Thursday, March 27, 2014

ആന്റോ ആന്റണിക്ക് കവിയൂര്‍ നിവാസികളുടെ തുറന്ന കത്ത്

ബഹുമാനപ്പെട്ട എംപി ആന്റോ ആന്റണിജി,

സുസ്ഥിര വികസനത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ എന്ന പേരില്‍ അങ്ങ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്ന ബുക്ക്ലെറ്റ് ശ്രദ്ധയില്‍പ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന കുടിവെള്ളവിതരണ പദ്ധതികള്‍ക്കായി ജില്ലയില്‍ 2009 ഏപ്രില്‍ മുതല്‍ 2013 ഡിസംബര്‍ വരെ അനുവദിക്കപ്പെട്ട കുടിവെള്ള വിതരണ പദ്ധതികളുടെ ലിസ്റ്റില്‍ കവിയൂര്‍-കുന്നന്താനം കുടിവെള്ള പദ്ധതിയുടെ പേരും കണ്ടതിന്റെ അടിസ്ഥാനത്തിലാണീ കത്തെഴുതുന്നത്. ഈ പദ്ധതിക്കായി "1421 ലക്ഷം രൂപ" അങ്ങയുടെ ശ്രമഫമായി മുടക്കിയിരിക്കുന്നതായാണ് അങ്ങ് അവകാശപ്പെടുന്നത്. കവിയൂര്‍, കുന്നന്താനം പഞ്ചായത്തുകള്‍ മണിമലയാറിനോട് ചേര്‍ന്നാണ് കിടക്കുന്നതെങ്കിലും അതിരൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് ഇവിടം എന്ന് അങ്ങേയ്ക്കറിയില്ലല്ലോ? കാരണം അങ്ങ് ഇവിടെ വന്നത് അഞ്ചുവര്‍ഷം മുമ്പ് ഒരിക്കല്‍ മാത്രമാണ്. മണിമലയാറിലെ കവിയൂര്‍ ഭാഗത്തുനിന്നെടുക്കുന്ന വെള്ളം കുട്ടനാട്, ചങ്ങനാശേരി താലൂക്കുകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലും വിതരണം നടത്തുന്നുണ്ടെങ്കിലും അതിലൊരുഭാഗം കവിയൂരിന് നല്‍കാന്‍ ആദ്യം തയ്യാറായിരുന്നില്ല എന്നകാര്യം അങ്ങയ്ക്ക് അറിവുണ്ടായിരിക്കാന്‍ സാധ്യതയില്ല. പഞ്ചായത്ത്കമ്മിറ്റി 1985 മുതല്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രസ്തുത പദ്ധതിയില്‍ നിന്ന് കുറെ വെള്ളം കവിയൂരിനും കുന്നന്താനത്തിനും നല്‍കാന്‍ തുടങ്ങിയതെന്നും അങ്ങേയ്ക്ക് അറിയാമെന്നു കരുതുന്നില്ല. ആഴ്ചയിലൊരിക്കല്‍ വീതം ഓരോ ഭാഗത്തെത്തിയിരുന്ന വെള്ളം ഞങ്ങളുടെ ആവശ്യത്തിന് പര്യാപ്തവുമായിരുന്നില്ല.

1995ല്‍ ഈ പഞ്ചായത്തുകള്‍ക്കുമാത്രമായി കുടിവെള്ള പദ്ധതി ആരംഭിക്കണമെന്ന് സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. 2005 ഒക്ടോബര്‍ രണ്ടിന് അധികാരത്തില്‍വന്ന കുന്നന്താനത്തെയും കവിയൂരിലെയും എല്‍ഡിഎഫ് ഭരണസമിതികള്‍ മുന്‍കൈയെടുത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് പദ്ധതിക്ക് ജീവന്‍ വച്ചത് എന്നകാര്യം അങ്ങേയ്ക്കറിയില്ലെങ്കിലും ഞങ്ങള്‍ കവിയൂരുകാര്‍ക്ക് നന്നായി അറിയാം. ബഹുമാന്യനായ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അന്നു സംസ്ഥാനം ഭരിച്ച സര്‍ക്കാര്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കിയ കാര്യവും പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അന്ന് മന്ത്രിയായിരുന്ന സ്ഥലം എംഎല്‍എ കൂടിയായ മാത്യു ടി തോമസിന്റെ പങ്കും മാത്രമാണ് ഞങ്ങള്‍ക്കറിയാവുന്നത്. 2007 സെപ്തംബര്‍ 25ന് സംസ്ഥാനത്തെ 13 കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ച കൂട്ടത്തില്‍ കവിയൂര്‍-കുന്നന്താനം പദ്ധതിയും ഉള്‍പ്പെട്ടിരുന്നു എന്നകാര്യം തീര്‍ച്ചയായും അങ്ങ് അറിഞ്ഞിരിക്കാനിടയില്ല. കാരണം അന്ന് അങ്ങ് എംപിയായിരുന്നില്ലല്ലോ? 2007ല്‍ ഏഴരക്കോടി രൂപയുടെ ഭരണാനുമതിയും 2008ല്‍ സാങ്കേതികാനുമതിയും ലഭിക്കുമ്പോള്‍ പദ്ധതിയുടെ ശുചീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം പഞ്ചായത്തുകള്‍ വാങ്ങി നല്‍കണം എന്ന കാര്യം അങ്ങ് അറിയാന്‍ കാരണമൊന്നും ഞങ്ങള്‍ കാണുന്നില്ല.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ചെറിയാന്‍ വര്‍ഗീസ് ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് സി കെ ലതാകുമാരി കണ്‍വീനറുമായി രൂപീകരിച്ച ജനകീയ കമ്മിറ്റി 1.7.2008 മുതല്‍ ഇതിനായി സംഭാവന ശേഖരിച്ച വിവരം കോണ്‍ഗ്രസുകാര്‍ പറഞ്ഞുപോലും അങ്ങ് അറിഞ്ഞിരിക്കില്ല. കാരണം പദ്ധതി തുടങ്ങിയാല്‍ അത് എല്‍ഡിഎഫിന് നേട്ടമാകും എന്നു കരുതിയ സ്ഥലത്തെ അങ്ങയുടെ പാര്‍ടിക്കാര്‍ ഫണ്ട് ശേഖരണം തടസ്സപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ചു എന്ന വിവരം അവരോട് ചോദിച്ചാല്‍ ഒരുപക്ഷേ പറഞ്ഞു എന്ന് വരില്ല. പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ കാര്‍ഡില്‍ കോളംവെട്ടി ശേഖരിച്ചതടക്കം 22,92,434 രൂപയാണ് സ്ഥലം വാങ്ങാന്‍ ഉപയോഗിച്ചത് എന്ന വിവരവും അങ്ങ് അറിഞ്ഞിരിക്കില്ല. കെഎന്‍എം എച്ച്എസ്എസ്-13465, സിഎംഎസ് എല്‍പിഎസ്-600, എന്‍എസ്എസ് എച്ച്എസ്-19100, എന്‍എസ്എസ് എച്ച്എസ്എസ്-4500, സിപിവി എല്‍പിഎസ് കോട്ടൂര്‍-1000, എന്‍എസ്എസ് എല്‍പിഎസ്-1000, മുണ്ടിയപ്പള്ളി സിഎംഎസ് എച്ച്എസ്-13700, ശങ്കരമംഗലം സ്കൂള്‍-21565, നീലകണ്ഠവിദ്യാപീഠം-10000 തുടങ്ങിയ വിദ്യാര്‍ഥി വിഹിതവും ബിലീവേഴ്സ് ചര്‍ച്ച് അഞ്ചുലക്ഷം, പൗര്‍ണമി മഠം രാജേന്ദ്രപ്രസാദ് ഒരുലക്ഷത്തി അയ്യായിരം, മുണ്ടിയപ്പള്ളി സുവിശേഷാലയം 5000 തുടങ്ങി സ്ഥാപനങ്ങളും വ്യക്തികളുമായി 114പേരില്‍നിന്ന് 10 ലക്ഷം രൂപയും ഇരുപഞ്ചായത്തുകളില്‍നിന്നുമായി വിഹിതവും ഉള്‍പ്പെടെ 23 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. ഈ പട്ടികയില്‍ ഒറ്റ കോണ്‍ഗ്രസുകാരനും ഉള്‍പ്പെട്ടിട്ടില്ല എന്ന വസ്തുതയും അങ്ങ് അറിയേണ്ടതുണ്ട്.

2009 ജനുവരി രണ്ടിന് 15 ലക്ഷം രൂപ വിലയും രണ്ടരലക്ഷത്തോളം രൂപ രജിസ്ട്രേഷനും ചെലവാക്കിയാണ് ഗണപതിക്കുന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയത്. പിരിച്ചെടുത്തതില്‍ ബാക്കിവന്ന 3,68,309 രൂപ കവിയൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ എസ്ബി "എസി 7597ല്‍" അവശേഷിക്കുന്ന വിവരം ഇപ്പോള്‍ സ്ഥലത്തെ അങ്ങയുടെ പാര്‍ടിക്കാര്‍ക്കറിയാം. കാരണം അവരാണല്ലോ പഞ്ചായത്ത് ഭരിക്കുന്നത്. ഈ വിവരങ്ങള്‍ അറിയാതെപോയത് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങില്‍ അങ്ങ് പങ്കെടുക്കാതിരുന്നതുകൊണ്ടാണ്. പദ്ധതിയുടെ ശിലാസ്ഥാപനചടങ്ങ് നടന്നത് അങ്ങ് എംപിയായതിന് ശേഷമാണ്. 10.7.2010ല്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്താന്‍ അങ്ങയെ ക്ഷണിച്ചെങ്കിലും അങ്ങ് വന്നിരുന്നില്ല. ആ യോഗത്തില്‍ സംഭാവനയുടെ കണക്ക് അച്ചടിച്ചു വിതരണം ചെയ്തിരുന്നു. അങ്ങ് അന്നു വന്നിരുന്നെങ്കില്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള വിവേകശൂന്യത കാട്ടുമായിരുന്നില്ല എന്നു ഞങ്ങള്‍ കരുതുന്നു.

 സുസ്ഥിര വികസന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന മറ്റ് വികസന പദ്ധതികളും ഇതുപോലെ തന്നെയാണോ എന്ന് ഞങ്ങള്‍ ന്യായമായും സംശയിച്ചാല്‍ ഞങ്ങളെ കുറ്റപ്പെടുത്തരുതേ എന്നപേക്ഷിച്ചുകൊണ്ട്

സ്നേഹപൂര്‍വം,
ഒരുപറ്റം കവിയൂര്‍ നിവാസികള്‍

No comments:

Post a Comment