Saturday, March 29, 2014

മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ താവളം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് എന്നും തട്ടിപ്പുകാരുടെയും സദാചാര വിരുദ്ധരുടെയും താവളം. അധികാരമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരള ജനതയ്ക്കുമുന്നിലുള്ള ചിത്രം ഹൈക്കോടതി ഒരിക്കല്‍ക്കൂടി വരച്ചുകാട്ടിയെന്ന് മാത്രം. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ജീവനക്കാരെയും ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുമ്പോള്‍ മുഖം നഷ്ടമാകുന്നത് ഉമ്മന്‍ചാണ്ടിക്കുതന്നെ. ഉമ്മന്‍ചാണ്ടി അധികാരത്തിലുള്ളപ്പോഴൊക്കെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് എപ്പോഴും തട്ടിപ്പ് സംഘമാണ്. ഈ സംഘത്തില്‍ നിന്ന് പുറത്തുപോയവര്‍ ഏറെ. അകത്ത് ഇപ്പോഴും സുഖമായി വാഴുന്നവര്‍ വേറെ.

ടെന്നിജോപ്പനും ജിക്കുമോന്‍ ജേക്കബ്ബിനും സലിംരാജിനും പുറത്തുപോകേണ്ടിവന്നത് ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യത്തോടെയല്ല, കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍തട്ടിപ്പ് കേസിലും ഭൂമി ഇടപാടിലും പ്രതിക്കൂട്ടിലായതോടെയാണ്. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ പ്രതിപുരുഷനായിരുന്ന തോമസ് കുരുവിളയ്ക്കും പുറത്തുപോകേണ്ടിവന്നത് സോളാര്‍തട്ടിപ്പ് കേസോടുതന്നെ. ഈ വിശ്വസ്ഥര്‍ പുറത്തുപോയപ്പോഴും അഴിമതിയുടെ കറ ഉമ്മന്‍ചാണ്ടിയില്‍ പറ്റിനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടി സ്വന്തമായി മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എങ്കിലും എപ്പോഴും ചെവിയില്‍ മൊബൈല്‍ഫോണ്‍ ഉണ്ടാകും. ഉപയോഗിച്ചത് പുറത്തു പോയ ഈ നാല്‍വര്‍സംഘത്തിലെ ഫോണ്‍. ഇവരുടെ ഫോണില്‍നിന്ന് തുടര്‍ച്ചയായി സോളാര്‍ കേസിലെ പ്രതി സരിതയെ വിളിച്ചു. സരിത ഇങ്ങോട്ടും വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ഔദ്യോഗിക വസതിയിലെയും ലാന്‍ഡ് ഫോണില്‍നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു. അപ്പോള്‍ ആര്‍ക്കാണ് സോളാര്‍തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമെന്ന് വ്യക്തം. അധികാരമേറ്റ് ആറുമാസത്തിനകം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടുപേരെ പുറത്താക്കിയിരുന്നു. ഇവര്‍ രണ്ടുപേരും കൈക്കൂലിവാങ്ങുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ഇത് പരസ്യമായി. പിന്നെ വേറെ രക്ഷയുണ്ടായിരുന്നില്ല. സെക്രട്ടറിയറ്റിലെ ഫയല്‍ നീക്കത്തെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ചോര്‍ത്തി നല്‍കിയതിനാണ് കൈക്കൂലി വാങ്ങിയത്.

മറ്റൊരു യൂത്ത് കോണ്‍ഗ്രസുകാരന്‍ പുറത്തുപോയത് ഒരു അധ്യാപികയുടെ പരാതിയുടെ പേരിലാണ്. മുഖ്യമന്ത്രിയുടെ കോള്‍ സെന്ററിലേക്ക് പരാതി പറയാന്‍ വിളിച്ച അധ്യാപികയുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് നിരന്തരമായി വിളിച്ച് ലൈംഗികബന്ധത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചു. അധ്യാപിക പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല. ഒടുവില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മാത്രമാണ് പറഞ്ഞുവിട്ടത്. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച ഷാഫി മേത്തറും ഇപ്പോള്‍ പുറത്താണ്. ഒരു രൂപ പ്രതിമാസ പ്രതിഫലം മതിയെന്ന് പറഞ്ഞാണ് "സേവ"ത്തിന് എത്തിയത്. ഇയാളുടെ ലക്ഷ്യവും മറ്റ് ചിലതായിരുന്നു. മുന്തിയ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായിരുന്നു ഇയാള്‍. കോടികളുടെ ആസ്തി; റിലയന്‍സ് ഗ്രൂപ്പിന്റെയും സീ നെറ്റ്വര്‍ക്സിന്റെയും ഇടപാടുകള്‍; രാജ്യത്തിനകത്തും പുറത്തും വന്‍കിട കമ്പനികളും സംരംഭകരുമായി ബന്ധം. ഇങ്ങനെയൊരാള്‍ സാമ്പത്തിക ഉപദേഷ്ടാവായതിന്റെ "രഹസ്യം" തിരിച്ചറിഞ്ഞതോടെ വിവാദത്തില്‍നിന്ന് തലയൂരാന്‍ സ്വയം രാജിവച്ച് ഇറങ്ങിപ്പോയി. ഇനിയുമുണ്ട് വിവാദനായകരുടെ സംഘം ഈ ഓഫീസില്‍ ഇപ്പോഴും.

ഉമ്മന്‍ചാണ്ടിയുടെ തണലില്‍ വളര്‍ന്ന "ഗ്യാങ് ലീഡര്‍"

ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഒരു സാദാ പൊലീസുകാരന്‍ ഇന്ന് കേരളം മുഴുവന്‍ പരന്നുകിടക്കുന്ന ഭൂമാഫിയയുടെ തലവന്‍. ശതകോടികളുടെ ഭൂമിയാണ് സലിംരാജിന്റെ അടുത്ത ബന്ധുക്കളുടെ പേരിലുള്ളത്. ഇതുകൊണ്ടുതന്നെയാണ് ഹൈക്കോടതി സലിം രാജിനെ "ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡര്‍" എന്ന് വിശേഷിപ്പിച്ചത്. ഒരു പൊലീസുകാരന്‍ ഭൂമാഫിയാ സംഘത്തലവനായത് ഞൊടിയിടെ സംഭവിച്ച അത്ഭുതമല്ല. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവുമായുമെല്ലാം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായി വിലസുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നിഴല്‍രൂപമായി നിന്നാണ് സലിംരാജ് വളര്‍ന്നു പന്തലിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സ്വകാര്യ ജീവിതത്തില്‍പോലും കടന്നുചെല്ലാന്‍ തക്ക ആത്മബന്ധമുള്ള ഈ പൊലീസുകാരന്റെ ഓരോ ചെയ്തിയും ഉമ്മന്‍ചാണ്ടിയുടെ ചെയ്തിയായി സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പു കേസിലും സലിംരാജ് പ്രതിക്കൂട്ടിലായി. അന്ന് പല വിശ്വസ്തരെയും കൈയൊഴിഞ്ഞ ഉമ്മന്‍ചാണ്ടി സലിംരാജിനെ സംരക്ഷിച്ചു. ജോപ്പനും ജിക്കുമോനും പുറത്തായപ്പോഴും ഗണ്‍മാന്‍ സ്ഥാനത്തുനിന്ന് സലിംരാജിനെ മാറ്റിയില്ല. ഭൂമിതട്ടിപ്പു കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളിലും വിമര്‍ശം ശക്തമായപ്പോഴാണ് ഗത്യന്തരമില്ലാതെ ഉമ്മന്‍ചാണ്ടിക്ക് നടപടിയെടുക്കേണ്ടിവന്നത്.

ഗണ്‍മാന്‍സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും സലിംരാജ് ക്ലിഫ് ഹൗസില്‍ വിലസി. ഇതും വിവാദമായപ്പോഴാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിനുശേഷമാണ് ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സലിംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍തന്നെ ഹൈക്കോടതിയില്‍ ഹാജരായി. ഒടുവില്‍ കോഴിക്കോട്ടുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടിയാണ് സലിംരാജിനെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഇത്രയും ക്രിമിനല്‍ പശ്ചാത്തലമുണ്ടായിട്ടും പൊലീസുകാരിലെ ക്രിമിനല്‍ ലിസ്റ്റില്‍നിന്ന് സലിംരാജിനെ ഒഴിവാക്കി. സസ്പെന്‍ഷനില്‍ കഴിയവെ ഇടുക്കിയിലേക്ക് മാറ്റി രഹസ്യമായി സര്‍വീസില്‍ തിരിച്ചെടുക്കാനും നീക്കംനടത്തി.

സലിംരാജിന്റെ ഔദ്യോഗിക ജീവിതമാകെ ക്രിമിനല്‍ പശ്ചാത്തലമാണ്. പരിശീലനശേഷം 1995ല്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു സലിംരാജ്. അന്ന് എസ്ഐയെ തല്ലി. കാര്‍ തകര്‍ത്തു. ഇത് സംബന്ധിച്ച പരാതി നിലനില്‍ക്കെയാണ് 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. സലിംരാജ് ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായി. തുടര്‍ന്ന് കുടുംബാംഗംപോലെയായി. ഒരു കാരണവശാലും ഇയാളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന് മൂന്നുതവണ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇത് രണ്ടുതവണ അവഗണിച്ചു. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് നല്‍കി. ഒരാഴ്ച മാറ്റിനിര്‍ത്തിയശേഷം തിരിച്ചെടുത്തു.

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ ഇതാദ്യമായല്ല ഹൈക്കോടതിയുടെ പരാമര്‍ശം. സലിംരാജ് മുഖ്യമന്ത്രിയാണോ എന്നാണ് നേരത്തെ ഹൈക്കോടതി ചോദിച്ചത്. ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ എന്നും കോടതി ചോദിച്ചു. സോളാര്‍തട്ടിപ്പു കേസിലും മുഖ്യമന്ത്രിക്കും ഓഫീസിനും നേരെ കോടതികളില്‍നിന്ന് തുടരെത്തുടരെ വിമര്‍ശമുയര്‍ന്നു. ഇതിന്റെയെല്ലാം ഉച്ചസ്ഥായിയാണ് വെള്ളിയാഴ്ച ഹൈക്കോടതിയിലുണ്ടായത്.

deshabhimani

No comments:

Post a Comment