Tuesday, June 18, 2013

ഭരണകക്ഷിയുടെ കൊള്ളരുതായ്മയ്ക്ക് സ്പീക്കര്‍ കൂട്ടുനില്‍ക്കുന്നു: വിഎസ്

നിയമസഭയ്ക്കുള്ളില്‍ ഭരണകക്ഷിയുടെ കൊള്ളരുതായ്മയും അഴിമതിയും ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തെ അനുവദിക്കാതെ സ്പീക്കര്‍ ഭരണകക്ഷിയുടെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നിയമസഭാ കവാടത്തില്‍ പ്രതിപക്ഷം നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ 5 മിനിറ്റ് കൊണ്ട് സഭാനടപടികള്‍ അവസാനിപ്പിച്ച് ഭരണപക്ഷത്തെ രക്ഷിക്കുന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്.

സഭയില്‍ പറയാന്‍ കഴിയാത്തത് ജനങ്ങളോട് പറയാനാണ് ഇത്തരത്തിലുള്ള പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ഇത്രയും വലിയ കുംഭകോണം കേരളം കണ്ടിട്ടില്ല. ഇത് ചര്‍ച്ച ചെയ്യാതെ ജനങ്ങളുടെ കയ്യില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം പരാജയപ്പെടും. എല്ലാവിഭാഗം ജനങ്ങളും ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൊള്ളയടിച്ച സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. വിജ്ഞാന്‍ ഭവനില്‍ വച്ച് സരിതയോടും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് ബിജുവിനോടും ഉമ്മന്‍ചാണ്ടി രഹസ്യസംഭാഷണം നടത്തി. ഒരു ദിവസം മുന്‍പെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടക്കേണ്ട കൊടും ക്രിമിനലായ ബിജുവുമായി പൊലീസ് സംരക്ഷണയില്‍ മുഖ്യമന്ത്രി രഹസ്യമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. ഭാര്യാഘാതകനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

വസ്തുതകള്‍ തുറന്ന് പറയാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും ഇത്തരം സമരങ്ങള്‍ തുടരും. പകര്‍ച്ചവ്യാധികള്‍ കൊണ്ട് സംസ്ഥാനത്ത് ജനങ്ങള്‍ മരണപ്പെടുമ്പോള്‍ അവരുടെ കുടുംബങ്ങള്‍ക്കായി സമാശ്വാസ നടപടികള്‍ സ്വീകരിക്കാതെ അഴിമതിക്കാരായ തട്ടിപ്പുകാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനതാല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രതിപക്ഷ പ്രതിഷേധത്തിനുണ്ടെന്നും വിഎസ് പറഞ്ഞു.

deshabhimani

No comments:

Post a Comment