സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ അനര്‍ട്ട് വഴി നല്‍കുന്ന സബ്സിഡി ഘടനയും സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ പരിഷ്കരിച്ചു. രണ്ടുലക്ഷം രൂപ മുടക്കുന്നവര്‍ക്കുമാത്രമായി പദ്ധതി പരിമിതപ്പെടുത്തിയാണ് തട്ടിപ്പിന് സൗകര്യമൊരുക്കിയത്. 1000 വാട്ട് ശേഷിയുള്ള സൗരോര്‍ജ പാനല്‍ വയ്ക്കുന്നവര്‍ക്കേ സബ്സിഡി ലഭിക്കൂ. അനര്‍ട്ടിന്റെ സബ്സിഡികളെല്ലാം നിര്‍ത്തി. സ്വകാര്യ ഏജന്‍സികളെ മാത്രം പാനല്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തി. 10,000 വീടുകളില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതിക്കാണ് ഈ വര്‍ഷം രൂപം നല്‍കിയത്. കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യാനാണ് പദ്ധതി ആസൂത്രണം ചെയ്തത്.
കേരളത്തിനകത്തും പുറത്തുമുള്ള 15 കമ്പനികള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരം 92,262 രൂപയാണ് സബ്സിഡി നല്‍കിയത്. 53,262 രൂപ കേന്ദ്രവിഹിതവും 39,000 രൂപ സംസ്ഥാന വിഹിതവുമാണ്്. 1,77,541 രൂപമുതല്‍ 2,05,500 രൂപവരെ കമ്പനികള്‍ ഈടാക്കും. 100 വാട്സിന്റെ ഒരു പാനലിന് പാനലിന് 6,000 മുതല്‍ 10,000 രൂപവരെയാണ്. ഗുണമേന്‍മയുള്ള പാനല്‍ ഉപയോഗിച്ചാലും ഒന്നരലക്ഷമേ 1000 വാട്സിന്റെ പാനല്‍ സ്ഥാപിക്കാന്‍ ചെലവ് വരൂ. ചൈനീസ് പാനല്‍ ഉപയോഗിച്ചാല്‍ ചെലവ് ഇതിലും കുറയും. സബ്സിഡിയില്ലാതെ പാനല്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ ഒന്നരലക്ഷത്തോളം രൂപമാത്രം ഈടാക്കുമ്പോഴാണ് സര്‍ക്കാരിന്റെ രണ്ടുലക്ഷം രൂപയുടെ പദ്ധതി. നിശ്ചയിച്ച തുക കൂടുതലാണെന്ന് നേരത്തെ കെഎസ്ഇബിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സ്വകാര്യകമ്പനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വന്‍ തുക നിശ്ചയിച്ചു. ഒരുലക്ഷംരൂപയുടെ സബ്സിഡിയുണ്ടെന്ന വിശ്വസിപ്പിച്ചാണ് സ്വകാര്യകമ്പനികള്‍ സമീപിക്കുന്നത്. സര്‍ക്കാര്‍ പട്ടികയിലില്ലാത്ത ബിജു രാധാകൃഷ്ണനും സരിത എസ് നായരും നടത്തുന്ന തട്ടിപ്പ് കമ്പനികളും ഈ വാഗ്ദാനം നല്‍കി പണംതട്ടി. വീട്ടാവശ്യത്തിനുള്ള മുഴുവന്‍ വൈദ്യുതിയും ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന പ്രലോഭനത്തിലാണ് പലരും വീഴുന്നത്. ഗുണനിലവാരം കുറഞ്ഞ പാനലുകള്‍ സ്ഥാപിച്ച് വലിയ തുക വാങ്ങിയെടുക്കുന്ന തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്വകാര്യകമ്പനികള്‍ വാഗ്ദാനം ചെയ്ത വൈദ്യുതി ലഭിക്കാത്ത അനുഭവമാണ് പലര്‍ക്കും. അഞ്ചുമാസത്തോളമായി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലത്തും പാനല്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കെഎസ്ഇബി ചെയര്‍മാന്‍ വിളിച്ച യോഗത്തില്‍ എല്ലാ ജില്ലയിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ പറ്റിയ സ്ഥലങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ പദ്ധതിയും സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാനാണ് ആലോചന. ഇതിനുള്ള ഓര്‍ഡര്‍ വാങ്ങിയെടുക്കാന്‍ സരിത എസ് നായര്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ സന്ദര്‍ശിച്ച വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്.
(എം ഒ വര്‍ഗീസ്)
deshabhimani
No comments:
Post a Comment