Thursday, June 13, 2013

വിടരുത്, ഈ തട്ടിപ്പുകാരെ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ലാത്തവിധമാണ് സൗരോര്‍ജ പ്ലാന്റ് തട്ടിപ്പുകേസ് മുന്നോട്ടുപോകുന്നത്. ""എന്റെ ഓഫീസ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന്"" ഒരു മുഖ്യമന്ത്രി നടത്തേണ്ട കുമ്പസാരമല്ല. ഉമ്മന്‍ചാണ്ടി അറിയാതെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കഴിവുകെട്ട ഭരണാധികാരിയാണെന്ന് സ്വയം സമ്മതിച്ച് പുറത്തുപോകുകയാണ് അദ്ദേഹത്തിനു മുന്നിലുള്ള വഴി. ഇനി, അതല്ലെങ്കില്‍ കുറ്റവാളികളില്‍ മുമ്പന്‍ താനാണെന്ന യാഥാര്‍ഥ്യം തലകുനിച്ച് സമ്മതിക്കണം; നിയമത്തിനും നീതിന്യായവ്യവസ്ഥയ്ക്കും കീഴടങ്ങണം. ""ഞാന്‍ ഓപ്പണ്‍ ആണ്. ആര്‍ക്കും ഓഫീസില്‍ വരാം. ഓഫീസിലേക്ക് വിളിക്കാം. ദുരുപയോഗം ചെയ്യുമെന്നു കരുതി ആരെയും വിലക്കാനാകില്ല"" എന്നിങ്ങനെയുള്ള ന്യായവാദങ്ങള്‍ ഏതു കുറ്റവാളിയുടെയും നാവിന് വഴങ്ങുന്നതാണ്. പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായ ടെന്നി ജോപ്പന്റെ ഫോണില്‍ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ ലാന്‍ഡ് ഫോണില്‍നിന്നും തട്ടിപ്പുകാരിയുടെ ഫോണിലേക്ക് നിരന്തരബന്ധം എങ്ങനെയുണ്ടായി എന്ന് ജനങ്ങളോട് വിശ്വാസയോഗ്യമായി വിശദീകരിക്കാന്‍ ഈ നിമിഷംവരെ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഭരണത്തിന്റെ അന്തഃപ്പുരത്തില്‍ നടന്ന കൊടുംതട്ടിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലും നിയമസഭയിലും നാടകം കളിച്ച് ഒതുക്കിക്കളയാമെന്ന് ഉമ്മന്‍ചാണ്ടി വ്യാമോഹിക്കുന്നെങ്കില്‍ അത് കേരളത്തില്‍ നടപ്പുള്ള കാര്യമല്ല.

സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ് ഉമ്മന്‍ചാണ്ടി എന്നത് വലതുപക്ഷ മാധ്യമങ്ങള്‍ മഹദ്കാര്യമായി കൊണ്ടാടിയതാണ്; ആ സ്വഭാവം കീര്‍ത്തിയുടെ പെന്‍തൂവലാക്കി അദ്ദേഹത്തിന്റെ തലയില്‍ വച്ചുകൊടുത്തതാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണിലൂടെ ഇത്തരം കള്ളക്കച്ചവടത്തിന്റെയും തട്ടിപ്പിന്റെയും ആസൂത്രണം നടക്കുമായിരുന്നത് ഒഴിവായി; സഹപ്രവര്‍ത്തകരുടെ തലയില്‍ കുറ്റം ചാരിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സൗകര്യമുണ്ടായി എന്നതില്‍ കവിഞ്ഞ മഹത്വമൊന്നും അതിന് ഇല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. "സ്വന്തമായി" മൊബൈല്‍ ഫോണില്ല എങ്കിലും പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന മിക്ക സമയത്തും ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിക്കുന്നതാണ് ജനം കാണാറുള്ളത്. അത് കേരളത്തിലാകുമ്പോള്‍ പേഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പന്റേതാകും; ഡല്‍ഹിയിലാകുമ്പോള്‍ മുഖ്യമന്ത്രിയെ നിഴല്‍പോലെ പിന്തുടരാറുള്ള തോമസ് കുരുവിളയുടേതാകും. ഇവിടെയൊരു സാമ്പത്തികത്തട്ടിപ്പുകാരിയുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെയും പേഴ്സണല്‍ അസിസ്റ്റന്റിന്റെയും ഫോണുകളില്‍നിന്ന് നിരന്തരം കോള്‍ പോയതായാണ് തെളിഞ്ഞത്. മുഖ്യമന്ത്രിയുമായി മാത്രമല്ല, യുഡിഎഫ് സര്‍ക്കാരിലെ പല ഉന്നതരുമായും തട്ടിപ്പുകാരിക്ക് ബന്ധമുള്ളതിന്റെ സൂചനകളും പുറത്തുവന്നു. സിറ്റിങ് മന്ത്രിമാരും ഈയിടെ രാജിവച്ച മന്ത്രിയും ഈ ബന്ധക്കാരുടെ കൂട്ടത്തിലുണ്ട്. കുറ്റവാളികളും ഇടനിലക്കാരുമാണ് നാട് ഭരിക്കുന്നത്. അത്തരക്കാര്‍ എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണങ്ങള്‍ക്കുവേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഭരണസംസ്കാരത്തെയാണ് ഉമ്മന്‍ചാണ്ടി പ്രതിനിധാനം ചെയ്യുന്നത്. വീട്ടില്‍ കൗണ്ടര്‍ തുറന്ന് അഴിമതിപ്പണം പിരിക്കുന്നതും കരാറുകള്‍ക്ക് കണക്കുപറഞ്ഞ് കമീഷന്‍ പറ്റുന്നതും ദിനചര്യയാക്കിയ മന്ത്രിനിരയുടെ മുന്നില്‍ നില്‍ക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടി.

അഴിമതിക്കാരും അസാന്മാര്‍ഗികളുമെന്ന് പേരുകേള്‍പ്പിച്ചവരെയും വാക്കും പ്രവൃത്തിയും കൊണ്ട് സര്‍ക്കാരിന്റെ മുഖത്ത് ചെളിവാരിയെറിയുന്നവരെയും ഒന്നിച്ചുനിര്‍ത്തുന്നതിന്റെ ദുര്‍ഗന്ധമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജീവവായു. സുതാര്യഭരണമെന്ന് ഉമ്മന്‍ചാണ്ടി പറയാറുണ്ട്. തന്റെ ഓഫീസ് എല്ലാവര്‍ക്കും കാണാവുന്നതാണെന്നും അതുകൊണ്ട് മറച്ചുവയ്ക്കാനൊന്നുമില്ലെന്നുമാണ് അധികാരമേറ്റതു മുതല്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ആ സുതാര്യത ജനങ്ങളുടെ കണ്ണില്‍നിന്ന് കൂറ്റന്‍ അഴിമതികളും ദുരൂഹ ഇടപാടുകളും ഒളിപ്പിച്ചുനിര്‍ത്താനുള്ള സൂത്രമാണ് എന്നതില്‍, യുഡിഎഫിന്റെ പബ്ലിക് റിലേഷന്‍സ് സ്ഥാപനങ്ങളായി താണുപോയ ചില മാധ്യമങ്ങള്‍ക്കേ സംശയമില്ലാതുള്ളൂ.

സൗരോര്‍ജ തട്ടിപ്പുവാര്‍ത്തകള്‍ അത്തരക്കാര്‍ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ആണ്. ഭരണത്തിലെ സ്വാധീനവും ഉന്നതാധികാരകേന്ദ്രങ്ങളുമായുള്ള സൗഹൃദവും സ്വാര്‍ഥലാഭത്തിനായി ദുരുപയോഗിച്ചുമാത്രം ശീലമുള്ള അത്തരം മാധ്യമങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെയും പാര്‍ശ്വവര്‍ത്തികളുടെയും അഴിമതിയെക്കുറിച്ച് ശബ്ദമുയര്‍ത്തി സംസാരിക്കാനുള്ള ആര്‍ജവമോ അര്‍ഹതയോ ഇല്ലെന്നതാണ് വാസ്തവം. ചില മാധ്യമസ്ഥാപനങ്ങളെ കേസുകളില്‍നിന്നു രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയുണ്ടാക്കിയ കരാറുകളും അതിന്റെ ഭാഗമായി സര്‍ക്കാരിനോട് അവര്‍ കാണിക്കുന്ന വിനീതവിധേയത്വവും രഹസ്യമല്ല. നഗ്നമായ ഖജനാവ് കൊള്ള, പൊലീസിനെ ദുരുപയോഗിക്കല്‍, ജനങ്ങളുടെ പ്രശ്നങ്ങളോടുള്ള അവഗണന, വികസനത്തോടുള്ള വിപ്രതിപത്തി, തമ്മിലടി- അതിനൊക്കെ പുറമെയാണ് കൊടുംകുറ്റവാളികളുമായുള്ള ചങ്ങാത്തം. ആ ചങ്ങാത്തത്തില്‍നിന്ന് സംസ്ഥാനഭരണത്തിന്റെ നായകന്‍ പോലും വിട്ടുനില്‍ക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന്റെ പൊരുള്‍. തട്ടിപ്പുകേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരു വനിത മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് തെളിവുസഹിതം സ്ഥാപിച്ച് വീണ്ടും തട്ടിപ്പില്‍ വ്യാപൃതയാകുന്നു; അവരുടെ സ്ഥാപനങ്ങള്‍ മന്ത്രിമാര്‍ ഉദ്ഘാടനംചെയ്യുന്നു; സൗരോര്‍ജ പ്ലാന്റ് പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ശുപാര്‍ശക്കത്ത് നല്‍കുന്നു; ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരിയുടെ വക്കാലത്തുമായി മധ്യസ്ഥത്തിനിറങ്ങുന്നു- എന്നിട്ടും താന്‍ "ഓപ്പണ്‍ ആണ്" എന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ കഴിയുന്നെങ്കില്‍ കാണ്ടാമൃഗത്തോടു മത്സരിക്കുന്ന തൊലിക്കട്ടിയുള്ളതിനാലാണത്.

ഇതുവരെ പുറത്തുവന്നത് വന്‍തട്ടിപ്പിന്റെയും മാഫിയാ പ്രവര്‍ത്തനങ്ങളുടെയും ചെറിയൊരു ഭാഗം മാത്രമാണ് എന്നാണറിയുന്നത്. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും സ്വതന്ത്രരാണ്. അവരുടെ മുഖം തെളിയുമ്പോള്‍, കേരളം കണ്ട ഏറ്റവും കടുത്ത അഴിമതിക്കാരായ ഭരണാധികാരികളുടെ തനിനിറമാണ് പുറത്തുവരിക. മാധ്യമസഹായവും അധികാര ദുര്‍വിനിയോഗവും ആയുധമാക്കി ഈ തട്ടിപ്പുകാര്‍ രക്ഷപ്പെടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുമെന്നുറപ്പ്. അതിന് അവരെ അനുവദിക്കാത്തവിധമുള്ള ബഹുജന സമ്മര്‍ദമാണ് ഉയര്‍ന്നുവരേണ്ടത്. ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസുദ്യോഗസ്ഥരെയല്ല; സ്വതന്ത്രവും നീതിപൂര്‍വകവുമായ സംവിധാനത്തെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിക്കേണ്ടത്

deshabhimani editorial

No comments:

Post a Comment