Thursday, June 20, 2013

അഴിമതിയുടെ അതിവേഗം

അഴിമതിയും സ്വജനപക്ഷപാതവും എന്നും ഉമ്മന്‍ചാണ്ടിക്ക് അധികാരത്തിന്റെ ഭാഗമാണ്. അധികാരത്തിന്റെ പദവിയും സൗകര്യവും ഉപയോഗിച്ച് സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും ഖജനാവ് കൊള്ളയടിക്കാനും അതില്‍നിന്ന് പങ്ക് പറ്റാനും അവസരമൊരുക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ അധികാരചരിത്രത്തിലെ ഏടുകളാണ്. ജനകീയനെന്ന വ്യാജപ്രതിച്ഛായ സൃഷ്ടിച്ച് തന്ത്രപരമായി എല്ലാ ഉപജാപങ്ങളുടെയും സൂത്രധാരനും പ്രായോജകനുമായി മാറുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. അഴിമതിയാരോപണങ്ങളും കേസുകളും അധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് തേച്ചുമാച്ചുകളയാനും രക്ഷപ്പെടാനും ശ്രമിക്കുന്നതും പതിവുരീതിയാണ്. പാമൊലിന്‍ അഴിമതി മുതല്‍ ഇപ്പോള്‍ അകപ്പെട്ട സോളാര്‍ പാനല്‍ അഴിമതിവരെ ഉമ്മന്‍ചാണ്ടിയുടെ ഈ സൃഗാലതന്ത്രം കാണാന്‍ കഴിയും.

പാമൊലിന്‍ കേസ്

സംസ്ഥാനത്തെ ഭരണ-സാമൂഹ്യരംഗങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കിയ അഴിമതിക്കേസായിരുന്നു പാമൊലിന്‍ കേസ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരുന്ന 1991-92 കാലയളവിലായിരുന്നു അഴിമതി. മലേഷ്യയില്‍നിന്ന് കൂടിയ വിലയ്ക്ക് പാമൊലിന്‍ ഇറക്കുമതിചെയ്തെന്നാണ് കേസ്. ഇതുവഴി ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലന്‍സ് കണ്ടെത്തി. ഹസ്സന്‍ ചെയര്‍മാനായ നിയമസഭാകമ്മിറ്റി ഇടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. സിഎജിയും അഴിമതി പുറത്തുകൊണ്ടുവന്നു. കരുണാകരനായിരുന്നു ഒന്നാം പ്രതി. അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. മുന്‍മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ചീഫ്സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ്സെക്രട്ടറി സഖറിയാ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യസെക്രട്ടറി പി ജെ തോമസ് എന്നിവരടക്കം ഏഴുപേരായിരുന്നു മറ്റു പ്രതികള്‍. ടി എച്ച് മുസ്തഫ തന്നെ കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയെത്തുടര്‍ന്നാണ് തുടരന്വേഷണ ആവശ്യമുയര്‍ന്നത്. അന്ന് ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും പാമൊലിന്‍ ഇറക്കുമതിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുസ്തഫ വാദിച്ചതോടെയാണ് കേസ് വഴിത്തിരിവിലെത്തിയതും ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായതും. കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കീഴിലുള്ള വിജിലന്‍സ്, കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിചിത്ര റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍, വിജിലന്‍സ് ജഡ്ജി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. ഈ ഘട്ടത്തിലാണ് ചീഫ്വിപ്പ് പി സി ജോര്‍ജിനെ ഇറക്കി വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയെ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ജഡ്ജി കേസില്‍ നിന്ന് സ്വയം ഒഴിവായി. പിന്നീട് കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ഇങ്ങനെ അധികാരസ്ഥാനം ഉപയോഗിച്ച് പാമൊലിന്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടി തല്‍ക്കാലം രക്ഷപ്പെട്ടു. തുടര്‍ന്ന് ഞാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്യുകയും അത് ഉത്തരവിനായി മാറ്റിവച്ചിരിക്കുകയുമാണ്്.

സൈന്‍ബോര്‍ഡ് അഴിമതി

റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിലും സ്മാര്‍ട്ട്സിറ്റിക്കായി ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിലുമായി ഉമ്മന്‍ചാണ്ടി 800 കോടി രൂപയുടെ അഴിമതി നടത്തിയതായി കേരള കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ്ബാണ് നിയമസഭയില്‍ ആരോപണമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടം വരുത്തിയ സൈന്‍ബോര്‍ഡ് ഇടപാടിനെപ്പറ്റിയും സ്മാര്‍ട്ട്സിറ്റിക്കുപിന്നിലെ 300 കോടി രൂപയുടെ അഴിമതിയെപ്പറ്റിയും നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ജേക്കബ് വെല്ലുവിളിക്കുകയുംചെയ്തു. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്രനിയമം ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയതിലൂടെ ഖജനാവിന് കുറഞ്ഞത് 500 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് വിജിലന്‍സ് കണ്ടെത്തി. പൊതുമരാമത്തു വകുപ്പിലെ രണ്ട് ചീഫ് എന്‍ജിനിയര്‍മാരും കരാറുകാരനും ഉള്‍പ്പെട്ട ഈ കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മയോട് ആവശ്യപ്പെട്ടു. വിജിലന്‍സ് ചരിത്രത്തിലാദ്യമായാണ് അന്വേഷണം നടക്കുന്നതിനുമുമ്പുതന്നെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ കരാറുകാരന് കരാര്‍ നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും കേസ് പിന്‍വലിക്കുന്നത് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിജിലന്‍സ് വ്യക്തമാക്കിയിട്ടും ഉമ്മന്‍ചാണ്ടി പിന്മാറിയില്ല. വിജിലന്‍സിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പായി 2006 മെയ് ആറിന് കേസ് പിന്‍വലിച്ചതായി ഉമ്മന്‍ചാണ്ടി ഉത്തരവും പുറപ്പെടുവിച്ചു.

ടൈറ്റാനിയം അഴിമതി

226 കോടിയുടെ ടൈറ്റാനിയം അഴിമതിക്കേസിനും ഇതേ ഗതിതന്നെയായിരുന്നു. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനമുണ്ടാക്കുന്നതിന്റെ പേരില്‍ നടന്നതായിരുന്നു വന്‍ അഴിമതി. 250 കോടിയുടെ ഈ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള പങ്കിനെക്കുറിച്ച് ആദ്യം പറഞ്ഞത് മന്ത്രിസഭാംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്രമരഹിതമായി കാര്യങ്ങള്‍ നീക്കാന്‍ വിസമ്മതിച്ച തന്നെ അതേകാരണംകൊണ്ടുതന്നെ മന്ത്രിസഭയില്‍നിന്ന് നീക്കുകയും അഴിമതിയുമായി മുന്നോട്ടുപോകുകയുമാണ് ചെയ്തതെന്നും കെ കെ രാമചന്ദ്രന്‍ വെളിപ്പെടുത്തി. അഴിമതിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ക്രമരഹിതമായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടപെട്ടതിന്റെയും ചില പ്രത്യേക വ്യക്തികളോടും സ്ഥാപനങ്ങളോടും അവിഹിത താല്‍പ്പര്യം കാട്ടിയതിന്റെയും അനിഷേധ്യമായ തെളിവുകള്‍ ഉയര്‍ന്നുവന്നിരുന്നു. സംസ്ഥാന ഖജനാവിന് വന്‍നഷ്ടം വരുത്തി ചില പ്രത്യേകകൂട്ടര്‍ക്ക് ആനുകൂല്യം ചെയ്തുകൊടുക്കുകയായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ഉമ്മന്‍ചാണ്ടി ചെയ്തതെന്നാണ് രേഖകളിലൂടെ, തെളിവുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പച്ചക്കൊടിപോലും കിട്ടാതിരിക്കെ, അതുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പദ്ധതി കരാറുറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി വ്യഗ്രത കാട്ടിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. അന്വേഷണം നീണ്ടപ്പോള്‍ വിജിലന്‍സ് കോടതിക്ക് അന്ത്യശാസനം പുറപ്പെടുവിക്കേണ്ടി വന്നു. ഒടുവില്‍ ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും ഒഴിവാക്കി ഉദ്യോഗസ്ഥരെമാത്രം പ്രതിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ് തടിയൂരി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി

ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞാണ് വിവരം പുറംലോകം അറിഞ്ഞത്. ദൃശ്യങ്ങള്‍ പൂഴ്ത്താന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ ഇരുവരെയും ഓഫീസില്‍നിന്ന് മാറ്റി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരും കംപ്യൂട്ടര്‍ സെല്ലില്‍ ജീവനക്കാരനുമായ രമേശ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിലായിരുന്ന സുനില്‍ എന്നിവരാണ് കൈക്കൂലി വാങ്ങിയത്. നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ശക്തമായ തെളിവായിട്ടും ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന ഫയലുകളുടെ നീക്കം ചോര്‍ത്തിക്കൊടുത്താണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. ഓഫീസിലെ ഉന്നതരായ രണ്ടുപേരാണ് ഇവര്‍ക്ക് ഫയല്‍ വിവരം കൈമാറിയത്. കൈക്കൂലി വാങ്ങുന്ന ദൃശ്യത്തിന്റെ സിഡി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചെങ്കിലും വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥന്‍ ഇടപെട്ട് പൂഴ്ത്തി. കൈക്കൂലി നല്‍കിയ ഒരാള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന്് സിഡി പരിശോധിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഫയലുകളുടെ വിവരം കൈക്കൂലിക്കാരായ ജീവനക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത ഉന്നതര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള വന്‍ അഴിമതിയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടിയത്. എല്ലാം സുതാര്യമെന്നവകാശപ്പെട്ട് ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തത്.

സൗരോര്‍ജ പാനല്‍ അഴിമതി 

സെക്രട്ടറിയറ്റും പരിസരവും ഇടനിലക്കാരും ബിനാമികളും കൈയടക്കിയിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ കേരളത്തെ ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്ത സൗരോര്‍ജ പാനല്‍ അഴിമതി. വന്‍ അഴിമതിയും അവിഹിത ഇടപെടലും അരങ്ങേറിയ സംഭവത്തില്‍ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ബലിയാടാക്കി തടിയൂരാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി സ്ഥിരമായി ഉപയോഗിക്കുന്ന പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ ഫോണില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണില്‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടുമായി തട്ടിപ്പുകാരി സരിത എസ് നായരെ 70 തവണ വിളിച്ചതിനെപ്പറ്റി എഡിജിപി ടി പി സെന്‍കുമാര്‍തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പോയ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനിലടക്കം തട്ടിപ്പുകാരിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അനിഷേധ്യതെളിവുകളും പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂറിലേറെ സമയം കൂടിക്കാഴ്ച നടത്തിയ കാര്യം ഉമ്മന്‍ചാണ്ടിതന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ സരിത നായരെ ഫോണ്‍ വിളിച്ചത് പേഴ്സണല്‍ സ്റ്റാഫാണെന്നു പറഞ്ഞ് അവരെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂര്‍ നേരിട്ട് സംസാരിച്ച ഉമ്മന്‍ചാണ്ടിക്ക് എന്ത് ശിക്ഷ നല്‍കിയാല്‍ മതിയാകും? പ്രതികളുമായി ബന്ധപ്പെട്ട പേഴ്സണല്‍ സ്റ്റാഫും ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയായ "പാവം പയ്യനും" വന്‍തോതില്‍ പണം സമ്പാദിച്ച കാര്യം നാട്ടില്‍ പാട്ടാണ്. ഉമ്മന്‍ചാണ്ടിയെ ഒട്ടിനിന്ന് കാട്ടിക്കൂട്ടിയ അഴിമതിയുടെ പങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ വിഹിതം എന്താണ്?

ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കോടികളുടെ വെട്ടിപ്പാണ് പുറത്തുവരുന്നത്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല. മുന്‍ അഴിമതിക്കേസുകളിലെന്നപോലെ ഇതും ഭരണസ്വാധീനം ഉപയോഗിച്ച് തേച്ചുമാച്ചുകളയാനുള്ള നീക്കമാണ് നടക്കുന്നത്. ഫോണ്‍വിളികളും പ്രതികളുമായുള്ള ബന്ധപ്പെടലും സംബന്ധിച്ച് യുക്തിസഹമായ ഒരു ന്യായീകരണവും നിരത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. നുണ പറഞ്ഞും പുകമറ സൃഷ്ടിച്ചും പിടിച്ചുനില്‍ക്കാനും കേസില്‍നിന്ന് രക്ഷപ്പെടാനുമുള്ള കുറുക്കന്‍ തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. ഏറെനാള്‍ ഇങ്ങനെ ജനങ്ങളെ പറ്റിക്കാന്‍ കഴിയുമെന്ന് കരുതേണ്ട. രാഷ്ട്രീയധാര്‍മികതയോടും നിയമവാഴ്ചയോടും ബഹുമാനമുണ്ടെങ്കില്‍ ഒരു നിമിഷം വൈകാതെ ഉമ്മന്‍ചാണ്ടി രാജിവയ്ക്കുകയും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കെല്ലാം ബോധ്യപ്പെടുന്ന തരത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുകയുമാണ് ചെയ്യേണ്ടത്.

വി എസ് അച്യുതാനന്ദന്‍ deshabhimani

No comments:

Post a Comment