കോഴിക്കോട്: ആര്‍എസ്എസ് കാര്യാലയത്തില്‍ ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കിയാണ് താനും രത്നസിങ്ങും 1991-ല്‍ ബേപ്പൂരിലും വടകരയിലും കോലീബി സ്ഥാനാര്‍ഥികളായി മത്സരിച്ചതെന്ന് ഡോ. കെ മാധവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മത്സരിക്കും മുമ്പ് കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോലീബി സഖ്യമുണ്ടായിരുന്നില്ലെന്ന കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വാദം അസംബന്ധമാണ്. സഖ്യമില്ലായിരുന്നെന്ന് രത്നസിങ്ങ് പറയുന്നതും സത്യമല്ല- അദ്ദേഹം പറഞ്ഞു.
കുപ്രസിദ്ധമായ അന്നത്തെ കോലീബി സഖ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടിരുന്നു. കോഴിക്കോട് ആര്‍എസ്്എസ് കാര്യാലയത്തിലായിരുന്നു പ്രാഥമിക ചര്‍ച്ച. ആര്‍എസ്എസ്, ബിജെപി നേതാക്കളും താനും രത്നസിങ്ങും പങ്കെടുത്തു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത് എം പി ഗംഗാധരനായിരുന്നു. കെ കരുണാകരനും സഖ്യമുണ്ടാക്കുന്നതില്‍ പങ്കുവഹിച്ചു. ബിജെപിയുടെ ഭാഗത്തുനിന്ന് കെ ജി മാരാരും പി പി മുകുന്ദനുമുണ്ടായിരുന്നു. ആര്‍എസ്എസ് നേതാക്കളായ പി പരമേശ്വരനും പി ഗോപാലന്‍കുട്ടിയും മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വെറും സഖ്യമായിരുന്നില്ല, ചര്‍ച്ചചെയ്ത് പരസ്പര ധാരണയുണ്ടാക്കിയാണ് അന്ന് കോണ്‍ഗ്രസും ബിജെപിയും ലീഗും ചേര്‍ന്ന് തങ്ങളെ സ്ഥാനാര്‍ഥികളാക്കിയത്. ഫറോക്ക് പിഡബ്ല്യുഡി റസ്റ്റ്ഹൗസിലായിരുന്നു ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. പി കെ കുഞ്ഞാലിക്കുട്ടി, കെ എന്‍ എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, ബിജെപി, ലീഗ് മുന്‍ നിരനേതാക്കള്‍ പിന്തുണ തന്നതിനാലാണ് സ്ഥാനാര്‍ഥിയായത്. സഖ്യമുണ്ടാക്കി മത്സരിച്ചശേഷം ഈ കക്ഷികളും നേതാക്കളും അത് നിഷേധിക്കുന്നത് വേറെയെന്തെങ്കിലും ഭയന്നാകും- 89കാരനായ ഡോക്ടര്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
ഈ കക്ഷികളെല്ലാം തനിക്കായി ഒന്നിച്ച് പ്രചാരണം നടത്തി. ഫറോക്കിലെ ബേപ്പൂര്‍മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ബിജെപിയും ലീഗും അവരുടെ പ്രവര്‍ത്തകരെ നിയോഗിച്ചാണ് പ്രവര്‍ത്തനം നിയന്ത്രിച്ചത്. കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതാക്കള്‍ ദിവസവും തന്നില്‍നിന്ന് പണം വാങ്ങിയാണ് പ്രചാരണം സംഘടിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഏറ്റവുമധികം യോഗത്തില്‍ പ്രസംഗിച്ചത് തനിക്കായാണ്- 15 യോഗത്തില്‍. കരുണാകരനും കെ ജി മാരാരും സജീവമായി യോഗങ്ങളിലെത്തി. അന്നത്തെ തോല്‍വിയുടെ തുടര്‍ച്ചയായാണ് യുഡിഎഫ് സര്‍ക്കാര്‍ രത്നസിങ്ങിനെ അഡ്വക്കറ്റ് ജനറലാക്കിയത്. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡി. കോളേജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച ഡോ. മാധവന്‍കുട്ടി 1989ല്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്വതന്ത്രനായാണ് ആദ്യം തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. ഇരുപത്വര്‍ഷം ഭാരതീയവിചാരകേന്ദ്രത്തിന്റെ അധ്യക്ഷനുമായിരുന്നു.
പി വി ജീജോ deshabhimani
No comments:
Post a Comment