ഡയറക്ടറെ ചൊല്ലി കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള പോരില്‍ പ്രവര്‍ത്തനം അവതാളത്തിലായ സംസ്ഥാന സാക്ഷരതാ മിഷന് ബജറ്റ്വിഹിതമായി അനുവദിച്ച 12 കോടി രൂപ പാഴാകുന്നു. ആസൂത്രിത പദ്ധതികള്‍ യഥാസമയം നടപ്പാക്കാത്തതിനാല്‍ സാമ്പത്തികവര്‍ഷാവസാനമായ മാര്‍ച്ച് 31നകം തുക ചെലവഴിക്കാനാവാത്തതുമൂലമാണിത്. ആകെ അനുവദിച്ച 16 കോടി രൂപയില്‍ നാലുകോടി മാത്രമാണ് ഈ വര്‍ഷം മിഷന്‍ ചെലവഴിച്ചത്.
വിദ്യാഭ്യാസവകുപ്പ് മുസ്ലിംലീഗിനു കീഴിലാണെങ്കിലും മിഷന്‍ ഡയറക്ടറായി നിയമിച്ചത് കോണ്‍ഗ്രസ് നോമിനിയായ ഡോ. ഗീതാ സജീവിനെയായിരുന്നു. ഇത് ലീഗിന് ഇഷ്ടപ്പെട്ടില്ല. മന്ത്രി പി കെ അബ്ദുറബ്ബ് നേരിട്ട് ഇടപെട്ട് രണ്ടു മാസം മുമ്പ് ഇവരുടെ ഡെപ്യൂട്ടേഷന്‍ ഒഴിവാക്കി. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതലയും നല്‍കി. ചുമതലയിലുണ്ടായിരുന്ന കാലത്ത് ലീഗിന്റെ എതിര്‍പ്പുമൂലം മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ ഡയറക്ടര്‍ക്കു കഴിഞ്ഞില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകട്ടെ തിരക്കില്‍ മിഷനെ തിരിഞ്ഞുനോക്കിയുമില്ല. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷം മിഷന്‍ ലക്ഷ്യമിട്ടിരുന്ന ഒട്ടേറെ പദ്ധതികള്‍ മുടങ്ങി. രണ്ടാംഘട്ട സമ്പൂര്‍ണ സാക്ഷരതാപദ്ധതി എന്നു വിശേഷിപ്പിക്കപ്പെടുന്ന "അക്ഷരലക്ഷം" പദ്ധതി ആരംഭിക്കാന്‍പോലുമായില്ല.
2011-ലെ സെന്‍സസില്‍ കേരളത്തില്‍ 20 ലക്ഷം നിരക്ഷരരുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരെയും അക്ഷര ലോകത്തെത്തിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി ആസൂത്രണംചെയ്തത്. ഒരോലക്ഷം പേരെവീതം ഘട്ടംഘട്ടമായി സാക്ഷരരാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഒരാള്‍ക്കുപോലും അക്ഷരവെളിച്ചം പകരാന്‍ ആയില്ല. നിയമസഭാമണ്ഡലത്തിലെ പഞ്ചായത്തുകളിലൊന്നിനെ സമ്പൂര്‍ണ നാലാംതര തുല്യത നേടിയ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള "അതുല്യം" പദ്ധതിയും ആരംഭിക്കാനായില്ല. ഓരോ മണ്ഡലത്തിലും പദ്ധതി നടപ്പാക്കേണ്ട പഞ്ചായത്തുകളെ തെരഞ്ഞെടുത്തുവെങ്കിലും എവിടെയും പദ്ധതി നടപ്പാക്കിയില്ല. സാക്ഷരതാ പ്രവര്‍ത്തനത്തില്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്ന ശില്‍പ്പശാലയും ലക്ഷ്യമിട്ടിരുന്നുവെങ്കിലും അതും നടന്നില്ല. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍വരെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിക്കായി ഹാന്‍ഡ് ബുക്ക്, മോഡ്യൂള്‍ തുടങ്ങിയവ സജ്ജമാക്കിയതു മാത്രം മിച്ചം.
ഷഫീഖ് അമരാവതി deshabhimani
No comments:
Post a Comment