Tuesday, November 13, 2012

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ആക്രമണം; കുട്ടികള്‍ക്കും പരിക്ക്

ഗാസയില്‍ ഇസ്രയേല്‍ സൈന്യം കഴിഞ്ഞദിവസം നടത്തിയ ക്രൂരമായ ആക്രമണത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ തുടരുന്നു. പലസ്തീനിലെ നെജേവ് ഗ്രാമത്തില്‍ ബുള്‍ഡോസറുകളുമായെത്തിയ ഇസ്രയേല്‍ സേന നിരവധി പലസ്തീന്‍ വീടുകള്‍ തകര്‍ത്തു. ഈ മേഖലയിലെ സ്കൂളിലേക്ക് സൈന്യം നടത്തിയ കണ്ണീര്‍വാതകപ്രയോഗത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവിടെനിന്ന് കുട്ടികളടക്കം നിരവധിപേരെ അറസ്റ്റ്ചെയ്തു.ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി നടത്തിയ ബോംബിങ്ങില്‍ ആറു പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് ഇസ്രയേലിന്റെ പല ഭാഗങ്ങളിലേക്കും ഹമാസ് പ്രവര്‍ത്തകര്‍ ചെറുത്തുനില്‍പ്പും നടത്തി. ഇതിനിടെ പലസ്തീന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത നബ്ലൗസിനടുത്ത ഇത്മാറില്‍ 538 വീടുകള്‍ പുതുതായി നിര്‍മിക്കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി എഹൂദ് ബരാക് അനുമതി നല്‍കി. പലസ്തീന്‍ ജനതയെ പ്രകോപിക്കുന്നതാണ് ഈ നടപടിയും. മറ്റൊരു സംഭവത്തില്‍ സിറിയയില്‍നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നില്‍ സിറിയന്‍ ഭാഗത്തുനിന്ന് ബോംബിട്ടതായി ആരോപിച്ച് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. ഇതൊരു താക്കീതാണെന്നും ഇസ്രയേല്‍ വെളിപ്പെടുത്തി.

No comments:

Post a Comment