Wednesday, March 26, 2014

ഗുജറാത്ത് മോഡല്‍ ജനം നിരാകരിക്കും: വൃന്ദ

നരേന്ദ്രമോഡി അവതരിപ്പിക്കുന്ന ഗുജറാത്ത് മോഡല്‍ ജനത്തിന് അംഗീകരിക്കാനാവാത്തതാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഗുജറാത്തില്‍ വര്‍ഗീയകലാപം ഇല്ലാതാക്കിയെന്ന മോഡിയുടെ അവകാശവാദം പരിഹാസ്യമാണ്. 2013ല്‍ മാത്രം 66 വര്‍ഗീയ ആക്രമണങ്ങളുണ്ടായി. 2009-12 കാലയളവില്‍ 32 പേരാണ് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ രാജ്യത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ 10 ശതമാനം. ലോക്സഭയില്‍ അവതരിപ്പിച്ച ഈ കണക്ക് ബിജെപി നിഷേധിച്ചിട്ടില്ലെന്നും വൃന്ദ പറഞ്ഞു. "ഗുജറാത്ത് മോഡലിന്റെ" പൊള്ളത്തരം തുറന്നുകാട്ടി സിപിഐ എം പ്രസിദ്ധീകരിച്ച ലഘുലേഖകളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വൃന്ദ.

വികസനത്തില്‍ ഗുജറാത്ത് മുന്നിലാണെന്ന അവകാശവാദം തെറ്റാണെന്ന് ഔദ്യോഗിക ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാ വിഭാഗം തൊഴിലാളികളുടെയും വരുമാനം ദേശീയ ശരാശരിയിലും കുറവ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും ഗുജറാത്ത് പിന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ ചെലവിടുന്ന വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനം യഥാക്രമം 14, 16 സ്ഥാനങ്ങളിലാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വളര്‍ച്ചയാണ് ഇവിടെ. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ എണ്ണം 58 ശതമാനമാണ് - വൃന്ദ പറഞ്ഞു. "ഗുജറാത്ത് മാതൃക തിരസ്കരിക്കുക", "ബിജെപിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷത സംരക്ഷിക്കുക" എന്നീ ലഘുലേഖകളാണ് വൃന്ദയും സിപിഐ എം ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുണ്‍ മേത്തയും ചേര്‍ന്ന് പ്രകാശനം ചെയ്തത്. സിപിഐ എം കേന്ദ്രകമ്മിറ്റിയാണ് ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവ പ്രസിദ്ധീകരിച്ചത്

(ലഘുലേഖ ഇവിടെ ഉണ്ട് http://www.cpim.org/elections-2014/election-issues/no-gujarat-model)

No comments:

Post a Comment