Saturday, March 22, 2014

ടുജി കൊള്ളയ്ക്ക് വെള്ളപൂശി; ചാക്കോ ചാലക്കുടി നേടി

1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ "നിഷ്കളങ്കരായ" പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും അഴിമതിവീരന്‍ എ രാജ പറഞ്ഞുപറ്റിച്ചുവെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷനായിരുന്ന് റിപ്പോര്‍ട്ട് എഴുതിയ പി സി ചാക്കോയ്ക്ക് എന്തുകൊടുത്താല്‍ മതിയാകും? ചാലക്കുടി സീറ്റ് പോരേ. സിറ്റിങ് എംപിമാര്‍ അതത് മണ്ഡലങ്ങളില്‍തന്നെ വീണ്ടും ജനവിധി തേടിയാല്‍ മതിയെന്ന തീരുമാനം ചാക്കോയുടെ കാര്യത്തില്‍ മാത്രം ഹൈക്കമാന്‍ഡ് പുനഃപ്പരിശോധിച്ചതിന് മറ്റൊരു കാരണവുമില്ല. അവസാന നിമിഷംവരെ ചാലക്കുടിയില്‍ മുറുകെപ്പിടിച്ച ധനപാലനോട് ഹൈക്കമാന്‍ഡ് പറഞ്ഞത് ഇത്രമാത്രം, വേണമെങ്കില്‍ തൃശൂരില്‍ പോയി മത്സരിക്കുക. അതല്ലെങ്കില്‍ മത്സരരംഗത്തുനിന്ന് പിന്മാറുക.

മണ്ഡലംമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷയുടെ വസതിയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് വി എം സുധീരനെയും ധനപാലനെയും അറിയിച്ചത്. എംപിയെന്ന നിലയില്‍ പൂര്‍ണ പരാജയമായിരുന്ന പി സി ചാക്കോയ്ക്ക് ആവശ്യപ്പെട്ട മണ്ഡലം നല്‍കേണ്ടിവന്നതിന്റെ രഹസ്യം ആന്റണി പിന്നീട് കേരള നേതാക്കളോട് വെളിപ്പെടുത്തി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രംകേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി പി ചിദംബരത്തെയും സംരക്ഷിച്ചതിനുള്ള പ്രതിഫലം. 2ജി സ്പെക്ട്രം കേസ് പരിശോധിക്കുന്ന ജെപിസി അധ്യക്ഷന് നിയമപരിജ്ഞാനത്തെക്കാള്‍ വക്രബുദ്ധിയും തൊലിക്കട്ടിയുമാണ് ആവശ്യമെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് ആഗ്രഹിച്ചതുപോലെ ചാക്കോ സ്തുത്യര്‍ഹമായിതന്നെ സേവിച്ചു. എല്ലാ കുറ്റവും എ രാജയില്‍ ചുമത്തി. 30 അംഗ ജെപിസിയില്‍ വളഞ്ഞവഴിയിലൂടെ റിപ്പോര്‍ട്ടിന് അംഗീകാരവും വാങ്ങിയെടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി ചിദംബരത്തെയും ജെപിസി മുമ്പാകെ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ തുടക്കംമുതല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചാക്കോ തയ്യാറായില്ല. സമിതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ പറയാന്‍ താല്‍പ്പര്യമുണ്ടെന്ന് എ രാജ ചാക്കോയ്ക്ക് കത്തയച്ചു. അതും പരിഗണിച്ചില്ല. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിച്ചുവരുത്തേണ്ടതിന്റെ അനിവാര്യത സിപിഐ എം പാര്‍ലമെന്റി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി തന്റെ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. മന്‍മോഹനും ചിദംബരത്തിനും എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന രാജയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ ജെപിസി അധ്യക്ഷന്‍ താല്‍പ്പര്യം കാട്ടിയില്ല. പ്രധാനമന്ത്രിയെ രാജ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍,മന്ത്രിസഭാ യോഗങ്ങളിലും പ്രധാനമന്ത്രിയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളിലും കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയിരുന്നുവെന്ന് രാജ സമിതിക്കയച്ച കത്തില്‍ പറഞ്ഞു. ലേലം ഉണ്ടാവില്ലെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയമാകും സ്വീകരിക്കുകയെന്നും 2001ലെ വിലയ്ക്കുതന്നെയാകും സ്പെക്ട്രം വിതരണമെന്നും 2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി ആദ്യവാരം പ്രധാനമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ സ്പെക്ട്രം വിതരണ നടപടികള്‍ക്ക് അനുമതി നല്‍കിയതായും രാജ പറഞ്ഞു. ഇത് ശരിയോ തെറ്റോ എന്നുപോലും സമിതി പരിശോധിച്ചില്ല. സ്പെക്ട്രത്തിന്റെ 2001ലെ അടിസ്ഥാനവിലയായ 1650 കോടി രൂപതന്നെ 2008 ലും ഈടാക്കാന്‍ ചിദംബരം അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലെന്ന് പരിശോധിച്ചില്ല. സ്പെക്ട്രം സ്വന്തമാക്കിയ യൂണിടെക്, സ്വാന്‍ എന്നീ കടലാസുകമ്പനികള്‍ പിന്നീട് തങ്ങളുടെ ഓഹരികള്‍ വിറ്റ് കോടികള്‍ നേടി. സ്പെക്ട്രം നേടുന്ന കമ്പനികള്‍ മൂന്നുവര്‍ഷത്തേക്ക് ഓഹരികള്‍ വില്‍ക്കാന്‍പാടില്ലെന്നുണ്ട്. എന്നാല്‍, ചിദംബരം അതിന് അനുമതി നല്‍കി. 1621 കോടി രൂപയ്ക്ക് ലൈസന്‍സ് നേടിയ യൂണിടെക് 60 ശതമാനം ഓഹരി വിറ്റ് 6200 കോടി രൂപ നേടി. സ്വാന്‍ 1530 കോടിക്ക് ലൈസന്‍സ് വാങ്ങി 45 ശതമാനം ഓഹരി വിറ്റ് 4500 കോടി രൂപ നേടി. കമ്പനികള്‍ തമ്മിലുള്ള ലയനത്തിന്റെ മറവിലായിരുന്നു ഓഹരിവില്‍പ്പന. ഈ വിഷയവും സമിതി പരിശോധിച്ചില്ല. പകരം എല്ലാ അഴിമതിയും സമിതി അധ്യക്ഷനായിരുന്ന് ചാക്കോ ഭംഗിയായി മൂടിപ്പുതപ്പിച്ചു. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരണ സ്മരണ പോലെ ചാലക്കുടി സീറ്റും തരപ്പെടുത്തി.

എം പ്രശാന്ത് deshabhimani

No comments:

Post a Comment