Thursday, June 13, 2013

ഫ്രാന്‍സില്‍ ആകാശ പണിമുടക്ക്

"യൂറോപ്പിന് ഒറ്റ ആകാശം" എന്ന യൂറോപ്യന്‍ യൂണിയന്റെ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പണിമുടക്ക് ആരംഭിച്ചു. മൂന്നു ദിവസത്തെ പണിമുടക്ക് രാജ്യത്തെ വ്യോമഗതാഗതം സ്തംഭനത്തിലേക്ക് നയിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ മുഴുവന്‍ വ്യോമയാന സംവിധാനത്തെയും ലയിപ്പിച്ച് ഒന്നാക്കാനും ഉദാരവല്‍ക്കണ നയങ്ങള്‍ നടപ്പാക്കാനുമുള്ള നീക്കത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരും. ഓസ്ട്രിയ, ബെല്‍ജിയം, ബ്രിട്ടന്‍, ബര്‍ഗേറിയ, ഇറ്റലി തുടങ്ങിയ ഇയു രാജ്യങ്ങളിലെല്ലാം വ്യോമയാന ജീവനക്കാര്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്.

ഫ്രാന്‍സില്‍ പ്രധാന യൂണിയനായ എസ്എന്‍സിടിഎയാണ് പണിമുടക്കിന് ആഹ്വാനംചെയ്തത്. മറ്റ് യൂണിയനുകളും ബുധനാഴ്ച പണിമുടക്കില്‍ അണിചേരും. ചൊവ്വാഴ്ച രണ്ടായിരത്തോളം ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടിവന്നു. ഫ്ളൈറ്റുകള്‍ റദ്ദാക്കാന്‍ വ്യോമയാന അധികൃതര്‍ തന്നെ കമ്പനികളോട് അഭ്യര്‍ഥിക്കുകയായിരുന്നു. കൂടുതല്‍ ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് പാരീസിലെ രണ്ട് വിമാനത്താവളങ്ങള്‍ നടത്തുന്ന എയ്റോപോര്‍ട്സ് ഡി പാരീസ് കമ്പനിയുടെ വക്താവ് അറിയിച്ചു. കണ്‍ട്രോളര്‍മാരുടെ സമരം ഒത്തുതീര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമുഖ വ്യോമയാന കമ്പനിയായ റിയാന്‍എയര്‍ ഇയു കമീഷനോട് അഭ്യര്‍ഥിച്ചു. ഇയുവിന്റെ ഇത്തരം നടപടികള്‍ ദേശീയ നയങ്ങളില്‍ സൃഷ്ടിക്കുന്ന നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ സമരം. ഇയു രാജ്യങ്ങളുടെയാകെ വ്യോമഗതാഗതം ഏകീകരിച്ചാല്‍ വലിയ നേട്ടമാകുമെന്നാണ് ഇയു വാദിക്കുന്നത്. എന്നാല്‍, രാജ്യങ്ങളുടെ വ്യോമയാന സംവിധാനത്തെ തകര്‍ക്കുന്ന ഈ നീക്കം തങ്ങളുടെ ജോലിസുരക്ഷയ്ക്കും ഭീഷണിയാണെന്ന് ജീവനക്കാര്‍ വിശദീകരിക്കുന്നു. ഫ്രാന്‍സില്‍ ഈയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് പ്രമുഖ പണിമുടക്കുകളില്‍ ഒന്നുമാത്രമാണിത്. വ്യാഴാഴ്ച റെയില്‍വേ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും.

തുര്‍ക്കിയില്‍ പ്രക്ഷോഭം തുടരുന്നു

ഇസ്താംബുള്‍: തുര്‍ക്കിയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി റസിപ്പ് തയ്യിപ് എര്‍ദോഗന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, പൊലീസിന്റെ ആക്രമണം ശക്തിയായി തുടരുന്നത് പ്രശ്നപരിഹാരത്തിനുള്ള സാധ്യത തീര്‍ത്തും ഇല്ലാതാക്കി. ഇസ്താംബുളിലെ പ്രക്ഷോഭകേന്ദ്രമായ ജെസി പാര്‍ക്കില്‍നിന്ന് പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ ബുധനാഴ്ചയും പൊലീസ് രംഗത്തിറങ്ങി. രൂക്ഷമായ അടിച്ചമര്‍ത്തലിലൂടെ പാര്‍ക്കിന്റെ ഒരുഭാഗത്തുനിന്ന് പ്രക്ഷോഭകരെ പുറത്താക്കി. രണ്ടാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.

deshabhimani

No comments:

Post a Comment