Thursday, June 13, 2013

മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍; സഭയില്‍ ഇറങ്ങിപ്പോക്ക്

സാമ്പത്തികത്തട്ടിപ്പ് കേസുകളിലെ പ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്കിയ   അടിയന്തരപ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം.നിയമസഭയില്‍ നിന്നു ഇറങ്ങിപ്പോയി. ഇടപാടില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണ് സ്റ്റാഫ് അംഗത്തെ സംരക്ഷിക്കുന്നതെന്ന് ഇറ്ങ്ങിപ്പോക്കിനു മുമ്പ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നുവരെ സരിതയെ വിളിച്ചിട്ടുണ്ട്. പിഎയെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം തൃപ്തികരമല്ല- കോടിയേരി പറഞ്ഞു.
രാജു എബ്രഹാമാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. പ്രതിയെ രക്ഷിക്കുന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാജു എബ്രഹാം പറഞ്ഞു.കേസില്‍ ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആദ്യമറുപടി. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളിച്ചതും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ആരോപണ വിധേയനായ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ നീക്കണമെന്ന കോടിയേരിയുടെ ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

സോളാർ തട്ടിപ്പ് അഡീഷണൽ ഡിജിപി എ ഹേമചന്ദ്രൻ അന്വേഷിക്കുമെന്നു അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉച്ചക്ക് ശേഷം സഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒഫീസിനെപ്പറ്റിയുള്ള ആരോപണവും അന്വേഷിക്കും. പക്ഷെ പ്രതിപക്ഷ ആവശ്യം അപ്പോഴും അംഗീകരിച്ചില്ല.

അതേസമയം സരിതയ്ക്ക് യുഡിഎഫ് സര്‍ക്കാരിലെ പല ഉന്നതരുമായും അടുത്ത ബന്ധമുള്ളതായാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും കേന്ദ്രീകരിച്ച് നടക്കുന്ന അവിഹിത ഇടപാടുകളിലേക്കാണ് കോടികള്‍ വെട്ടിച്ച കുറ്റവാളിയുമായുള്ള ബന്ധം വെളിച്ചം വീശുന്നത്. സൗരോര്‍ജ പ്ലാന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ സുതാര്യമുഖംമൂടി വലിച്ചുകീറി. കുറ്റവാളികള്‍ക്കും ഇടനിലക്കാര്‍ക്കും ഭരണസിരാകേന്ദ്രം തുറന്നുകൊടുത്തിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അതിനിടെ, ഫോണ്‍സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്. തട്ടിപ്പുകേസില്‍ ജയിലിലടയ്ക്കപ്പെട്ട സരിത പുറത്തിറങ്ങി വീണ്ടും സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ്. യുഡിഎഫ് മന്ത്രിമാര്‍ ഇവരുടെ സ്ഥാപനത്തിന്റെ ചില ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

തട്ടിപ്പുകേസുകളില്‍ പ്രതിയായിട്ടും സരിതയുടെ സൗരോര്‍ജ പ്ലാന്റ് പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്തുമായാണ് സരിതയും കൂട്ടാളികളും തങ്ങളെ സമീപിച്ചതെന്ന് തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സദാസമയം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലേക്കാണ് സരിത തുടര്‍ച്ചയായി വിളിച്ചത്. അതാകട്ടെ മറ്റൊരാളുടെ മേല്‍വിലാസത്തില്‍ എടുത്ത സിംകാര്‍ഡുപയോഗിച്ചും. മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഫോണിലേക്ക് സരിത വിളിച്ചതിനേക്കാള്‍ കൂടുതല്‍ തവണ തിരിച്ചുവിളിച്ചതാണ് ഗൗരവമേറിയ കാര്യം. തുടര്‍ച്ചയായി സന്ദേശങ്ങളും കൈമാറി. ഔദ്യോഗികവസതിയിലെ ഫോണുകളില്‍നിന്നും സരിതയെ വിളിച്ചു. അറസ്റ്റിലായ ശേഷവും മുഖ്യമന്ത്രിയുടെ ഓഫീസ് സരിതയെ ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള സരിത കൊച്ചിയില്‍ ടീം സോളാര്‍ എന്ന സ്ഥാപനമാരംഭിച്ചശേഷംപണമിടപാടിന് ആ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി. പരാതി പറഞ്ഞവരെ പൊലീസ് ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തി.

deshabhimani

No comments:

Post a Comment