Saturday, March 29, 2014

ജി 20, ബ്രിക്സ് രാജ്യങ്ങളില്‍ വിലക്കയറ്റത്തില്‍ ഇന്ത്യ മുമ്പില്‍

ജി-20, ബ്രിക്സ് കൂട്ടായ്മ എന്നിവയിലെ അംഗരാജ്യങ്ങളില്‍ ഏറ്റവും രൂക്ഷമായ വിലക്കയറ്റം ഇന്ത്യയില്‍. ഇന്ത്യയില്‍ 10.7 ശതമാനമാണ് ഉപഭോക്തൃ വിലസൂചികയിലെ വര്‍ധന. ചൈന-2.6, ദക്ഷിണാഫ്രിക്ക-6.4, റഷ്യ-6.5, ബ്രസീല്‍-6.1 എന്നിങ്ങനെയാണ് ഇതര ബ്രിക്സ് രാജ്യങ്ങളിലെ പണപ്പെരുപ്പനിരക്ക്. ജി-20 രാജ്യങ്ങളില്‍ ജപ്പാന്‍-0.9, ദക്ഷിണകൊറിയ-1.5, സൗദി അറേബ്യ-3.7, ഇന്തോനേഷ്യ-8.5 എന്ന നിരക്കിലും. രൂക്ഷമായ വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം തട്ടിപ്പാണെന്ന് തെളിയിക്കുന്ന കണക്കുകള്‍ സിപിഐ എമ്മാണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ടി തയ്യാറാക്കിയ "ഭക്ഷ്യസുരക്ഷയും വിലനിയന്ത്രണനയവും' സംബന്ധിച്ച ലഘുലേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇതുള്‍പ്പെടെ ഏഴ് ലഘുലേഖകള്‍ പിബി അംഗം എ കെ പത്മനാഭനും കേന്ദ്ര സെക്രട്ടറിയറ്റംഗം സുധ സുന്ദരരാമനും പ്രകാശനം ചെയ്തു.കൂടിയ ഉപഭോഗമാണ് വിലക്കയറ്റം രൂക്ഷമാക്കുന്നതെന്ന കള്ളപ്രചാരണത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യയില്‍ 77 ശതമാനവും പ്രതിദിനം 20 രൂപയില്‍ താഴെയാണ് ചെലവഴിക്കുന്നത്. ഇന്ധനം, വളം എന്നിവയുടെ വിലക്കയറ്റം, വൈദ്യുതിനിരക്കിലെയും ചരക്ക്കടത്ത് കൂലിയിലെയും വര്‍ധന എന്നിവയാണ് വിലക്കയറ്റം സൃഷ്ടിച്ചത്.

കാര്‍ഷികമേഖലയില്‍ കൂടുതല്‍ സബ്സിഡി ഇന്ത്യയിലാണെന്ന തെറ്റായ പ്രചാരണവും നടത്തുന്നു. 1999ല്‍ ഇന്ത്യയില്‍ ഒരു കര്‍ഷകന് ലഭിച്ച സബ്സിഡി 3960 രൂപ മാത്രം. യൂറോപ്യന്‍ യൂണിയനില്‍ ഇത് 10,20,000 രൂപ. ക്യാനഡയില്‍ 5,40,000 രൂപയും ജപ്പാനില്‍ 15,60,000 രൂപയും അമേരിക്കയില്‍ 12,60,000 രൂപയും ഒഇസിഡി രാജ്യങ്ങളിലെ ശരാശരി 6,60,000 രൂപയും ആയിരുന്നു.1996-2012 കാലയളവില്‍ ഇന്ത്യയില്‍ 2,84,694 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ എന്ന നിരക്കില്‍. അതേസമയം, ജീവനൊടുക്കിയ പതിനായിരക്കണക്കിന് കുടിയാന്മാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസികളുടെയും ദളിതരുടെയും കര്‍ഷകവനിതകളുടെയും എണ്ണം ഇതില്‍വരുന്നില്ല.തൊഴില്‍മേഖലയിലും സാമ്പത്തികപരിഷ്കാരങ്ങളുടെ കെടുതി പ്രകടം.

ഫാക്ടറികളില്‍ 1981-82ല്‍ ശമ്പളത്തിന്റെ വിഹിതം 30.28 ശതമാനം ആയിരുന്നെങ്കില്‍ 2007-08ല്‍ ഇത് 10.60 ശതമാനമായി. കമ്പനികളുടെ ലാഭവും കുത്തകകളില്‍ കേന്ദ്രീകരിക്കുന്നു. 2005-06ല്‍ 500 കോടിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കിയത് 133 കമ്പനികള്‍. മൊത്തം ലാഭത്തിന്റെ പകുതിയോളം പങ്കിടുന്നത് കമ്പനികളുടെ എണ്ണത്തിന്റെ 0.04 ശതമാനം മാത്രം വരുന്ന ചെറുന്യൂനപക്ഷം.

ദേശാഭിമാനി

No comments:

Post a Comment