Wednesday, November 14, 2012
റിസര്‍വ് ബാങ്ക് നിയന്ത്രണം; സഹകരണ മേഖലയുടെ അസ്ഥിത്വം തകര്‍ക്കും
തൃശൂര്‍: ബാങ്കിങ് നിയന്ത്രണ നിയമഭേദഗതിയിലൂടെ സഹകരണ സംഘങ്ങള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കകയാണെന്നും ഇത് സഹകരണ മേഖലയുടെ അസ്ഥിത്വം തകര്‍ക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസര്‍വ് ബാങ്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിലൂടെ ഒരു ഭാഗത്ത് സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തിരുന്ന സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയ സേവന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും. നീതി സ്റ്റോര്‍ അടക്കമുള്ള ഉപഭോക്തൃ സേവനങ്ങളും നിഷേധിക്കപ്പെടും. ബാങ്കിങ് പ്രവര്‍ത്തനത്തില്‍ സംഘങ്ങള്‍ ചുരുങ്ങേണ്ടിവരും. അല്ലാത്തപക്ഷം ബാങ്ക് എന്ന വാക്ക് സംഘങ്ങളുടെ പേരില്‍നിന്ന് ഒഴിവാക്കണം. മറുഭാഗത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാത്രമെ റിസര്‍വ് ബാങ്ക് ലൈസന്‍സ് ലഭ്യമാകൂ. കേരളത്തിലെ നാല്‍പ്പത് ശതമാനത്തോളം സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക നന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണമേഖലയിലെ സംസ്ഥാന നിയന്ത്രണം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് പുതിയ ഭേദഗതിയിലൂടെ ചെയ്യുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ അംഗീകരിച്ച് നടപ്പാക്കാന്‍ തുടങ്ങിയതിനുശേഷമാണ് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന തീരുമാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാന്‍ തുടങ്ങിയത്. ആഗോള വല്‍ക്കണത്തിന്റെ സ്വാധീനത്തില്‍ വരുന്ന വിവിധ കമ്മീഷനുകള്‍ സഹകരണ മേഖലയെ തകര്‍ക്കുന്നതാണെന്നും പിണറായി പറഞ്ഞു.
ഏഴാമത് സഹകരണ കോണ്‍ഗ്രസ് ബുധനാഴ്ച രാവിലെ തൃശൂര്‍ തേക്കിന്‍കാടു മൈതാനിയിലെ പ്രത്യേകവേദിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. പകല്‍ മൂന്നിന് ചേരുന്ന പ്രതിനിധിസമ്മേളനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 9.30ന് മുന്‍ സഹകരണ മന്ത്രിമാരെ ആദരിക്കും. സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാകും. കോണ്‍ഗ്രസിന് തുടക്കം കുറിച്ച് ബുധനാഴ്ച രാവിലെ 9.30ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.
പതിമൂന്നുമുതല്‍ 16 വരെ നടക്കുന്ന സഹകരണ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം നവലോക സൃഷ്ടിക്ക് സഹകരണപ്രസ്ഥാനംസഹകരണപ്രസ്ഥാനങ്ങള്‍ സാമൂഹ്യനന്മയ്ക്ക് എന്നാണ്. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. പതിനാറിന് വൈകിട്ട് നഗരത്തില്‍ സഹകരണമേഖലയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാംസ്കാരികഘോഷയാത്ര നടക്കും. സമാപനസമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയും ഉണ്ടാകും.
deshabhimani
Labels:
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment