Thursday, March 27, 2014

ധനകാര്യം: എന്തൊരു തിരിച്ചുപോക്ക്

ട്രഷറി നിയന്ത്രണം, ക്ഷേമപെന്‍ഷന്‍ കുടിശ്ശിക, പണം കിട്ടാതെ കരാര്‍പണികളുടെ ബില്ലുകള്‍, സ്ഥിരം ഓവര്‍ഡ്രാഫ്റ്റ്, ട്രഷറി സ്തംഭനം.... മുന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭരണ സവിശേഷതകള്‍ ജനങ്ങള്‍ മറന്നുകാണില്ല. എന്നാല്‍, തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുകാരുടെ ബില്ലെല്ലാം പാസാക്കി. 2300 കോടി രൂപ ഇതിനുമാത്രം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ക്ക് രണ്ടു വര്‍ഷംവരെ കുടിശ്ശികയുണ്ടായിരുന്നു. അതും നല്‍കി. അവസാന നാലുവര്‍ഷം ഒരു ദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റായില്ല. അവസാന രണ്ട് വര്‍ഷം റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ പോലും എടുത്തില്ല.

2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ 3853 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നു. എന്നാല്‍, ഈ ധനകാര്യവര്‍ഷം അവസാനിക്കാന്‍ ഇനിയും അഞ്ചു ദിവസം ബാക്കിയുണ്ട്. ട്രഷറിയില്‍ മിച്ചത്തിന് പകരം കമ്മിയായി. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാണ്. ട്രഷറിയാകട്ടെ കടുത്ത നിയന്ത്രണത്തിലും. മാര്‍ച്ച് 22ന് ശേഷം തദ്ദേശസ്ഥാപനങ്ങളുടെ ഒരു പുതിയ അലോട്ട്മെന്റും സ്വീകരിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുടെ പണമിടപാടുകള്‍ നിര്‍ത്തിവച്ചുള്ള ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍, മാണി പറയുന്നത് ഒരു ധനപ്രതിസന്ധിയും ഇല്ലെന്നാണ്. കഴിഞ്ഞ വര്‍ഷം സാമ്പത്തികവര്‍ഷത്തിന്റെ അവസാനം മൂന്നു ദിവസം ട്രഷറിയില്‍നിന്ന് ചെലവായത് 5000 കോടി രൂപയിലേറെയാണ്. 2011ല്‍ 7000 കോടി രൂപയും. ഇതിന് പണമില്ലാത്തതിനാലാണ്് കടുത്ത നിയന്ത്രണം. ധനസ്ഥിതി സംബന്ധിച്ച് അദ്ദേഹം കള്ളം ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

2012-13ല്‍ റവന്യുകമ്മി 3406 കോടി രൂപയായി (0.9 ശതമാനം) കുറയുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പക്ഷേ, കംപട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് വന്നപ്പോള്‍ കമ്മി 9351 കോടി രൂപയാണെന്നു തെളിഞ്ഞു. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 ശതമാനം. ഇതേ അടവ് തന്നെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ച്് കെ എം മാണി പയറ്റിയത്. ഡിസംബര്‍വരെയുള്ള യഥാര്‍ഥ കണക്ക് അദ്ദേഹത്തിന്റെ കൈയിലുണ്ടായിട്ടും 2013-14ല്‍ റവന്യൂ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവ് 14 ശതമാനമായി കുറയുമെന്നുമുള്ള അനുമാനത്തിലാണ് കണക്കുകള്‍ അദ്ദേഹം തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-14 റവന്യൂകമ്മി 6208 കോടി രൂപ അഥവാ സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനമേ വരൂ എന്നാണ് അദ്ദേഹം വാദിച്ചത്. പക്ഷേ, റവന്യൂവരുമാനം 12 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാകട്ടെ 20 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ എല്ലാ ചെലവുകള്‍ക്കും മാര്‍ച്ചില്‍ പണം അനുവദിച്ചാല്‍ റവന്യൂ കമ്മി 15,263 കോടി രൂപയാകും.

പക്ഷേ, കേരള സര്‍ക്കാരിന് 12,000 കോടിയേ വായ്പയെടുക്കാന്‍ അനുവാദമുള്ളൂ. തെരഞ്ഞെടുപ്പ് പ്രമാണിച്ച് 600 കോടി കൂടി അനുവദിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ ട്രഷറി പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പണം അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നത്. അവരുടെ പദ്ധതിച്ചെലവ് 50 ശതമാനത്തില്‍ താഴെയായിരിക്കും. സംസ്ഥാന പദ്ധതി മൂന്നിലൊന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. അത് പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രം. പദ്ധതിച്ചെലവ് വര്‍ധിപ്പിച്ച് കാണിക്കാന്‍ ഡിപ്പാര്‍ട്മെന്റുകളോട് പദ്ധതിപ്പണം പിന്‍വലിച്ച് അവരുടെ ട്രഷറി അക്കൗണ്ടില്‍തന്നെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. കരാറുകാരുടെ കുടിശ്ശിക ഏതാണ്ട് 2500 കോടിയായി. ഏഴുമാസമായി ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണം അവയ്ക്കായി ചെലവഴിക്കാതെ വകമാറ്റുകയാണ്. എന്നിട്ടും കെ എം മാണി പറയുന്നത് ധനപ്രതിസന്ധിയില്ലെന്നാണ്. ഈ അപാരമായ തൊലിക്കട്ടിയെ നമിക്കാതെ നിര്‍വാഹമില്ല.

ഡോ. ടി എം തോമസ് ഐസക്

കടം കുതിച്ചുയര്‍ന്നു

സംസ്ഥാനത്തിന്റെ പൊതുകടം മൂന്ന് വര്‍ഷത്തിനിടയില്‍ കുതിച്ചുയര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 78,673.24 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത ഇപ്പോള്‍ 1,27,200 കോടി രൂപയായി. മൂന്ന് വര്‍ഷത്തിനിടയില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് 46,527 കോടി രൂപയുടെ ബാധ്യത. പലിശ ചേര്‍ത്ത് നല്‍കേണ്ട വായ്പയാണ് കടമായി തരം തിരിച്ചിട്ടുള്ളത്. ആഭ്യന്തരകടം, കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള വായ്പകളും മുന്‍കൂറുകളും ചെറുസമ്പാദ്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സംസ്ഥാനത്തിന്റെ കടം. 2009-10 വര്‍ഷം കടം 70,969 കോടി രൂപയായിരുന്നു. 10-11ല്‍ ഇത് 78673.2 കോടിയായി. യുഡിഎഫ് അധികാരമേറ്റ വര്‍ഷം (2011-12) 10,745 കോടി രൂപ കടമെടുത്തു. ഈ സാമ്പത്തികവര്‍ഷം പൊതുവിപണിയില്‍നിന്ന് മാത്രം 13,200 കോടി രൂപ കടമെടുത്തു. സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി 12,500 കോടി രൂപയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് 6,00 കോടി രൂപ കൂടി കടമെടുത്തത്. ആയിരത്തഞ്ഞൂറു കോടി രൂപയുടെ കടമെടുക്കാനാണ് അനുമതി തേടിയത്. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പിന് പുറമെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വായ്പകളും മുന്‍കൂറുകളും ചെറുസമ്പാദ്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍, കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുടങ്ങി 10,000 കോടിയിലേറെ കടബാധ്യത കൂടി ഉണ്ട്. ഇതോടെ 2013-14 സാമ്പത്തികവര്‍ഷത്തെ മാത്രം 24,000 കോടി രൂപ. കടം കുത്തനെ ഉയര്‍ന്നത് പലിശബാധ്യതയും വര്‍ധിപ്പിച്ചു. നിയന്ത്രണരഹിതമായി കടഭാരം കുത്തനെ വര്‍ധിക്കുകയാണ്. വായ്പകളുടെ 80 ശതമാനത്തിലേറെ കടങ്ങളുടെയും പലിശകളുടെയും തിരിച്ചടവിലേക്കാണ് പോകുന്നത്. കടമെടുത്ത് കടത്തിന്റെ പലിശയടയ്ക്കുന്ന സ്ഥിതിയാണ്. 2012-13ല്‍ 7,204 കോടി രൂപയായിരുന്നു പലിശ നല്‍കാന്‍ നീക്കിവച്ചത്. അടുത്ത സാമ്പത്തികവര്‍ഷം ഇത് 12,500 കോടിയാകും.

ധനപ്രതിസന്ധി: മുഖ്യമന്ത്രി സത്യം പറയണം

ആലപ്പുഴ: കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി സത്യം പറയണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധനസ്ഥിതിയെക്കുറിച്ച് ധനമന്ത്രി കെ എം മാണി നിരന്തരം കള്ളം പറയുകയാണ്. ധനപ്രതിസന്ധിക്ക് ഇനിയെന്ത് തെളിവാണ് വേണ്ടത്. 22നുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു അലോട്ട്മെന്റും സ്വീകരിച്ചിട്ടില്ല. കരാറുകാര്‍ക്ക് 2500 കോടി നല്‍കാനുണ്ട്. ക്ഷേമപെന്‍ഷന്‍ ഏഴുമാസം കുടിശ്ശികയാണ്. സറണ്ടര്‍ മാറില്ല. പിഎഫ് ലോണ്‍ ഇല്ല. അടുത്തമാസം ശമ്പളം നല്‍കാനാകുമോയെന്ന് കണ്ടറിയാം. എന്നിട്ടും സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് മാണി പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടും അഴിമതിയുമാണ് ഈ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. അതിന്റെ ഭാരം തദ്ദേശസ്ഥാപനങ്ങളുടെ തലയിലിടാന്‍ സമ്മതിക്കില്ല. തദ്ദേശസ്ഥാപനങ്ങളുടെ ബില്‍ തടഞ്ഞാല്‍ വെള്ളിയാഴ്ച മുതല്‍ ജനപ്രതിനിധികള്‍ ട്രഷറിക്ക് മുന്നില്‍ കുത്തിയിരിക്കും. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകും. ധനമന്ത്രി മാണിയെ ജനം വിചാരണചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.

deshabhimani

No comments:

Post a Comment