Tuesday, November 13, 2012

ഉമ്മന്‍ചാണ്ടി നിലനില്‍പ്പിന്റെ ഭയപ്പാടില്‍: പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം നിലനില്‍പ്പിനെക്കുറിച്ച് വല്ലാതെ ഭയപ്പെടുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കും മറ്റുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍പോലും ഉമ്മന്‍ചാണ്ടിക്ക് ധൈര്യമില്ല. ഭൂരിപക്ഷം നഷ്ടപ്പെടുമെന്നു ഭയന്നാണിത്. അധികാരം നഷ്ടപ്പെടുമെന്ന പേടിസ്വപ്നം കാരണം ഉമ്മന്‍ചാണ്ടിക്ക് ഉറക്കമില്ലാതായെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശെല്‍വരാജിനെ കാലുമാറ്റിയ ഘട്ടത്തില്‍ അഞ്ച് എംഎല്‍എമാര്‍കൂടി യുഡിഎഫിലേക്ക് പോകാന്‍ സന്നദ്ധരായി നില്‍ക്കുന്നുവെന്നാണ് അവകാശപ്പെട്ടത്. ഒന്നു വിളിച്ചാല്‍ മതി എന്നും പ്രചരിപ്പിച്ചു. എന്നാല്‍, ഇന്ന് യുഡിഎഫ് എവിടെയെത്തി, അവരുടെ തകര്‍ച്ച എത്രത്തോളമായി. സ്വന്തം നിലനില്‍പ്പിനെക്കുറിച്ച് വല്ലാതെ ഭയപ്പെടുകയാണ് യുഡിഎഫും ഉമ്മന്‍ചാണ്ടിയും. യുഡിഎഫിന്റെ അവസ്ഥ എല്‍ഡിഎഫ് നോക്കിനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പ്രവചിക്കേണ്ട കാര്യമല്ലെന്ന് പിണറായി പ്രതികരിച്ചു. രമേശ് ചെന്നിത്തല മന്ത്രിയാകണോ മന്ത്രിസഭയിലെ രണ്ടാമനാകണോ എന്നതൊക്കെ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

എം ജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ കെട്ടിടം ഉദ്ഘാടനം തടസ്സപ്പെടുത്താന്‍ നടന്ന നീക്കങ്ങള്‍ സ്വയംഭരണസ്ഥാപനങ്ങളെ തകര്‍ക്കുന്ന യുഡിഎഫ് നയത്തിന്റെ ഭാഗമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലര്‍ റിട്ടയര്‍ചെയ്ത ശേഷമേ മണിമലക്കുന്നിലെ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തൂ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉദ്ഘാടനത്തിന് മന്ത്രി അനൂപ് ജേക്കബ്ബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മന്ത്രിക്ക് കത്തയച്ച വനിതാ പ്രിന്‍സിപ്പല്‍ മറുപടികേട്ട് ബോധരഹിതയായി എന്നാണ് പറയുന്നത്. അത്ര കടുത്ത മറുപടിയാണ് കിട്ടിയത്. വിസി തന്നെ ഉദ്ഘാടനംചെയ്യാന്‍ നിശ്ചയിച്ചപ്പോള്‍ അനൂപ് ജേക്കബ്ബിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ ശിലാഫലകം തകര്‍ത്തു. യുഡിഎഫിന്റെ പൊതുസമീപനമാണിത്. അല്‍പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും എന്ന അവസ്ഥയാണ്. അര്‍ഥം കിട്ടുന്നവഴി അനൂപിന്റെ പാര്‍ടി നേതാവുതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഒരന്വേഷണവും വരില്ലെന്ന് അനൂപിന് ഉറപ്പുണ്ട്. കാരണം, നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയിലാണ് ഉമ്മന്‍ചാണ്ടി.

സ്വയംഭരണസ്ഥാപനങ്ങളെല്ലാം സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ലൈബ്രറികള്‍ക്ക് ഗ്രാന്റ് നല്‍കുന്നില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായി. അത്യന്തം ഗൗരവതരമായ ഈ അവസ്ഥ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കൈകാര്യംചെയ്യുന്ന കാര്യങ്ങള്‍ക്ക് പറ്റിയവരല്ല ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതെന്ന ആക്ഷേപം കേള്‍ക്കുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ചോദ്യത്തോട് പിണറായി പ്രതികരിച്ചു.

വിദേശമദ്യം വില്‍ക്കരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് വില്‍ക്കുന്നു എന്നും പറയുന്ന ശ്രീനാരായണ ഭക്തരുള്ള നാടാണിത്. ബോര്‍ഡ് നിലവില്‍ വന്ന സാഹചര്യത്തില്‍ ദേവസ്വം ചീഫ് കമീഷണറായി കെ ജയകുമാര്‍ തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ഇത് സാങ്കേതികവും നിയമപരവുമായ പ്രശ്നമാണെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതികരിച്ചു. ദേവസ്വംബോര്‍ഡില്‍ എംഎല്‍എമാരുടെ മണ്ഡലത്തില്‍നിന്നുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മത്സരിക്കും. ആരാണ് മത്സരിക്കേണ്ടതെന്ന് എല്‍ഡിഎഫ് ആലോചിക്കുമെന്നും പിണറായി വ്യക്തമാക്കി.

No comments:

Post a Comment