കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചത്. ഇതില്‍ കൂടുതല്‍ സമയവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചും വിവിധ സേനാവിഭാഗങ്ങളില്‍ നടക്കുന്ന അപകടങ്ങളെക്കുറിച്ചും പിടിപ്പുകേടിനെക്കുറിച്ചുമുള്ള വിമര്‍ശങ്ങളെ പ്രതിരോധിക്കാനാണ് അദ്ദേഹം ചെലവഴിച്ചത്. പക്ഷേ ഈ ശ്രമങ്ങളെല്ലാം വിഫലമായി.
ഇന്ത്യന്‍ പ്രതിരോധസംവിധാനം ഇതഃപര്യന്തമില്ലാത്ത തകര്‍ച്ചയിലാണ് പതിച്ചിരിക്കുന്നത്. വ്യോമസേനയുടെ വിമാനങ്ങള്‍ തകര്‍ന്ന് സൈനികര്‍ മരിക്കുന്നത് നിത്യസംഭവമായി. നാവികസേനയുടെ കപ്പലുകളിലും അന്തര്‍വാഹിനികളിലും അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാണ്. ഐഎന്‍എസ് സിന്ധുരത്നയിലെ അപകടത്തെ തുടര്‍ന്നാണ് നാവികസേനാമേധാവി രാജിവയ്ക്കേണ്ടിവന്നത്. സൈന്യത്തിലെ അസംതൃപ്തിയും മോശമായ അന്തരീക്ഷവും കാരണം ഒരു വര്‍ഷം നൂറ് സൈനികരെങ്കിലും ആത്മഹത്യ ചെയ്യുന്നു. പ്രതിരോധമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷ പാര്‍ടികള്‍ നടത്തുന്ന വിമര്‍ശങ്ങളെ രാഷ്ട്രീയമെന്നുപറഞ്ഞ് തള്ളിക്കളയുന്ന ആന്റണി, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ ധനമന്ത്രി പി ചിദംബരത്തിന്റെ വിമര്‍ശത്തെ എന്തുപറഞ്ഞ് നേരിടും?
പ്രതിരോധമന്ത്രാലയത്തിന് അനുവദിക്കുന്ന ഫണ്ട് ബുദ്ധിപരമായും ഫലപ്രദമായും ചെലവഴിക്കുന്നില്ലെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശം. 18 നാവികര്‍ മരിച്ച ഐഎന്‍എസ് സിന്ധുരക്ഷക് അപകടം, രണ്ട് നാവികസേനാ ഓഫീസര്‍മാര്‍ മരിച്ച ഐഎന്‍എസ് സിന്ധുരത്ന അപകടം തുടങ്ങി നാവികസേനയുടെ കപ്പലുകളും അന്തര്‍വാഹിനികളും തുടരെത്തുടരെ അപകടത്തില്‍ പെടുന്നത് വളരെ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. ഐഎന്‍എസ് സിന്ധുരത്ന അപകടത്തെ തുടര്‍ന്ന് നാവിസേനാമേധാവി അഡ്മിറല്‍ ഡി കെ ജോഷി 2014 ഫെബ്രുവരി 26ന് രാജിവച്ച ഒഴിവില്‍ പകരം ആളെ നിയമിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നാവികസേന ഇത്തരമൊരു പ്രതിസന്ധി ഇതുവരെ നേരിട്ടിട്ടില്ല. ഒരു സൈനികവിഭാഗം തലവനില്ലാതെ പ്രവര്‍ത്തിക്കുകയാണ്. വ്യോമസേനകളുടെ വിമാനങ്ങള്‍ തുടരെത്തുടരെ അപകടത്തില്‍പെട്ട് വൈമാനികര്‍ മരിക്കുന്നു. മിഗ് 21 വിമാനങ്ങളില്‍ പകുതിയും അപകടത്തില്‍ ഇല്ലാതായി. എ കെ ആന്റണി അധികാരമേറ്റ 2006 മുതല്‍ ഇതുവരെ എണ്‍പതോളം സൈനിക വിമാനാപകടങ്ങളില്‍ നൂറിലധികംപേര്‍ മരിച്ചു.
ഏറ്റവുമൊടുവില്‍ ഗ്വാളിയറിനടുത്ത് തകര്‍ന്ന സൂപ്പര്‍ ഹെര്‍കുലിസ് എന്ന അത്യാധുനികവിമാനം അഞ്ച് പേരുടെ ജീവനാണ് കവര്‍ന്നത്. അമേരിക്കയില്‍നിന്ന് വാങ്ങിയ ഈ വിമാനത്തിന്റെ എഞ്ചിന്‍ റോള്‍സ് റോയ്സിന്റേതാണ്. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ഏറോനാട്ടിക്കല്‍സ് ലിമിറ്റഡില്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് എന്‍ജിന്‍ നല്‍കുന്നതിനുള്ള കരാറിനായി റോള്‍സ് റോയ്സ് വന്‍ കോഴ നല്‍കിയെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാനും പ്രതിരോധമന്ത്രി ഉത്തരവായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ച മന്ത്രിയെന്ന റെക്കോഡിനൊപ്പം മറ്റൊരു റെക്കോഡ് കൂടി എ കെ ആന്റണിക്ക് ചാര്‍ത്തിക്കൊടുക്കാം. പ്രതിരോധ മന്ത്രിയായിരിക്കെ ഏറ്റവും കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്ത്രിയെന്ന റെക്കോഡ്. മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുന്നതാണ് തന്റെ രീതിയെന്നാണ് ആന്റണി പറയുന്നത്. പുറത്തുകൊണ്ടുവന്നില്ലെങ്കില്‍, മറ്റാരും അറിഞ്ഞില്ലെങ്കില്‍ അഴിമതി തുടരുമെന്നാണോ അര്‍ഥമാക്കുന്നത്?
വി ജയിന്‍
പൊതുമേഖല കാലഹരണപ്പെട്ട ആശയഗതിയെന്ന് ആന്റണി
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ യുദ്ധോപകരണങ്ങളുടെയും വാഹനങ്ങളുടെയും മറ്റും നിര്‍മാണം പൊതുമേഖലയിലാക്കുന്നതിനെ "കാലഹരണപ്പെട്ട ആശയഗതി" യെന്നാണ് പ്രതിരോധ മന്ത്രി എ കെ ആന്റണി വിശേഷിപ്പിക്കുന്നത്. പ്രതിരോധ മന്ത്രി പദവിയിലിരുന്ന ഏഴ് വര്‍ഷക്കാലവും പ്രതിരോധ ഉല്‍പാദനം സ്വകാര്യമേഖലക്ക് കൈമാറുന്ന നയങ്ങളാണ് ആന്റണി നടപ്പാക്കിയത്. നവ ഉദാരവത്ക്കരണ നയത്തിനൊപ്പം സഞ്ചരിക്കുന്ന ആന്റണി ഈ നയത്തെ എതിര്‍ക്കുന്നവരെ കാലഹരണപ്പെട്ട ആശയഗതിക്കാരെന്ന് ആക്ഷേപിക്കുകയാണ്. ഇടതുപക്ഷത്തെയാണ് ഇതിലൂടെ ആന്റണി പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തതക്കായി പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന ആന്റണി ഇപ്പോഴും വിദേശ ഇറക്കുമതിയെ മാത്രമാണ് ആശ്രയിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ് പൊതുമേഖലയില്‍ വന്‍തോതില്‍ വ്യവസായങ്ങള്‍ ആരംഭിച്ചത്. എന്നിട്ടും ഇപ്പോഴും ട്രക്ക് മുതല്‍ ഏക എന്‍ജിന്‍ വിമാനങ്ങള്‍വരെ വിദേശത്തുനിന്ന് വാങ്ങുകയാണ്. അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് കൂടുതല്‍ ആയുധങ്ങളും വാങ്ങുന്നത്. ഈ ഇടപാടിലാകട്ടെ വന്‍ അഴിമതിയുമുണ്ട്. താന്‍ അഴിമതിക്കാരനല്ലെന്ന് പറഞ്ഞ് എല്ലാ അഴിമതിക്കാര്‍ക്കും കാവലാളാവുകയാണ് ആന്റണി. ആന്റണി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പ്രതിരോധ സംഭരണ നയവും പ്രതിരോധ ഉല്‍പ്പന്ന നയവും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ്. നിശ്ചിത ശതമാനം തദ്ദേശീയ കമ്പനികളില്‍ നിന്ന് വാങ്ങുമെന്നാണ് ഈ നയം പറയുന്നത്. രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമെന്നര്‍ഥം. അതായത് പ്രതിരോധ മേഖലയുടെ സ്വയംപര്യാപ്തത പൊതുമേഖലയിലൂടെയല്ല മറിച്ച് സ്വകാര്യമേഖലയിലുടെയാണ്. രാജ്യത്ത് പ്രതിരോധ മേഖലയില്‍ വന്‍ കമ്പനികളൊന്നുമില്ല. പ്രത്യേകിച്ചും അത്യന്താധൂനിക സാങ്കേതികവിദ്യ ആവശ്യമുള്ള മേഖലയില്‍. ഉടന്‍ ലാഭം കിട്ടാന്‍ സാധ്യതയില്ലാത്തതിനാലാണിത്. അതുകൊണ്ട് നിശ്ചിത ശതമാനം തദ്ദേശീയ ഉല്‍പന്നങ്ങള്‍ ലഭിക്കില്ലെന്നുറപ്പാണ്. സ്വാഭാവികമായും പ്രസ്തുത സാധനങ്ങള്‍ക്കായി വീണ്ടും വിദേശകമ്പനികളെ സമീപിക്കാം.
ആന്റണിയുടെ തദ്ദേശീയവത്ക്കരണവും അന്തിമമായി വിദേശകമ്പനികളെ സഹായിക്കുന്നത് ഇങ്ങിനെയാണ്്. പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപമുണ്ടായിട്ടും വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ഒരു സംയുക്ത സംരഭത്തിനും തയ്യാറായിട്ടില്ല. 2000 മുതല്‍ 2010 വരെ പ്രതിരോധ മേഖലയിലുള്ള വിദേശ നിക്ഷേപം 40 ലക്ഷം ഡോളര്‍ മാത്രമാണ്. 75 ശതമാനം വിദേശനിക്ഷേപമെങ്കിലും അനുവദിക്കണമെന്നാണ് വിദേശ കമ്പനികളുടെ ആവശ്യം. മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ കമ്പനികളെപ്പോലെ വിദേശാധിപത്യം പൂര്‍ണമായും ഉണ്ടെങ്കില്‍ മാത്രമേ ഈ രംഗത്തേക്ക് കടന്നുവരൂ എന്നാണ് വിദേശകമ്പനികളുടെ വാദം. വിദേശ കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദത്തിന് യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണെന്തിന് നിരവധി സൂചനകളുണ്ട്. ഉന്നത സാങ്കേതിക വിദ്യ ആവശ്യമാണെങ്കില്‍ 26 ശതമാനത്തില്‍ കൂടുതല്‍ വിദേശനിക്ഷേപം അനുവദിക്കാമെന്ന് ഇതിനകം പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബ്രഹ്മോസ് പദ്ധതിയില്‍ റഷ്യന്‍ പൊതുമേഖലാ കമ്പനിക്ക് 49.5 ശതമാനം ഓഹരിയാണ് നല്‍കിയത്. ഭാവിയില്‍ ലോക്ക് ഹീഡ് മാര്‍ടിനും ബോയിങ്ങിനും ഇതേ ആനുകൂല്യം നല്‍കാനാവും.
വി ബി പരമേശ്വരന്‍
അടിത്തറ ഇളകി രാജ്യരക്ഷ
ശക്തിദുര്‍ഗമായി നിലകൊണ്ട ഇന്ത്യയുടെ പ്രതിരോധമേഖല കുത്തഴിഞ്ഞിരിക്കുന്നു. കരുത്തുറ്റ ഈ മേഖല ഇത്രമേല്‍ പ്രതിസന്ധിയിലായതാകട്ടെ എ കെ ആന്റണിയുടെ ഭരണകാലത്തും. സൈനികരുടെ മരണം മണക്കുന്ന അഴിമതിയുടെ ഒട്ടേറെ കഥകള്‍ ഈ മേഖലയില്‍നിന്ന് ഉയര്‍ന്നു. പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധികളിലേക്ക് ആഴ്ന്നുകൊണ്ടിരുന്ന ഏഴരക്കൊല്ലമാണ് ആദര്‍ശധീര പ്രതിച്ഛായയുള്ള എ കെ ആന്റണിക്കുകീഴില്‍ ഇന്ത്യന്‍ പ്രതിരോധമേഖല അഭിമുഖീകരിക്കേണ്ടിവന്നത്. ആയുധം- യുദ്ധസാമഗ്രികള്‍ എന്നിവ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന് പലരും പറയാതെ പറഞ്ഞു.
2012ല്‍ സര്‍ക്കാരിനെ കോടതി കയറ്റിയ ജനറല്‍ വി കെ സിങ്, കൈക്കൂലിക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയ എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി, യുദ്ധക്കപ്പല്‍ അപകടങ്ങളെ തുടര്‍ന്ന് രാജിവച്ച നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി, ഒപ്പം ടട്ര ട്രക്കുകളും ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണം.. ആന്റണിക്ക് ചാര്‍ത്തിക്കിട്ടിയ "പൊന്‍തൂവലു"കളുടെ നിര നീളുന്നു. മൂന്ന് സേനാവിഭാഗങ്ങളെയും അധഃപതനത്തിന്റെ പടുകുഴിയില്‍ എത്തിച്ചതായുള്ള വിമര്‍ശം ഉന്നയിച്ചത് പ്രതിപക്ഷമല്ല. പ്രതിരോധമന്ത്രാലയത്തിലെ മുന്‍ സൈനികോദ്യോഗസ്ഥരാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് ചെറുവിരലനക്കാത്ത മന്ത്രിയെന്ന ചീത്തപ്പേരും അവര്‍ ആന്റണിക്ക് സമ്മാനിച്ചു. യഥാസമയം തീരുമാനങ്ങളെടുക്കാതെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴുവര്‍ഷവും പ്രതിരോധമന്ത്രാലയത്തിലുണ്ടായത്്. ഈ മെല്ലെപ്പോക്ക് കൊണ്ടുചെന്നെത്തിച്ചതാകട്ടെ ഇന്ത്യയുടെ സൈനികസംവിധാനം തകര്‍ക്കുന്ന കാഴ്ചയിലേക്കും.
സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തനല്ലെന്നും ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കുന്നുവെന്നതുമാണ് ആന്റണിക്കെതിരെ ഉയര്‍ന്നുകേട്ട മറ്റൊരു ആരോപണം. ആയുധം വാങ്ങുന്നതിലെ കാലതാമസം സായുധസേനയുടെ തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സിവില്‍- സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുപോകാന്‍ 2011ല്‍ നരേഷ് ചന്ദ്ര കമ്മിറ്റി ആവിഷ്കരിച്ച പ്രതിരോധ പരിഷ്കാര നടപടികള്‍ ആന്റണി തന്ത്രപൂര്‍വം ഒതുക്കി. പല തീരുമാനങ്ങളും ചുവപ്പുനാടയില്‍ കുരുങ്ങി ശ്വാസംമുട്ടി. 1987 മുതല്‍ ഹോവിസ്റ്ററുകള്‍ വാങ്ങിയില്ല. ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശം കെട്ടിക്കിടക്കുന്നു. 100 ശതകോടി ഡോളര്‍ ചെലവുവരുന്ന സൈനിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കാലങ്ങളെടുത്തേക്കാം. മുംബൈ തുറമുഖത്തിന്റെ ആഴംകൂട്ടുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നാലുവര്‍ഷം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്നു. ഈ വര്‍ഷം ജനുവരിയില്‍ ഐഎന്‍എസ് സിന്ധുഘോഷ് എന്ന മുങ്ങിക്കപ്പല്‍ നിലത്തുറച്ചുപോകാനിടയാക്കിയത് ഈ ചുവപ്പുനാടയാണ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, റോള്‍സ് റോയ്സ് എന്‍ജിനുകള്‍ വാങ്ങിയതിലെ അഴിമതിക്കേസ് സിബിഐക്ക് വിടുന്നതായി പ്രതിരോധമന്ത്രാലയം പ്രഖ്യാപിച്ചത് എ കെ ആന്റണിക്കേറ്റ മറ്റൊരു പ്രഹരമായി.
നാവികസേനയുടെ ആയുധബലം ആശങ്കാജനകമായ നിലയിലാണെന്ന് 2008-09ലെയും 2010-11ലെയും സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതിന്റെയും കാലപ്പഴക്കം ഏവരെയും ഞെട്ടിച്ചു. 2006 ഒക്ടോബര്‍ മുതല്‍ പ്രതിരോധമന്ത്രിസ്ഥാനത്തുള്ള എ കെ ആന്റണി ഈ റിപ്പോര്‍ട്ടുകള്‍ പാടെ അവഗണിച്ചു. ഇറ്റലിയില്‍നിന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടിയുണ്ടായതും അത് കോഴക്കേസില്‍ കുടുങ്ങിയതും മറ്റൊരു നാണക്കേട് സമ്മാനിച്ചു. കരസേനയുടെയും വ്യോമസേനയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ആയുധങ്ങള്‍ക്ക് പഴക്കമേറുകയാണെന്ന് കാണിച്ചും ഇവ നവീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തില്‍ നിരാശ പ്രകടിപ്പിച്ചും മൂന്ന് സേനാമേധാവികളും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടും അതിലൊന്നും ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇടപാടുകളില്‍ കമീഷന്‍ ഉറപ്പിക്കുന്നതിനപ്പുറം രാജ്യരക്ഷയില്‍ പ്രതിരോധമന്ത്രി ആന്റണിക്കുമില്ല തീരെ താല്‍പ്പര്യം.
അന്തര്‍വാഹിനി ഇടപാടില്‍ നഷ്ടം 2800 കോടി
ഫ്രഞ്ചുകമ്പനിയില്‍നിന്ന് സ്കോര്‍പിയോണ്‍ അന്തര്‍വാഹിനി വാങ്ങിയ 18,798 കോടി രൂപയുടെ ഇടപാടില്‍ ഖജനാവിന് നഷ്ടമായത് 2800 കോടി രൂപ. ഇടപാടില്‍ മനഃപൂര്‍വം കാലതാമസം വരുത്തിയാണ് ഖജനാവ് ചോര്‍ത്തിയത്. ഖജനാവിന് നഷ്ടമായ തുക അഴിമതിപ്പണമായി ജനപഥ് 10-ാം നമ്പറിലേക്കാണ് ഒഴുകിയത്. ഇന്ത്യ വാങ്ങിയ മുങ്ങിക്കപ്പലുകള്‍ പലതും മുങ്ങുന്നതല്ലാതെ പൊങ്ങുന്നില്ല. കോഴവാങ്ങി ഇന്ത്യന്‍ നാവികസേനാംഗങ്ങളെ കുരുതികൊടുക്കുകയാണ് ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിരോധവകുപ്പ്. ഈയടുത്ത് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി കപ്പല്‍ തകര്‍ന്ന് 18 ഉദ്യോഗസ്ഥര്‍ മരിക്കാനിടയായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാമേധാവി ഡി കെ ജോഷി തല്‍സ്ഥാനം രാജിവച്ചിരുന്നു. 2013 ജൂലൈയ്ക്കും 2014 ഫെബ്രുവരിക്കുമിടയില്‍ ഒമ്പത് ദുരന്തങ്ങള്‍ നടന്നു. വിദേശങ്ങളില്‍നിന്ന് കോഴ കൈപ്പറ്റി ഗുണനിലവാരമില്ലാത്ത മുങ്ങിക്കപ്പലുകള്‍ വാങ്ങിയതാണ് ഈ ദുരന്തങ്ങള്‍ക്ക് നിദാനം.
ടട്ര ട്രക്ക് കുംഭകോണം: നഷ്ടം 1000 കോടി
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബിഎംഎല്‍, ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍നിന്ന് ടട്ര ട്രക്കുകളുടെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്തതില്‍ സര്‍ക്കാരിന് നഷ്ടം 1000 കോടി. ഇതില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നത് പ്രതിരോധമന്ത്രി എ കെ ആന്റണിയാണ്. ട്രക്കിന്റെ ഉല്‍പ്പാദകരില്‍നിന്ന് നേരിട്ടുവാങ്ങാതെ 600 ട്രക്കുകള്‍ ഏജന്റ് മുഖേനയാണ് പ്രതിരോധവകുപ്പ് വാങ്ങിയത്. ടട്ര ട്രക്കിന് സമാനമായ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള സ്ഥാപനമായ ബിഇഎംഎല്ലിനെ നോഡല്‍ ഏജന്‍സിയാക്കിയാണ് ട്രക്കുകള്‍ ഇറക്കുമതിചെയ്തത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് കരസേനാമേധാവി ജനറല്‍ വി കെ സിങ്ങിന്റെ വെളിപ്പെടുത്തലാണ് അഴിമതി പുറത്തുകൊണ്ടുവന്നത്.
ബരാക് മിസൈല്‍ കരാറില്‍ കോണ്‍ഗ്രസിന് കോഴ 750 കോടി
ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചതും വിജയകരമായി വിക്ഷേപിച്ചതുമായ മിസൈല്‍ സംവിധാനം "വാങ്ങാന്‍" 10,000 കോടി രൂപ. 12 എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങുന്നതിനായി ഇസ്രയേല്‍ ആയുധ നിര്‍മാണക്കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായാണ് (ഐഎഐ) ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. 10,000 കോടി രൂപയുടെ ബരാക് മിസൈല്‍ ഇടപാടില്‍ 900 കോടി രൂപ കോഴയായി നല്‍കി. ബിസിനസ് ചാര്‍ജ് എന്ന ഓമനപ്പേരില്‍ നല്‍കിയ കോഴയില്‍ 150 കോടി രൂപ ഇടനിലക്കാര്‍ക്കും 750 കോടി രൂപ കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കോഴപ്പണം കോണ്‍ഗ്രസ് കൈപ്പറ്റിയത്. ടെന്‍ഡര്‍ വിളിക്കാതെയും കരിമ്പട്ടികയില്‍പെടുത്തിയ കമ്പനികളുമായിട്ടുള്ള ഇടപാട് ഉറപ്പിച്ചും പ്രതിരോധമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പാടെ ലംഘിച്ചു. 2002ല്‍ എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധമന്ത്രാലയം ഇതേ ഇസ്രയേല്‍ കമ്പനിയില്‍നിന്ന് ബരാക് മിസൈലുകള്‍ വാങ്ങിയപ്പോഴും ഇടനിലക്കാരും ഏജന്‍സി കമീഷനും ഉണ്ടായിരുന്നു എന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. ഇടപാടില്‍ കൈക്കൂലിയും അഴിമതിയും കണ്ടെത്തിയ സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച് കൂടുതല്‍ അന്വേഷണം നടത്തുമ്പോഴാണ് അതേ കമ്പനിയുമായി യുപിഎയുടെ കാലത്തും പ്രതിരോധമന്ത്രാലയം അഴിമതി ആവര്‍ത്തിച്ചത്.
ഇന്ത്യയുടെ കണ്ണീരില്‍ കെട്ടിപ്പൊക്കിയ ആദര്‍ശ്
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം യുദ്ധത്തില്‍ കൊല്ലപ്പെട്ട വീരജവാന്മാരുടെ വിധവകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വീടുണ്ടാക്കി നല്‍കുന്നതിനാണ് 1999ല്‍ ആദര്‍ശ് സൊസൈറ്റി രൂപീകരിച്ചത്. തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ കൊളാബയില്‍ 31 നിലയുള്ള ഫ്ളാറ്റ് നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായ ശേഷം സൊസൈറ്റി അംഗങ്ങള്‍ക്ക് വില്‍പന നടത്തിയ 103 ഫ്ളാറ്റുകളില്‍ ഒരെണ്ണംപോലും ധീരജവാന്മാര്‍ക്കോ അവരുടെ വിധവകള്‍ക്കോ നല്‍കിയില്ല. കോണ്‍ഗ്രസിലെ അഞ്ച് മുന്‍ മുഖ്യമന്ത്രിമാരാണ് ഫ്ളാറ്റ് കൈക്കലാക്കിയതിലെ പ്രമുഖര്‍. ആകെയുള്ള 103 ഫ്ളാറ്റുകളില്‍ 51 എണ്ണം അടിച്ചെടുത്ത വിരുതനുമുണ്ട് ഇക്കൂട്ടത്തില്‍.
വെടിക്കോപ്പ് നിര്‍മിച്ചതിലും കോടികളുടെ നഷ്ടം
ടാങ്കുകളില്‍ ഉപയോഗിക്കാനുള്ള വെടിക്കോപ്പ് നിര്‍മിച്ചതിലും വന്‍ ക്രമക്കേട്. തദ്ദേശീയമായി നിര്‍മിച്ച ഒരുലക്ഷത്തിലേറെ റൗണ്ട് വെടിക്കോപ്പുകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതെ ഉപേക്ഷിച്ചതിലൂടെ 408.06 കോടി രൂപ നഷ്ടമായെന്നാണ് സിഎജി 2012 നവംബറില്‍ ചൂണ്ടിക്കാട്ടിയത്. സതേണ്‍ കമാന്‍ഡന്റിന്റെ ഓഡിറ്റര്‍മാര്‍ ഇക്കാര്യം 2010ല്‍ത്തന്നെ ചൂണ്ടിക്കാട്ടിയിട്ടും എ കെ ആന്റണി നടപടിയെടുത്തില്ല. പീരങ്കി ഫാക്ടറി ബോര്‍ഡ് നിര്‍മിച്ച 350000 റൗണ്ട് വെടിക്കോപ്പുകളില്‍ 134608 റൗണ്ടും ഉപയോഗശൂന്യമായി. 1,400 കോടി രൂപയ്ക്ക് നിര്‍മിച്ച വെടിക്കോപ്പുകളില്‍ 102014 റൗണ്ടും പത്തുവര്‍ഷ കാലാവധിപോലും തികച്ചില്ല. തുടര്‍ന്ന് പ്രതിരോധവകുപ്പ് 278.88 കോടി രൂപയുടെ വെടിക്കോപ്പ് റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തു. വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ബങ്കറുകള്‍ നിര്‍മിച്ചതിലും സിഎജി ക്രമക്കേട് കണ്ടെത്തിയിരുന്നു. 7.61 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബങ്കറുകള്‍ മൂന്നുവര്‍ഷത്തിനകം ഉപയോഗിക്കാന്‍ കഴിയാത്തവിധത്തിലായി. യുദ്ധക്കപ്പലുകളില്‍ റഡാര്‍ സന്ദേശം പിടിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നതില്‍ വ്യോമസേന വീഴ്ചവരുത്തിയതിലും കോടികള്‍ പാഴായെന്ന് 2012ല്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.
നാവികസേനയെ നാഥനില്ലാക്കളരിയാക്കിയെന്ന് മുന്‍ മേധാവികള്‍
നാവികസേനയെ എ കെ ആന്റണി നാഥനില്ലാക്കളരിയാക്കിയെന്ന് മുന്‍ നാവികസേനാമേധാവികള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു. നാവികസേനാമേധാവി ഡി കെ ജോഷി രാജിവച്ച ഒഴിവില്‍ നിയമനം വൈകിയ സാഹചര്യത്തിലാണ് മുന്‍ സൈനികമേധാവികള്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. പ്രതിരോധമന്ത്രി എ കെ ആന്റണി സേനയെ നാഥനില്ലാക്കളരിയാക്കുകയാണെന്നാണ് നാവികസേനാ മുന്‍ മേധാവി ആര്‍ കെ തഹിലിയാനി പറഞ്ഞത്. ഐഎന്‍എസ് സിന്ധുരത്ന ഉള്‍പ്പെടെയുള്ള അപകടങ്ങളെത്തുടര്‍ന്നാണ് ജോഷി രാജിവച്ചത്. ഈ ഒഴിവില്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. പകരം ചുമതല നല്‍കിയിട്ടുമില്ല. ആന്റണി സത്യസന്ധനാണെന്നാണ് പറയുന്നത്. എന്നാല്‍, ചുമതല നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിക്കണം.
പതിവില്ലാത്തവിധം നിര്‍ഭാഗ്യകരമായ അവസ്ഥയാണ് സേനയ്ക്ക്. ഡി കെ ജോഷി രാജിവയ്ക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് ആന്റണിയാണെന്നും തഹിലിയാനി കുറ്റപ്പെടുത്തി. ടാക്സി സര്‍വീസ് നടത്തുന്നത്ര ലാഘവത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നാവികസേനയെ നയിക്കുന്നതെന്നായിരുന്നു മുന്‍ നാവികസേനാ മേധാവി വിഷ്ണു ഭാഗവത് പറഞ്ഞത്. രണ്ട് സേനാംഗങ്ങളുടെ മരണത്തിന് വഴിവച്ച ഐഎന്‍എസ് സിന്ധുരത്ന അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജോഷി ഒഴിയേണ്ടിവന്ന സര്‍ക്കാര്‍ നിലപാട് ദയനീയമാണ്. തലവനില്ലാതെ ഒരു ദിവസംപോലും തുടരുന്നത് സേനയ്ക്ക് ഗുണമല്ലെന്നാണ് പേര് വെളിപ്പെടുത്താതെ മറ്റൊരു മുന്‍ നാവികസേനാമേധാവി പ്രതികരിച്ചത്. പ്രതിരോധമന്ത്രാലയത്തിനും മന്ത്രിക്കും എതിരെ മുന്‍ മേധാവിമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ആന്റണിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതികരിച്ചിട്ടില്ല.
deshabhimani
No comments:
Post a Comment