Wednesday, June 19, 2013

ജോര്‍ജ്ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കണം: വി എസ്

ടീം സോളാര്‍ 10000 കോടി രൂപയുടെ അഴിമതി നടത്തിയതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭക്കുമുനനില്‍ നടത്തുന്ന കുത്തിയിരുപ്പ് സമരത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം

. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ മുഖ്യമന്ത്രിതന്നെ പുറത്താക്കി. ഇത് തെളിയിക്കുന്നത് അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട് എന്നാണ്.ഈ സംഭവത്തില്‍ മുഖ്യന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭക്കകത്തും പുറത്തു പ്രതിപക്ഷം സമരത്തിലാണ്. എന്നാല്‍ ചര്‍ച്ചപോലും ചെയ്യാതെ സംഭവം ഒതുക്കാനാണ് മുഖ്യമന്ത്രിയും മറ്റും ശ്രമിക്കുന്നത്. അടിയന്തരപ്രമേയം അവതരിപ്പിച്ചാല്‍ അതില്‍ പങ്കെടുത്ത് സംസാരിക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിപക്ഷം വായില്‍തോന്നിയതാണ് പറയുന്നതെന്നാണ് ആഭ്യന്തരമന്ത്രിയുടെ മറുപടി. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. ടിയര്‍ഗ്യാസ് ഉപയോഗിച്ച് അഴിമതി മറച്ചുവെക്കാനാണ് നീക്കമെന്നും വി എസ് പറഞ്ഞു.

അതേ സമയം അടിയന്തരപ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങളല്ല വി എസ് സുനില്‍കുമാര്‍ സഭയില്‍ പറഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സമരം അക്രമാസക്തമായതിനാലാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. ഉമ്മന്‍ചാണ്ടിയുടെ വസതിക്കുമുന്നില്‍ സോളാര്‍ പാനല്‍ വെച്ചത് അനര്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും പ്രക്ഷുബ്ധം: സഭ പിരിഞ്ഞു

തിരു: സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് സഭ ഇന്നും പ്രക്ഷുബ്ധമായി. പ്ലാക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. സോളാര്‍ അഴിമതി അന്വേഷിക്കണമെന്ന അടിയന്തരപ്രമേയം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതോടെ പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു. എന്നാല്‍ ശൂന്യവേളയില്‍ തിരുവഞ്ചുരിന്റെ മറുപടിക്കുശേഷം സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം ദിവസവും സ്തംഭിച്ച സഭ രാവിലെ പത്തേകാലോടെ പിരിഞ്ഞു. പ്രതിപക്ഷം പ്രകടനമായി പുറത്തെത്തി സഭയ്ക്കുമുന്നില്‍ ധര്‍ണ നടത്തി.

ടീം സോളാറുമായി ബന്ധപ്പെട്ട് 10000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. വി എസ് സുനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്കെതിരായ അന്വേഷണം അഭ്യന്തരമന്ത്രി വഴിതെറ്റിക്കുകയാണെന്നും തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയുടെ വിനീതവിധേയനായ തൊമ്മിയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട രണ്ടുപേരെ കുരുതി കൊടുത്ത് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഒരു മണിക്കൂര്‍ നേരം കുടുംബപ്രശ്നങ്ങള്‍ സംസാരിക്കാനുള്ള എന്ത് ബന്ധമാണ് ബിജുവുമായി മുഖ്യമന്ത്രിക്കുള്ളത്. അഴിമതിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാരെ വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ടിയര്‍ഗ്യാസുമായാണ് സര്‍ക്കാര്‍ നേരിടുന്നത്. അങ്ങനെ മര്‍ദ്ദിച്ചൊതുക്കാമെന്ന് കരുതേണ്ട. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയാണ് ആവശ്യമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ടീം സോളാറിന് സര്‍ക്കാര്‍ 10 രൂപയുടെ ഓര്‍ഡര്‍പോലുംനല്‍കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. പ്രതിപക്ഷം സഭയില്‍ വായില്‍ തോന്നിയത് പറയുകയാണെന്ന് മറുപടിക്കിടെ തിരുവഞ്ചൂര്‍ പറഞ്ഞത് ബഹളം കൂട്ടാനിടയാക്കി.പിന്നീട് മന്ത്രി ഇത് പിന്‍വലിച്ചു. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയും ചെയ്തു.

deshabhimani

No comments:

Post a Comment