Friday, June 21, 2013

ലൈംഗികാരോപണം; മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടു

സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അവിഹിത ബന്ധത്തിന്റെ വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ ലൈംഗിക ആരോപണവും. ആരോപണത്തെത്തുടര്‍ന്ന് കെ പി ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു. എന്നാല്‍ ഗിരീഷ് കുമാര്‍ മുഖ്യമന്ത്രിയുടെ കോള്‍ സെന്ററില്‍ കരാര്‍ അടിസ്ഥാത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനാണെന്നാണ് വിശദീകരണം.

സുതാര്യ കേരളം പരിപാടിയില്‍ പരാതിപറയാന്‍ വിളിച്ച സര്‍ക്കാര്‍ ജീവനക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതാണ് പരാതിക്കിടയാക്കിയത്. തുടര്‍ന്ന് ഗിരീഷ് കുമാര്‍ ഉണ്ണിക്കൃഷ്ണന്‍, ജാഫര്‍ എന്നിവര്‍ക്ക് ജീവനക്കാരിയുടെ നമ്പര്‍ കൈമാറി. ഇതോടെ ഇരുവരും നിരന്തരം ഇവരെ ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. കടുത്ത അപമാനം നേരിട്ടതോടെ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ സ്ത്രീ മെയ് 25ന് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും ഓഫീസ് ജീവനക്കാരനെതിരായ പരാതി മുഖ്യമന്ത്രി മുക്കുകയായിരുന്നു. നടപടിയുണ്ടാകാതിരുന്നതോടെ ക്രൈംബ്രാഞ്ചിലും ഇവര്‍ പരാതി നല്‍കിയിരുന്നു.

19ന് തന്നെ ഗിരീഷ് കുമാറിറിനെ പിരിച്ചുവിട്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ കൈരളി-പീപ്പിള്‍ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടയേതാടെയാണ് ഗിരീഷിനെ നേരത്തെ പുറത്താക്കിയെന്ന പത്രക്കുറിപ്പ് പുറത്തിറക്കിയത്. വാര്‍ത്തയെത്തുടര്‍ന്ന് ചാനല്‍ പ്രതിനിധികള്‍ ഗിരീഷിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഇയാള്‍ കോള്‍സെന്ററില്‍ ജോലി തുടരുകയാണെന്നാണ് വ്യക്തമാക്കിയത്. വെള്ളിയാഴ്ചയും ജോലിക്കെത്തിയ ജീവനക്കാരനെയാണ് 19ന് പിരിച്ചുവിട്ടെന്ന് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്. മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യം പുറത്തുവിട്ട വിശദീകരണത്തില്‍ പരാതിക്കാരിയുടെ പേര് പരാമര്‍ശിച്ചതും വിവാദമായി. പിന്നീട് ഇവരുടെ പേര് പിന്‍വലിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാവിധ കൊള്ളരുതായ്മയുടെയും കേന്ദ്രമായി മാറിയെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി പ്രതികരിച്ചു. കരിമ്പട്ടികയില്‍പ്പെടുത്തി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ശക്തമായ നടപടിയെടുക്കണമെന്നുമായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പ്രതികരണം.

ഗിരീഷ് മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം തന്നെ

തിരു: ലൈംഗിക വിവാദത്തെ തുടര്‍ന്ന് പുറത്തായ കെ പി ഗിരീഷ് കുമാര്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമല്ലെന്ന വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ കോള്‍ സെന്ററില്‍ കരാര്‍ അടിസ്ഥാത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനാണ് ഗിരീഷെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

 എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഇറക്കിയ മീഡിയ ഹാന്റ്ബുക്കില്‍ ഗിരീഷ് പേഴ്സണല്‍ സ്റ്റാഫില്‍ ക്ലര്‍ക്കാണ്. ഹാന്റ്ബുക്കിന്റെ പതിനഞ്ചാം പേജില്‍ ഗിരീഷിന്റെ പേരുണ്ട്.

ഗിരീഷിനെ 19നുതന്നെ പിരിച്ചുവിട്ടിരുന്നെന്ന വാദവും കളവാണെന്നാണ് സൂചന. കൈരളി-പീപ്പിള്‍ ചാനലില്‍ നിന്ന് രാവിലെ ബന്ധപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ താന്‍ ജോലിയിലുണ്ടെന്നും ആരോപണത്തെപ്പറ്റി അറിയില്ലെന്നുമാണ് ഗിരീഷ് പ്രതികരിച്ചത്.

deshabhimani

No comments:

Post a Comment