കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. സൗജന്യം ലഭിക്കുന്ന ഗുണഭോക്താക്കള്‍ ഇനി മുതല്‍ വൈദ്യുതി ചാര്‍ജ് നേരിട്ട് കെഎസ്ഇബിക്ക് അടയ്ക്കണമെന്ന് കൃഷിവകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ഇതുവരെ കൃഷിവകുപ്പാണ് കൃഷിക്കാരുടെ വൈദ്യുതി ബില്‍ അടച്ചത്. ജലസേചന ആവശ്യമില്ലാത്ത ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലങ്ങളില്‍ ഉപഭോഗം ഇല്ലെങ്കിലും ഫിക്സഡ്-ഡിമാന്‍ഡ് ചാര്‍ജ് കൃഷിക്കാര്‍ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, ബിപിഎല്‍ കുടുംബങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ എന്നിവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി പദ്ധതി നടപടി ക്രമം സംബന്ധിച്ച ഉത്തരവ് ഭേദഗതി ചെയ്താണ് മാര്‍ച്ച് 19ന് കൃഷി(ആസൂത്രണം-എ) വകുപ്പിന്റെ (എം എസ്) നമ്പര്‍ 75/2014 ഉത്തരവ് ഇറക്കിയത്. മതിയായ ഫണ്ട് ധനവകുപ്പില്‍നിന്ന് ലഭ്യമല്ലാത്തതിനാല്‍ ഇനിമുതല്‍ കര്‍ഷകര്‍ നേരിട്ട് വൈദ്യുതി ബില്ലടയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കര്‍ഷകര്‍ അടയ്ക്കുന്ന തുക ഇ പേയ്മെന്റ് വഴി മടക്കി നല്‍കും. എന്നാല്‍ വിളയുടെയും വിസ്തീര്‍ണത്തിന്റെയും അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് കണക്കാക്കുന്ന തുക മാത്രമേ കൃഷിക്കാരുടെ അക്കൗണ്ടുകളിലേക്ക് മടക്കി നല്‍കുകയുള്ളൂ. കാര്‍ഷിക മേഖലയെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നു. സംസ്ഥാനത്തെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനായി 1995 ലാണ് സൗജന്യ വൈദ്യുതി പദ്ധതി നിലവില്‍ വന്നത്. ആദ്യം നെല്‍കൃഷിക്കായിരുന്നു സൗജന്യം.
97 മുതല്‍ ഒരു ഹെക്ടര്‍വരെയുള്ള മറ്റ് വിളകള്‍ക്കും പിന്നീട് രണ്ട് ഹെക്ടര്‍വരെയുള്ള വിളകള്‍ക്കും സൗജന്യം ബാധകമാക്കി. സംസ്ഥാനത്ത് നെല്‍കൃഷിയുള്ള പാലക്കാട്, ആലപ്പുഴ, തൃശൂര്‍, വയനാട്, കോട്ടയം അടക്കമുള്ള എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ക്ക് ഉത്തരവ് തിരിച്ചടിയാകും. സംസ്ഥാനത്ത് 1,97,277 ഹെക്ടര്‍ സ്ഥലത്തുമാത്രമാണ് നെല്‍കൃഷിയുള്ളത്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ഇതു വീണ്ടും കുറയും. മറ്റു വിളകളെയും പ്രതികൂലമായി ബാധിക്കും. വിലത്തകര്‍ച്ചയും വിളനാശവും കാലാവസ്ഥാ വ്യതിയാനംമൂലമുള്ള ഉല്‍പ്പാദനക്കുറവും രാസവള വിലവര്‍ധനയുമെല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഇരുട്ടടി. പദ്ധതി ഇല്ലാതാക്കിക്കൊണ്ടുള്ള ഉത്തരവില്‍ വൈദ്യുതിബോര്‍ഡിനെയും ധനവകുപ്പിനെയും കൃഷിവകുപ്പ് കുറ്റപ്പെടുത്തുന്നുമുണ്ട്.
കര്‍ഷകര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാര്‍ജ് കൃഷിവകുപ്പ് നേരിട്ട് അടയ്ക്കുന്നതിന് കാലതാമസം ഉണ്ടാകുമ്പോള്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന സാഹചര്യമുണ്ടെന്നും കുടിശ്ശികയ്ക്ക് സര്‍ചാര്‍ജും ഡിസ്കണക്ഷന്‍ചാര്‍ജും വൈദ്യുതി ബോര്‍ഡ് ഈടാക്കുകയാണെന്നും ഉത്തവില്‍ പറയുന്നു. സര്‍ചാര്‍ജിനത്തിലും പലിശയിനത്തിലും വന്‍ ബാധ്യതയാണുണ്ടാകുന്നത്. വിള ഇന്‍ഷുറന്‍സ്, സംഭരണം തുടങ്ങിയ ഇനങ്ങളില്‍ കോടികളുടെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. കര്‍ഷകരുടെ രജിസ്ട്രേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ദിലീപ് മലയാലപ്പുഴ deshabhimani
No comments:
Post a Comment