Thursday, June 20, 2013

ലോകത്ത് അഭയാര്‍ഥികള്‍ നാലരക്കോടി

വിവിധ ലോകരാജ്യങ്ങളില്‍ സംഘര്‍ഷത്തെയും ആഭ്യന്തര കലാപത്തെയുംതുടര്‍ന്ന് അഭയാര്‍ഥികളാക്കപ്പെട്ടത് നാലര കോടിയിലേറെ ജനങ്ങള്‍. 2012 അവസാനംവരെയുള്ള ഐക്യരാഷ്ട്രസംഘടനയുടെ കണക്കാണിത്. 18 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഈ കണക്കുപ്രകാരം 4.52 കോടി അഭയാര്‍ഥികളാണ് ലോകത്താകമാനമുള്ളത്. 1.54 കോടി പേര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പലായനംചെയ്യേണ്ട സ്ഥിതിയുണ്ടായി. 9.37 ലക്ഷം പേര്‍ അഭയം തേടി അലയുകയാണ്. 2.88 കോടി ജനങ്ങള്‍ സ്വന്തം രാജ്യത്തു തന്നെ അഭയാര്‍ഥികളാക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിറിയ, മാലി, കോംഗോ, സുഡാന്‍ എന്നിവിടങ്ങളിലെ കലാപത്തെതുടര്‍ന്ന് പുതുതായി 65 ലക്ഷം പേര്‍ അഭയാര്‍ഥികളായി. അഭയാര്‍ഥികളില്‍ 46 ശതമാനം പേര്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്. രക്ഷിതാക്കളില്‍നിന്ന് ഒറ്റപ്പെട്ട കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. അഭയസ്ഥാനം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് 21,300 കുട്ടികളാണ് അപേക്ഷ നല്‍കിയത്. അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ഇറാഖ്, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് അഭയാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പലായനം ചെയ്യുന്നത്. ലോകത്തെ നാലിലൊന്ന് അഭയാര്‍ഥികള്‍ അഫ്ഗാന്‍കാരനാണ്. പാകിസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ എത്തിയിട്ടുള്ളത്-16 ലക്ഷം പേര്‍.

deshabhimani

No comments:

Post a Comment