നാട്ടില്‍നിന്ന് കാട്ടിലേക്കോടിച്ചു വിട്ടതാണെന്നു പറയാം. ചെന്നിടത്താണെങ്കില്‍ കാട്ടുതീപടര്‍ന്നു പിടിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തൊടുന്നതെല്ലാം നശിച്ചുപോകുന്ന കാലമാണ്. ആഭ്യന്തരവകുപ്പില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ തുടങ്ങിയ ദുരിതം ഈ നിമിഷംവരെ ശമിച്ചിട്ടില്ല. വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമാവകുപ്പു മന്ത്രിയാണെന്നു പറയുന്നു. പേര് പുറത്തറിയണമെങ്കില്‍ പക്ഷേ കാട് കത്തണമെന്നായി. പൊലീസ് വേഷത്തോടാണ് കമ്പം. ഗാന്ധിജിയാണെന്നു ഭാവം. കര്‍മത്തിലാണെങ്കില്‍ ശകുനിവേഷം. നിന്ന നില്‍പ്പില്‍ നൂറുനുണപറയാന്‍ മത്സരംവച്ചാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പിന്നിലാകും. അതില്‍ അഹന്തയൊന്നുമില്ല. ഗാന്ധിജി സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആണ് എഴുതിയതെങ്കില്‍ കോട്ടയം ഗാന്ധി "സത്യാന്വേഷണ രേഖകള്‍" തന്നെയാണ് പുസ്തകമാക്കിയത്. വടകരഭാഗത്തെ കാര്യങ്ങളേ ആദ്യപുസ്തകത്തിലുള്ളൂ. ചങ്ങനാശേരിയില്‍ പോയതും എംസി റോഡില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടതും പിന്നെ സ്നേഹപൂര്‍വം ഗൃഹപ്രവേശ കര്‍മത്തിലേക്ക് നടന്നുകയറിയതുമായ ഭാഗങ്ങള്‍ രണ്ടാമത്തെ രചനയിലുണ്ടാകും. സത്യാന്വേഷണമായതുകൊണ്ട് അത് ഉദ്വേഗജനകവുമാകും.
"സരിതായനം- ഒരന്വേഷണം" എന്ന മൂന്നാം പുസ്തകവും താമസിയാതെ പുറത്തുവരാനുണ്ട്. ഉമ്മന്‍ചാണ്ടിക്ക് തീണ്ടായ്മ വന്നപ്പോള്‍ വകുപ്പ് ഏല്‍പ്പിക്കാന്‍ കണ്ട വിശ്വസ്തനായിരുന്നു. പോകെപ്പോകെ ഞാന്‍ കേമന്‍ എന്ന മുദ്രാവാക്യമായി. ചാണ്ടി- ജോസഫ്- രാധാകൃഷ്ണ ത്രയം അങ്ങനെ ദ്വയമായി ചുരുങ്ങി. പെന്‍ഡ്രൈവുംകൊണ്ട് തിരുവഞ്ചൂര്‍ നിന്നു. ഏറ്റ ജോലികള്‍ പക്ഷേ ഭംഗിയാക്കി. വടകരക്കേസ് വെടക്കാക്കിയെങ്കിലും ആര്‍എംപി എന്ന സഖ്യകക്ഷിയെക്കൊണ്ട് കോണ്‍ഗ്രസിന്റെ കൊടിപിടിപ്പിച്ചു. ചന്ദ്രശേഖരന്റെ കുടുംബവുമായി സൗഹൃദം ഉറപ്പിച്ച്, ആര്‍എംപിയുടെ ആചാര്യനായി. ജാഥ നടത്താനും നാടത്താതിരിക്കാനും നിരാഹാരം കിടക്കാനും എണീറ്റുപോകാനും കല്‍പ്പിക്കുന്ന ഹൈക്കമാന്‍ഡായി ആര്‍എംപി എന്ന മഹാപ്രസ്ഥാനത്തെ നയിച്ചു. വടകരയില്‍ വഴിയേ പോയവരെ പിടിച്ച് പ്രതിയാക്കാനാണ് മുതിര്‍ന്നതെങ്കില്‍, സോളാര്‍ കേസിനെ മുറംകൊണ്ട് മൂടാനാണ് നോക്കിയത്. അവിടെ ഫോണ്‍ രേഖയുമില്ല, ടിവി ക്യാമറയുമില്ല, ബാങ്ക് അക്കൗണ്ടുമില്ല, ഗസ്റ്റ് ഹൗസ് രജിസ്റ്ററുമില്ല. സരിതയുടെ പുതിയ കേസ്, അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തുവെന്നാണ്്. അത് അന്വേഷണ ഉദ്യോഗസ്ഥരോടും പറയാതെ തരമില്ല. അതുപോലെ പലതും മുക്കിയതിന്റെ മന്ത്രിയും തിരുവഞ്ചൂര്‍ തന്നെ. സോളാര്‍ കേസ്- ആവിയായ തെളിവുകള്‍ എന്ന പുസ്തകമാണ് ശരിക്കും എഴുതേണ്ടത്. അതിനുള്ള നന്ദിയൊന്നും ഉമ്മന്‍ചാണ്ടി കാട്ടിയില്ല. അവസരം കിട്ടിയപ്പോള്‍ ആഭ്യന്തരം പിടിച്ചു. അതിലും പരിഭവമില്ല. ഉള്ളതുകൊണ്ട് ഓണംപോലെ എന്നാണ്. കാടിന്റെ മന്ത്രിയായാലും സിബിഐ അന്വേഷണത്തെക്കുറിച്ചുതന്നെ പറയും.
സ്വന്തം പൊലീസ് അന്വേഷിച്ച് സംതൃപ്തിയടഞ്ഞ വടകരക്കേസ് സിബിഐക്കു വിടാന്‍ രമയെ പട്ടിണിക്കിടുന്ന സമരം നയിക്കാനും തിരുവഞ്ചൂര്‍ വേണം. കാട്ടുതീയെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നേ പറയൂ. വടകര സത്യാന്വേഷണ പുസ്തകം അവസാനിപ്പിക്കുന്നത്, "ടി പിയുടെ ഭാര്യ എന്നെ വിശ്വസിക്കുന്നു" എന്ന പ്രഖ്യാപനത്തോടെയാണ്. ചരിത്രം തന്നെ ന്യായീകരിക്കുമെന്ന സ്വപ്നവും കൂട്ടത്തിലുണ്ട്. വിശ്വാസവും സ്വപ്നവുമേയുള്ളൂ. ഒരു കൊലപാതകക്കേസില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി എടുത്ത അമിത താല്‍പ്പര്യവും നടത്തിയ ഇടപെടലും എന്തിനായിരുന്നെന്ന സംശയം ബാക്കിയാണ്. അയ്യന്തോളിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളായ ലാല്‍ജിയും മധുവും വെട്ടിനുറുക്കപ്പെട്ടപ്പോള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തയാള്‍, എന്തിന് വടകരയിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്തി എന്ന ചോദ്യം വന്നാല്‍ ഉത്തരമുണ്ടാകില്ല. സൗകര്യാധിഷ്ഠിതമാണ് എല്ലാം. ടി പി ചന്ദ്രശേഖരന്റെ കേസിനെ "ഇറച്ചിവില്‍പ്പന"യോട് ഉപമിച്ചതോടെ എല്ലാം പൂര്‍ത്തിയായി. കച്ചവടക്കാര്യമേ മനസ്സിലുള്ളൂ. ആര്‍എംപിക്ക് വോട്ട് വിറ്റ് ലാഭം നേടാനുള്ള ഇടനിലക്കാരനായി നിന്നാല്‍ ദല്ലാള്‍പണം ഉറപ്പായും കിട്ടും.
സൂക്ഷ്മന്‍ deshabhimani varanthapathipp
No comments:
Post a Comment