുറത്തുവിടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ പി പി ചിത്തരഞ്ജന്‍ അധ്യക്ഷനായി.

No comments:

Post a Comment