Wednesday, June 19, 2013

ജംബോ മന്ത്രിസഭ

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മന്ത്രി സഭയ്ക്കാണ് കഴിഞ്ഞദിവസത്തെ അഴിച്ചുപണിയിലൂടെ ഡോ. മന്‍മോഹന്‍സിങ് രൂപംനല്‍കിയത്. പ്രധാനമന്ത്രി ഉള്‍പ്പെടെ എഴുപത്തെട്ടുമന്ത്രിമാര്‍. അതില്‍തന്നെ മുപ്പത്തിരണ്ടുപേര്‍ക്ക് ക്യാബിനറ്റ് പദവി. പതിനൊന്നംഗങ്ങളുള്ള ക്യാബിനറ്റുകൊണ്ട് രാജീവ്ഗാന്ധി ഈനാട് ഭരിച്ചിട്ടുണ്ട്. പതിമൂന്നംഗങ്ങള്‍വീതമുള്ള ക്യാബിനറ്റുകള്‍കൊണ്ട് ഇന്ദിരാഗാന്ധിയും പതിനേഴംഗ ക്യാബിനറ്റുകൊണ്ട് മൊറാര്‍ജിദേശായിയും ഭരണം നടത്തിയിട്ടുണ്ട്. ഡോ. മന്‍മോഹന്‍സിങ്ങിന് അതൊന്നുംപോരാ എന്നുവന്നിരിക്കുന്നു.

ക്യാബിനറ്റ് കൗണ്‍സില്‍തന്നെ രാജീവ്ഗാന്ധിയുടേതിന്റെ മൂന്നിരട്ടി വലുപ്പമുള്ളതാവണമെന്നുവന്നിരിക്കുന്നു. ഒരു ജംബോ മന്ത്രിസഭ! അഴിമതിക്കുള്ള ഏറ്റവും വലിയ ഉപാധിയായി അധികാരത്തെ കാണുന്നവര്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഴിമതി നടത്താനുള്ള സാഹചര്യം ഉണ്ടാവട്ടെ എന്നുകരുതുന്നതാവാം മന്ത്രിസഭയുടെ റെക്കോഡ് വലുപ്പത്തിനുപിന്നിലുള്ള കാരണങ്ങളിലൊന്ന്. ലക്ഷക്കണക്കിന് കോടികളിലേക്ക് കുംഭകോണങ്ങളെ വളര്‍ത്തി റെക്കോഡിട്ട കൂട്ടരാണല്ലോ കേന്ദ്രം ഭരിക്കുന്നത്! ഭരണനൈപുണിയോ പ്രദേശപരമായ സമതുലിതാവസ്ഥ സ്ഥാപിക്കാനുള്ള താല്‍പ്പര്യമോ ഒന്നുമല്ല അഴിച്ചുപണിക്കു പിന്നിലുള്ളത്. വരാന്‍ പോവുന്ന പൊതുതെരഞ്ഞെടുപ്പും ചില സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയുള്ളതാണ് ഈ അഴിച്ചുപണി. സംസ്ഥാനങ്ങളില്‍ വിമത ഭീഷണി ഉയര്‍ത്താനിടയുള്ളവര്‍ക്കൊക്കെ മന്ത്രിക്കസേര!

ജാതിമതശക്തികളെ പ്രീണിപ്പിക്കാന്‍ പാകത്തില്‍ മന്ത്രിസ്ഥാന വീതംവയ്പ്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണമുണ്ടാക്കാന്‍ പാകത്തില്‍ അധികാരം ദുരുപയോഗിക്കാന്‍ കഴിയുന്ന കൂടുതല്‍പേരെ മന്ത്രിയാക്കല്‍. ഇതൊക്കെയാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെയും നയിക്കുന്ന ചേതോവികാരങ്ങള്‍. അതിന്റെ ജീര്‍ണിച്ച ഉല്‍പ്പന്നമാണ് ഈ റെക്കോഡ് ജംബോ മന്ത്രിസഭ. എണ്‍പത്തഞ്ചുവയസ്സുള്ള സീസ് റാം ഓലയെ മന്ത്രിസഭയിലെടുത്തത് രാജസ്ഥാനിലെ ജാട്ട്വോട്ടുകളെ സ്വാധീനിക്കാന്‍. അപമാനകരമായ സാഹചര്യങ്ങളില്‍ 2008ല്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍നിന്നു പുറത്തായ മണിക്റാവു ഗാവിട്ടിനെ തിരിച്ചുകൊണ്ടുവന്നത് മഹാരാഷ്ട്രയിലെ ആദിവാസി വോട്ടുകളെ സ്വാധീനിക്കാന്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റെയില്‍വേ മന്ത്രിസ്ഥാനം കൊടുത്തത് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനുമേല്‍ അവകാശവാദമുന്നയിക്കാതിരുന്നതിനുള്ള പ്രത്യുപകാരം.

ഗിരിജാവ്യാസിനെ കേന്ദ്രത്തിലേക്കെടുത്തത് രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ മുഖ്യമന്ത്രിസ്ഥാനത്തിന് ഭീഷണി ഉയര്‍ത്താതിരിക്കാന്‍. കവുരു സാംബശിവറാവുവിന് ടെക്സ്റ്റൈല്‍സ് മന്ത്രിസ്ഥാനം നല്‍കിയത് ചന്ദ്രബാബു നായിഡുവിന്റെ ഖമ്മ സമുദായ പിന്തുണയില്‍ പിളര്‍പ്പുണ്ടാക്കാന്‍. ഇങ്ങനെ ഓരോ മന്ത്രിനിയമനത്തിനും പിന്നിലുള്ളത് സങ്കുചിതരാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്നും ദേശതാല്‍പ്പര്യങ്ങളല്ലെന്നും മനസിലാക്കാന്‍ വിഷമമില്ല. മന്ത്രിസഭയില്‍ പുതുതായി വന്നവരിലേറെയും അഴിമതിയുടെ കറപുരണ്ട പശ്ചാത്തലമുള്ളവരാണ്. ആ പശ്ചാത്തലമുള്ളവരെക്കൊണ്ട് തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് വേണ്ടതിലധികം പണം വാരിക്കൂട്ടിക്കാം എന്നതാണ് കണക്കുകൂട്ടല്‍. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിച്ചിരിക്കുന്ന ഘട്ടത്തില്‍പോലും ഭരണം കാര്യക്ഷമമാക്കുക എന്ന കാര്യം അജന്‍ഡയിലില്ല. പ്രാദേശിക അസന്തുലിതാവസ്ഥ ഇതേപോലെ മുമ്പൊരു മന്ത്രിസഭയിലും പ്രതിഫലിച്ചിട്ടില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 33 ലോക്സഭാംഗങ്ങളെ നല്‍കിയ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. അവിടെനിന്ന് പതിമൂന്ന് മന്ത്രിമാര്‍. ഓരോ നാലാം എംപിയും മന്ത്രി! പത്ത് എംപിമാരുള്ള (ലോക്സഭയിലെ ഏഴും രാജ്യസഭയിലെ മൂന്നും) ഓരോ രണ്ടാം എംപിയും മന്ത്രി! എട്ട് കോണ്‍ഗ്രസ് ലോക്സഭാംഗങ്ങളുള്ള തമിഴ്നാട്ടില്‍നിന്നുള്ള നാലുപേരും ക്യാബിനറ്റ് മന്ത്രിമാര്‍.

അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട പല ഭാഗങ്ങള്‍ക്കും പേരിനുപോലും മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. വടക്കുകിഴക്കന്‍ മേഖലയ്ക്ക് നാമമാത്രമായ പ്രാതിനിധ്യംമാത്രം. ആന്ധ്രാപ്രദേശില്‍ വൈ എസ് ജഗ്മോഹന്‍റെഡ്ഡി ഉയര്‍ത്തുന്ന ഭീഷണി മറികടക്കാനാണ് 44 എംപിമാരുള്ളതില്‍ (31 ലോക്സഭ, 13 രാജ്യസഭ) പതിമൂന്നുപേരെയും മന്ത്രിമാരാക്കിയിട്ടുള്ളത്. ഭരണകാര്യക്ഷമത മാനദണ്ഡമേ അല്ലാത്തവിധം ഇത്തരമൊരു മന്ത്രിസഭാ അഴിച്ചുപണി അത്യപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. ധനസമാഹരണം, ജാതിപ്രീണനം എന്നിവ മുഖ്യമാനദണ്ഡങ്ങളായപ്പോള്‍ ഭരണകാര്യക്ഷമത കണക്കിലെടുക്കേണ്ട കാര്യമേ അല്ല എന്നായി. പൊതുതെരഞ്ഞെടുപ്പുകളില്‍ ഉത്തരേന്ത്യയിലെവിടെയും പച്ചതൊടില്ല എന്ന കാര്യം കോണ്‍ഗ്രസ് സമ്മതിച്ചുകഴിഞ്ഞതുപോലുണ്ട്. കുറെ മന്ത്രിമാരെ നിയമിച്ച് തെക്കേഇന്ത്യയില്‍നിന്ന് കുറെ സീറ്റുനേടിയെടുക്കാനാവുമോ എന്ന് നോക്കുകയാണീ അഴിച്ചുപണിയിലൂടെ.

തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള ഈ കപടനാടകം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നതിന് ചരിത്രം എത്രയോ ഉദാഹരണങ്ങള്‍ മുമ്പോട്ടുവച്ചിട്ടുണ്ട്. ചരിത്രത്തിനുനേര്‍ക്ക് കണ്ണടയ്ക്കുന്ന കോണ്‍ഗ്രസിനും അതിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്കും പക്ഷേ, അത് കാണാനാവുന്നില്ല. യുപിഎതന്നെ പൊളിഞ്ഞമട്ടാണ്. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, ശരത്പവാറിന്റെ എന്‍സിപി, അജിത്സിങ്ങിന്റെ ആര്‍എല്‍ഡി എന്നീ ചെറുപാര്‍ടികളേ അതിലുള്ളൂ. ജെഡിയു നാളെ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍തന്നെ ബിഹാറിലെ വലിയ പങ്ക് സീറ്റുകളിലും അവര്‍തന്നെയാവും മത്സരിക്കുക; കോണ്‍ഗ്രസാവില്ല. തൃണമൂല്‍ മുതല്‍ ഡിഎംകെവരെ വിട്ടുപോയ സാഹചര്യത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന പരിഭ്രാന്തികൂടി പ്രതിഫലിച്ചുകാണുന്നുണ്ട് ഈ മന്ത്രിസഭാ അഴിച്ചുപണിയില്‍.

deshabhimani editorial

No comments:

Post a Comment