കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കെഎസ്ഡിപിയില്‍ നടപ്പാക്കി. ബാങ്കുകള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന കുടിശിക ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ 16.6 കോടി രൂപ അനുവദിച്ചു. മാനേജുമെന്റ് പുനഃസംഘടിപ്പിക്കുകയും ആരോഗ്യവകുപ്പ് കെഎസ്ഡിപിയില്‍നിന്ന് മരുന്ന് വാങ്ങാനും തീരുമാനിച്ചു. പണം മുന്‍കൂറായി നല്‍കിയപ്പോള്‍ പ്രവര്‍ത്തനമൂലധനവുമായി. 2006-07ല്‍ 3.68 കോടി രൂപയുടെ ഉല്‍പ്പാദനം നടന്നു. 2007ല്‍ 9.47 കോടി, 2008-09ല്‍ 11.94 കോടി, 2009-10ല്‍ 17.11 കോടിയായി വര്‍ധിച്ചു. 2010-11ല്‍ 33 കോടിയുടെ നേട്ടം കൈവരിച്ചതോടെ കമ്പനി ലാഭത്തിലുമായി. ഉല്‍പ്പാദനമാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥാപനത്തെ ഏറ്റവും മികച്ചതാക്കാന്‍ ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക്കും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമും ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയും ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ജി സുധാകരനും മുന്‍കയ്യെടുത്ത് 9.50 കോടി രൂപ ചെലവില്‍ ബീറ്റാലാക്റ്റം ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് ഉദ്ഘാടനംചെയ്യുകയും മരുന്നുല്‍പ്പാദനം നടത്തുകയുംചെയ്തു.
എന്നാല്‍ പ്ലാന്റിന്റെ പൂര്‍ണ ഉല്‍പ്പാദനശേഷി വിനിയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം കഴിയുന്നില്ല. 40 കോടി രൂപയുടെ നോണ്‍ ബീറ്റാലാക്ടം ഫാക്ടറിക്കും അന്നുതന്നെ തറക്കല്ലിട്ടെങ്കിലും ഇപ്പോഴും ആ അവസ്ഥയില്‍തന്നെ. യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍നിന്ന് ഇതു പിന്‍വലിക്കുകയുംചെയ്തു. 200പേര്‍ക്ക് പുതിയതായി ജോലി ലഭിക്കാവുന്ന അവസരമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. നിലവിലുള്ള അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഏറ്റവും മികച്ച മരുന്ന് പരിശോധന ലബോറട്ടറിയാക്കുന്നതിനും തീരുമാനിച്ചിരുന്നു. പണം പൂര്‍ണമായും മെഡിക്കല്‍ കോര്‍പറേഷന്‍ നല്‍കുമെന്നായിരുന്നു ധാരണ. ബീറ്റാലക്ടം ഇന്‍ജക്ഷന്‍ മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള യൂണിറ്റ് ആരംഭിക്കുന്നതിന് 4.84 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനാവശ്യമായ മെഷീന്‍ വാങ്ങിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ഇതുവരെ കമീഷന്‍ ചെയ്തിട്ടില്ല. നിലവിലുള്ള പഴയയന്ത്രങ്ങളും ഉല്‍പ്പാദനവും ആധുനീകരിക്കാന്‍ 2.5 കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നും പഴയ ശമ്പളകുടിശികയും വിആര്‍എസിന്റെ കുടിശികയും നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. കേരള മെഡിക്കല്‍ കോര്‍പറേഷനുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുകയും ചില്ലറ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കണമെന്നും തൊഴിലാളികള്‍ പറഞ്ഞു. ഈ സ്ഥാപനത്തെ സംരക്ഷിക്കാന്‍ ഒന്നുംചെയ്യാന്‍ സ്ഥലം എംപിക്ക് കഴിഞ്ഞിട്ടില്ലെന്നത് അദ്ദേഹത്തിന്റെ തൊഴിലാളിവഞ്ചനയുടെ മറ്റൊരു മുഖമാണെന്നും തൊഴിലാളികള്‍ പറയുന്നു.
deshabhimani
No comments:
Post a Comment