2007 ജൂലൈ 19 പകല്‍ 3.30. എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ ജോയിന്‍റ് സെക്രട്ടറി എസ് അജയപ്രസാദ് ക്ലാപ്പന തോട്ടത്തില്‍ ജംഗ്ഷനിലെ സ്റ്റേഷനറി കടയ്ക്കുമുന്നില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് രണ്ടു ബൈക്കുകളിലായെത്തിയ ആറംഗ സംഘം ഇരുമ്പ് വടി കൊണ്ടടിച്ച് ആ യുവാവിനെ വീഴ്ത്തിയത്.അതിനിഷ്ഠുരമായ ഒരാക്രമണമായിരുന്നു, നിരായുധനായ ആ യുവാവിനുനേരെ തുടര്‍ന്നു നടന്നത്. അജയപ്രസാദിനെ രക്ഷപ്പെടുത്താന്‍ അടുത്ത ആളുകളെ വടിവാള്‍ വീശിയും പെട്രോള്‍ ബോംബെറിഞ്ഞും ആ അക്രമിസംഘം തുരത്തിയോടിച്ചു. ആര്‍ക്കും അടുക്കാനാകാത്ത അവസ്ഥ സൃഷ്ടിച്ച് കമ്പിപ്പാരകൊണ്ട് തല്ലിച്ചതച്ചും വാള്‍ കൊണ്ട് വെട്ടിയും സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിയും ഏറെക്കുറെ നിര്‍ജീവമാക്കിയ ശേഷം (ഒരുപക്ഷേ മരിച്ചെന്നു കരുതിയിരിക്കും) അക്രമിസംഘം കൊലവിളിയോടെ മടങ്ങി. അടുത്ത ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വെച്ച് ആ യുവാവ് ലോകത്തോട് വിട പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുപ്രകാരം 64 മുറിവുകള്‍. സ്ക്രൂഡ്രൈവര്‍കൊണ്ടുള്ള 12 കുത്ത്. ശരീരം രക്തവും മജ്ജയും കൂടി കലര്‍ന്ന ഫാറ്റെംബോളിസം എന്ന അവസ്ഥയില്‍. തോര്‍ത്തുചുറ്റി ശക്തിയായി പിറകോട്ട് വലിച്ചതിനാല്‍ കഴുത്തിനു പിറകിലെ കശേരുക്കള്‍ക്ക് സ്ഥാനചലനം. കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റ് കാലിെന്‍റ എല്ലുകള്‍ നുറുങ്ങിപ്പോയിരുന്നു. അതിഭീകരവും നിഷ്ഠുരവുമായ കൊലപാതകം.
23 വയസ്സായിരുന്നു അജയപ്രസാദിന് പ്രായം. സമര്‍ഥനായ സംഘാടകനും എല്ലാപേര്‍ക്കും പ്രിയങ്കരനുമായ പൊതുപ്രവര്‍ത്തകന്‍. രാഷ്ട്രീയമായി എതിര്‍പക്ഷത്തുനില്‍ക്കുന്നവരുടെ പോലും സ്നേഹാദരങ്ങള്‍ ആര്‍ജിക്കാനാവുന്ന ഹൃദ്യമായ പെരുമാറ്റം. വ്യക്തിപരമായ ശത്രുത ആര്‍ക്കും ഉണ്ടാകാനിടയില്ല. കൊലയാളികള്‍ ആര്‍എസ്എസ് സംഘമാണെന്ന് കണ്ടെത്തി; 6 പ്രതികളെയും പിടികൂടി. ക്ലാപ്പന എസ്വിഎച്ച്എസ്എസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ ചുമതലക്കാരനായിരുന്നു അജയപ്രസാദ്. വമ്പിച്ച ഭൂരിപക്ഷത്തോടെയായിരുന്നു എല്ലാ സ്ഥാനങ്ങളും എസ്എഫ്ഐ നേടിയത്. അതിെന്‍റ പകവീട്ടലായിരുന്നു സംഘപരിവാറുകാര്‍ നടത്തിയത്. ഒരു കവിയും ആ യുവാവിനെക്കുറിച്ച് കവിത എഴുതിയില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും ആഘോഷമായി അതവതരിപ്പിച്ചുമില്ല. ആ യുവാവിനും അച്ഛനമ്മമാരും സഹോദരങ്ങളും ഉണ്ടെന്ന കാര്യം പോലും മാധ്യമപ്രചാരകര്‍ വിസ്മരിച്ചു.
കൊലയാളികള്‍ ആറുപേര്‍ക്കും 2012 ജനുവരി 25ന് സെഷന്‍സ് കോടതി 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. ഒഞ്ചിയത്തെ കൊല്ലപ്പെട്ട ആറെംപി നേതാവ് ചന്ദ്രശേഖരനെക്കുറിച്ച്, കൊലപാതകത്തെയും കേസന്വേഷണത്തെയുമെല്ലാം വിശകലനം ചെയ്തുകൊണ്ട് രണ്ട് കൃതികള്‍ (ഒരെണ്ണം എഴുതിയത് മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മറ്റൊന്നിെന്‍റ രചയിതാവ് മാധ്യമ പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍) കൂടി പുറത്തിറങ്ങിയിരിക്കുന്ന ഈ ഘട്ടത്തില്‍ മനസ്സില്‍ നിറഞ്ഞുവരുന്ന പല തലമുറയില്‍ പെട്ട ഒട്ടേറെ രക്തസാക്ഷികളുടെ മുഖങ്ങളുണ്ട്. അവരില്‍ ഒരാളാണ് അജയപ്രസാദ്. 1940കള്‍ മുതല്‍ ഇന്നേവരെ മുന്‍നിര നേതാക്കളും ഉശിരന്മാരായ കാഡര്‍മാരും ഉള്‍പ്പെടെ അസംഖ്യം കമ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസിന്റെയോ സംഘപരിവാറുകാരുടെയോ മറ്റു ശിഥിലീകരണ ശക്തികളുടെയോ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്.
1948 മെയ് 11ന് എടക്കാട് റെയില്‍വെ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി നടന്നു നീങ്ങുകയായിരുന്ന സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസിന്റെ ചരിത്രം മലയാളത്തില്‍ ആദ്യമെഴുതിയ ഗ്രന്ഥകാരനുമായ മൊയാരത്ത് ശങ്കരനെ അടിച്ചുവീഴ്ത്തിയത് ഖദര്‍ധാരികളായ കുറുവടിപ്പട. അന്ന് ആ ഖദറിട്ട ഗുണ്ടകള്‍ക്ക് കൂട്ടിന് പൊലീസും ഉണ്ടായിരുന്നു. അന്നത്തെ കീഴ്വഴക്കം അങ്ങനെയായിരുന്നു. ഖദറിെന്‍റ വിശുദ്ധിയെക്കുറിച്ച് ഒരു തലമുറയെ പഠിപ്പിച്ച, ഖദര്‍ ഒരു സമരായുധമായി ഉപയോഗിച്ച വന്ദ്യവയോധികനായ മൊയാരത്തിനെ കോണ്‍ഗ്രസ് ഗുണ്ടാസംഘം തല്ലിച്ചതച്ച് മൃതപ്രായനാക്കി കാക്കിക്കുപ്പായക്കാരെ ഏല്‍പിച്ചു. അദ്ദേഹം ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിരുന്നില്ല. ജന്മിമാരുടെയും മുതലാളിമാരുടെയും താല്‍പര്യമാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് മാറിയതിെന്‍റ ശിക്ഷയായിരുന്നു മൊയാരത്തിന് പുത്തന്‍ അധികാരത്തിന്റെ ലഹരിയിലായിരുന്ന കോണ്‍ഗ്രസ് വിധിച്ചത്. പൊലീസ് ലോക്കപ്പിനുള്ളില്‍ തൊട്ടടുത്ത ദിവസം അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഖദര്‍ വസ്ത്രം ചോരയില്‍ കുതിര്‍ന്നിരുന്നു.
1940കളുടെ ഒടുവിലും 1950കളുടെ തുടക്കത്തിലും ഒട്ടേറെ കമ്യൂണിസ്റ്റുകാരെ പൊലീസും കോണ്‍ഗ്രസും ചേര്‍ന്ന് തല്ലിക്കൊന്ന സംഭവങ്ങള്‍ കേരളത്തിലുടനീളം ഉണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ കമ്യൂണിസ്റ്റുകാരായതുകൊണ്ട് കൊലയാളികള്‍ക്കെതിരെ കേസുപോലും എടുത്തിരുന്നില്ല. കുപ്രസിദ്ധമായ "വിമോചന സമര" കാലത്തും കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുവിരുദ്ധ വലതുപക്ഷത്തിന്റെയും ഗുണ്ടാപ്പടയുടെ ആസൂത്രിതാക്രമണങ്ങളില്‍ കൊല്ലപ്പെട്ട കമ്യൂണിസ്റ്റുകാരുണ്ട്. 1969 ജൂലൈ 26ന് വൈകുന്നേരം നിലമ്പൂരിനടുത്ത് ചുള്ളിയോട്ടെ സിപിഐ എം ഓഫീസില്‍നിന്നിറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് നിലമ്പൂര്‍ എംഎല്‍എയും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഒട്ടേറെ ട്രേഡ് യൂണിയന്‍ - ബഹുജന സംഘടനകളുടെ ഭാരവാഹിയും നിലമ്പൂര്‍ പ്രദേശത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയുമായിരുന്ന കുഞ്ഞാലി, കോണ്‍ഗ്രസ് ഓഫീസില്‍ തമ്പടിച്ചിരുന്ന ഗുണ്ടാസംഘത്തിലൊരാളുടെ വെടിയുണ്ടക്കിരയായി രക്തസാക്ഷിത്വം വരിച്ചത്. കാളികാവ് പഞ്ചായത്ത് പ്രസിഡന്‍റ്, വണ്ടൂര്‍ ബിഡിസി ചെയര്‍മാന്‍ എന്നീ നിലകളിലും ആ ജനനേതാവ് പ്രവര്‍ത്തിച്ചിരുന്നു. ആ കൊലപാതകക്കേസിലെ മുഖ്യപ്രതി ഇന്ന് സംസ്ഥാന മന്ത്രിസഭാംഗമായിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടനായിരുന്നു. ആര്യാടന്റെ ആജ്ഞാനുസരണമാണ് കുഞ്ഞാലിയെ വധിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായി കൊല്ലപ്പെട്ട നിയമസഭാംഗമാണ് കുഞ്ഞാലി.
1971 സെപ്തംബര്‍ 17നാണ് കൊടുങ്ങല്ലൂരെ പി കെ അബ്ദുള്‍ ഖാദര്‍ കൊല്ലപ്പെട്ടത്. ഡിസിസി പ്രസിഡന്‍റും 1954ലും 1960ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ആളുമായിരുന്നു അബ്ദുള്‍ ഖാദര്‍. ദീര്‍ഘകാലം ഏറിയാട് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. ജന്മി കുടുംബാംഗമായിരുന്ന അബ്ദുള്‍ ഖാദര്‍ എന്നും സാധാരണ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമായിരുന്നു നിലയുറപ്പിച്ചത്. ജന്മിമാര്‍ക്കായി ഭൂപരിഷ്കരണം അട്ടിമറിക്കുകയും ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് 1971 ആഗസ്ത് 8ന് ആ മനുഷ്യസ്നേഹി കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് സിപിഐ എമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ചേര്‍ന്നു. കൃത്യം ഒരു മാസവും ഒരാഴ്ചയും പിന്നിട്ടപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ ജീവനെടുത്തു. വെടിയുണ്ട ഉതിര്‍ത്ത കാക്കച്ചി മുഹമ്മദ് എന്ന ഗുണ്ട കെ കരുണാകരനും എ കെ ആന്‍റണിയും കെ കെ വിശ്വനാഥനും നയിച്ച കോണ്‍ഗ്രസിന്റെ ഉപകരണം മാത്രമായിരുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകെന്‍റ കടയില്‍ ഒളിച്ചു താമസിക്കവെയാണ് കാക്കച്ചി മുഹമ്മദ് പൊലീസ് പിടിയിലായത്. ഇരട്ട കൊലപാതകമാണ് അന്ന് നടന്നത്. ഏറിയാട് കേരള വര്‍മ സ്കൂളില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ പഠിപ്പുമുടക്കിയ വിദ്യാര്‍ഥികളെ പുറത്തുനിന്നുവന്ന കോണ്‍ഗ്രസ് ഗുണ്ടകള്‍ മര്‍ദിക്കുന്ന വിവരമറിഞ്ഞ് അവിടേക്ക് പോകവെയാണ് അബ്ദുള്‍ ഖാദറും ഒപ്പമുണ്ടായിരുന്ന സിപിഐ എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ അഹമുവും കോണ്‍ഗ്രസ് ഗുണ്ടയുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചത്. അന്നത്തെ കോണ്‍ഗ്രസ് വിദ്യാര്‍ഥി നേതാവായിരുന്നു ഇന്നത്തെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ എന്നും ഓര്‍ക്കുക.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം നടന്നത്, സമുന്നതനായ ഒരു രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടത്, 1972 സെപ്തംബര്‍ 23നായിരുന്നു. സിപിഐ എമ്മിന്റെ സമുന്നതനായ നേതാവ്, അന്നത്തെ പ്രതിപക്ഷ ഏകോപന സമിതിയുടെ സംസ്ഥാന കണ്‍വീനര്‍ അഴീക്കോടന്‍ രാഘവന്‍ തൃശ്ശൂരില്‍ ബസ്സിറങ്ങി നടക്കുമ്പോഴാണ് ചെട്ടിയങ്ങാടിയില്‍വെച്ച് ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസ് പിന്തുണയോടെ എ വി ആര്യന്റെ സംഘത്തിലുള്ളവരാണ് അഴീക്കോടന്‍ രാഘവനെ കുത്തിക്കൊന്നത്. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ആ കൊലപാതകത്തിലുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി തൃശ്ശൂര്‍ തട്ടില്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍ അഴിമതിയുമായി ബന്ധമുണ്ട് ആ കൊലപാതകത്തിന്. എസ്റ്റേറ്റുടമയില്‍നിന്ന് പണം വാങ്ങിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശ്ശൂര്‍ ഡിസിസി പ്രസിഡന്‍റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തിയെടുത്ത് അതിെന്‍റ ഫോട്ടോസ്റ്റാറ്റ് നവാബ് രാജേന്ദ്രന്‍ തന്റെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇത് ആ കാലത്ത് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. പൊലീസ് നവാബ് രാജേന്ദ്രനെ അറസ്റ്റ് ചെയ്ത് തല്ലിച്ചതച്ചു. (മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ വാതുറക്കുംമുന്‍പ് ഈ സംഭവം ഓര്‍ക്കുക). തല്ലുകൊണ്ട് അവശനായ നവാബ് രാജേന്ദ്രന്‍ കത്തിന്റെ ഒറിജിനല്‍ അഴീക്കോടന്‍ രാഘവനെ ഏല്‍പിച്ചിരിക്കുകയാണെന്ന് പൊലീസിനോട് പറഞ്ഞു. പൊലീസ് ഉടന്‍ തന്നെ അഴീക്കോടന്റെ വസതിയിലെത്തി, കത്ത് കൈക്കലാക്കാന്‍. താന്‍ അത് കോടതിയില്‍ ഹാജരാക്കിക്കൊള്ളാം എന്ന് പറഞ്ഞ് അദ്ദേഹം പൊലീസുകാരെ മടക്കി അയച്ചിരുന്നു. തട്ടില്‍ എസ്റ്റേറ്റ് കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനുമുന്നില്‍ സാക്ഷിമൊഴി നല്‍കേണ്ടതിെന്‍റ തൊട്ടുമുന്‍പാണ് അഴീക്കോടന്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ആ കൊലപാതകത്തിലുള്ള പങ്ക് വെളിപ്പെടുന്ന മറ്റൊരു വസ്തുതയും കൂടിയുണ്ട് - സിപിഐ എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് വിളിപ്പാടകലെ വച്ച് നടന്ന ആ കൊലപാതകത്തെക്കുറിച്ച് പാര്‍ടി ഓഫീസിലോ അതിനടുത്തുള്ള ആളുകളോ അറിയുന്നതിനുമുന്‍പ് തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും അവിടെനിന്ന് പത്രമാഫീസുകളിലും വിവരം എത്തിയിരുന്നു. സംസ്ഥാനത്തൊട്ടാകെ പൊലീസ് വിന്യസിക്കപ്പെടുകയുമുണ്ടായി. കൊലപാതകത്തിന് അച്ചാരം വാങ്ങിയവര്‍തന്നെ അതറിയിച്ചതാകാനേ തരമുള്ളൂ.
1976 ജൂണ്‍ 5. അടിയന്തിരാവസ്ഥ കാലം. കണ്ണൂര്‍ ജില്ലയിലെ പിണറായിക്കടുത്ത് പന്തക്കപ്പാറ ദിനേശ് ബീഡിക്കമ്പനി തൊഴിലാളിയും സിപിഐ എം പ്രവര്‍ത്തകനുമായ കൊളങ്ങരേത്ത് രാഘവന്‍ രക്തസാക്ഷിയായത് അന്നാണ്. കുപ്രസിദ്ധ കോണ്‍ഗ്രസ് നേതാവ് (ഗുണ്ട എന്ന് പറയുന്നതാവും ശരി) മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ഇരുപതോളം ഗുണ്ടകള്‍ ബീഡിക്കമ്പനിക്കുനേരെ നടത്തിയ ഭീകരാക്രമണത്തിലാണ് കൊളങ്ങരേത്ത് രാഘവന്‍ കൊല്ലപ്പെട്ടത്. നിരവധി തൊഴിലാളികള്‍ക്ക് വെട്ടും കുത്തും ഏറ്റ് ഗുരുതരമായ പരിക്കേറ്റിരുന്നു. കൊല്ലപ്പെടുമ്പോള്‍ രാഘവന് വയസ്സ് 38. രാഘവനും ബീഡിക്കമ്പനി തൊഴിലാളികളും സിപിഐ എം അംഗങ്ങളോ അനുഭാവികളോ ആയതാണ് അവര്‍ ആക്രമിക്കപ്പെടാന്‍ കാരണം. ഈ കൊലപാതക കേസില്‍ 7 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച മമ്പറം ദിവാകരന്‍ പിന്നീട് കെപിസിസി സെക്രട്ടറിയായി നിയോഗിക്കപ്പെടുകയുണ്ടായി.
1987 മാര്‍ച്ച് 23. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ദിവസം. ചീമേനിയില്‍ പാര്‍ടി ഓഫീസ് ആക്രമിച്ച് 5 സഖാക്കളെ കോണ്‍ഗ്രസുകാര്‍ കൊന്നത് അന്നായിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ഇ കെ നായനാര്‍. വോട്ടെടുപ്പ് കഴിഞ്ഞ് വൈകുന്നേരം പ്രവര്‍ത്തകര്‍ കയ്യൂരിനടുത്ത് ചീമേനി ഗ്രാമത്തിലെ ഓടുമേഞ്ഞ ചെറിയ പാര്‍ടി ഓഫീസില്‍ യോഗം ചേരുകയായിരുന്നു. പെട്ടെന്നാണ് ഇരുന്നൂറോളം വരുന്ന ഒരു സംഘം പാര്‍ടി ഓഫീസ് വളഞ്ഞ് ആക്രമണം നടത്തിയത്. പുരമേയാനുള്ള ഉണങ്ങിയ പുല്‍ക്കെട്ട് പാര്‍ടി ഓഫീസിനുചുറ്റും കൊണ്ടുവന്നിട്ട് കത്തിച്ചു. ജനല്‍ അടിച്ചു തകര്‍ത്ത് കത്തിയ പുല്ലിന്‍കെട്ടുകള്‍ ഓഫീസിനകത്തേക്ക് എറിഞ്ഞു. മേല്‍ക്കൂരയില്‍ പെട്രോളൊഴിച്ച് തീയിട്ടു. ചുറ്റും തീ ആളിപ്പടരാന്‍ തുടങ്ങിയപ്പോള്‍ ഓഫീസിനകത്തുനിന്ന് പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങി. അതോടെ ചുറ്റും വളഞ്ഞുനിന്ന അക്രമി സംഘം കല്ലേറാരംഭിച്ചു. വെട്ടിയും കുത്തിയും കല്ലെറിഞ്ഞു വീഴ്ത്തിയും തീയിലെറിഞ്ഞും 5 സഖാക്കളെ കൊന്നു. മറ്റു പലരും ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. പഞ്ചായത്ത് മെമ്പറും ചീമേനി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന പി കുഞ്ഞപ്പനെ തലതല്ലിപ്പൊളിച്ച് പുല്‍ക്കെട്ടില്‍ പൊതിഞ്ഞ് ചുട്ടുകൊല്ലുകയാണുണ്ടായത്. ചാലില്‍ കോരനെ വലതുകൈ വെട്ടിമാറ്റിയ ശേഷമാണ് വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. ആലവളപ്പില്‍ അമ്പു, എം കോരന്‍ എന്നിവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തി. പാര്‍ടി ഓഫീസ് ആക്രമിച്ച് കൂട്ടക്കൊല നടത്തി മടങ്ങിയ അക്രമി സംഘം കയ്യൂരിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കെ വി കുഞ്ഞിക്കണ്ണനെ അമ്മിക്കല്ലുകൊണ്ട് ഇടിച്ചാണ് കൊന്നത്. ചീമേനിയിലും സമീപ പ്രദേശങ്ങളിലും അഴിഞ്ഞാടിയ കോണ്‍ഗ്രസ് ഗുണ്ടാസംഘത്തെ കൂസാതെ ചെങ്കൊടിക്കുകീഴില്‍ ആളുകളെ അണിനിരത്തിയതിനെതിരെ നടത്തിയ പ്രതികാരമായിരുന്നു ഈ ആസൂത്രിതമായ ആക്രമണം.
നാല്‍പാടി വാസു കൊല്ലപ്പെട്ടത് 1993 മാര്‍ച്ച് 4ന്. കണ്ണൂരിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയും മുന്‍മന്ത്രിയുമായ കെ സുധാകരന്റെ ഉത്തരവനുസരിച്ച് സുധാകര സംഘത്തിലെ ഒരക്രമിയായിരുന്നു നാല്‍പാടി വാസുവിനെ വെടിവെച്ചു വീഴ്ത്തിയത്. സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ആ കാലത്ത് അരങ്ങേറിയ അക്രമ പേക്കൂത്തുകളില്‍ ഒന്നായിരുന്നു നാല്‍പാടി വാസു എന്ന യുവാവിന്റെ വധം. കണ്ണൂര്‍ നഗരമധ്യത്തിലെ സേവറി ഹോട്ടലിനുനേരെ ഉച്ചനേരത്ത് ബോംബെറിഞ്ഞ് നാണു എന്ന തൊഴിലാളിയെ സുധാകര സംഘം കൊലപ്പെടുത്തിയത് ഇതിന് ഏതാനും ദിവസം മുന്‍പായിരുന്നു. സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക, എന്നിട്ട് "മാര്‍ക്സിസ്റ്റ് അക്രമ" മുറവിളി കൂട്ടുക എന്നതാണ് എക്കാലത്തും സുധാകരന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി. സുധാകരന്‍ നടത്തിയ "മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജാഥ"യ്ക്കിടെ ആയിരുന്നു മട്ടന്നൂരിനടുത്തുവെച്ച് വഴിയോരത്ത് നില്‍ക്കുകയായിരുന്ന നാല്‍പാടി വാസുവിനു നേരെ വെടിവെച്ചത്. "ഞങ്ങള്‍ ഒരുത്തനെ വെടിവെച്ചു കൊന്നിട്ടാണ് ഇവിടെ എത്തിയത്" എന്ന് മട്ടന്നൂര്‍ കവലയിലെ പൊതുയോഗത്തില്‍ ആക്രോശിക്കാനും സുധാകരന്‍ മറന്നില്ല. വാസു വധത്തിലെ ഒന്നാം പ്രതിയായിരുന്നു സുധാകരന്‍. നാല്‍പാടി വാസു വധത്തിലും കണ്ണൂര്‍ സേവറി ഹോട്ടല്‍ ആക്രമണത്തിലും ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങളില്‍ കെ സുധാകരനുള്ള പങ്ക് സുധാകരന്റെ കാര്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടും, ആ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ കേസെടുക്കാനോ പുനരന്വേഷണത്തിനോ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അത് ചര്‍ച്ചാ വിഷയവുമല്ല.
അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു കേസാണ് കണ്ണൂര്‍ കുറ്റൂരിലെ സി പി കരുണാകരന്റെ കൊലപാതകം. 1967 സെപ്തംബറില്‍ നടന്ന ആ കൊലപാതകത്തിലെ മുഖ്യപ്രതി പിന്നീട് എംഎല്‍എയും മന്ത്രിയുമായ കെ പി നൂറുദ്ദീനായിരുന്നു. 2006ലെ തിരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി വത്സലന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടിരിക്കവെയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ചാണ് യുഡിഎഫ് അക്രമിസംഘം യുവാവായ ആ ജനനേതാവിനെ അതിനിഷ്ഠുരമായി വെട്ടിയും കുത്തിയും കൊന്നത്. കേരളത്തിലെ കലാലയങ്ങളില്‍ കൊലപാതക രാഷ്ട്രീയത്തിനു വിത്തു പാകിയതും കാമ്പസുകളില്‍ ചോരപ്പാടുകള്‍ വീഴ്ത്തിയതും കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയാണെന്നത് എസ്എഫ്ഐ അക്രമങ്ങളെക്കുറിച്ച് ഉണ്ടയില്ലാ വെടിയുതിര്‍ക്കുന്ന മാധ്യമ വീരന്മാര്‍ മറച്ചുപിടിക്കുകയാണ്. കലാലയങ്ങളില്‍ കെഎസ്യുവിന്റെ പ്രതാപം അസ്തമിക്കുകയും പലേടത്തും പരാജയം ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് സംവാദത്തിനുപകരം സംഘട്ടനത്തിലേക്കും കഠാര രാഷ്ട്രീയത്തിലേക്കും കോണ്‍ഗ്രസ് യുവത്വം തിരിഞ്ഞത് എന്നതും ചരിത്രം. അതിന് സംസ്ഥാനാടിസ്ഥാനത്തില്‍ നേതൃത്വം നല്‍കിയവരാണ് സുധീരനും മുല്ലപ്പള്ളിയും തിരുവഞ്ചൂരും ചെന്നിത്തലയും കെ സി ജോസഫും പി ടി തോമസുമെല്ലാം.
1973 ഡിസംബര്‍ 3നായിരുന്നു തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ അഷറഫ് കെഎസ്യു ക്രിമിനല്‍ സംഘത്തിന്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിയായത്. അതേവരെ ബ്രണ്ണന്‍ കോളേജില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കെഎസ്യു പരാജയത്തിന്റെ കയ്പ് നീര്‍ കുടിച്ചത് 1973ലായിരുന്നു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഠാര രാഷ്ട്രീയത്തിന് നാന്ദി കുറിക്കുകയായിരുന്നു കെഎസ്യു. അന്ന് ബ്രണ്ണന്‍ കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന എ കെ ബാലനുനേരെ ഉയര്‍ത്തപ്പെട്ട കഠാരയാണ് അതു തടയാന്‍ ശ്രമിച്ച അഷറഫിെന്‍റ ചങ്കില്‍ തറച്ചുകയറ്റിയത്. അഷറഫും ആ കാപാലികരുടെ നോട്ടപ്പുള്ളി തന്നെയായിരുന്നു എന്നതും സത്യം.
1977 ഡിസംബറിലായിരുന്നു പന്തളം എന്‍എസ്എസ് കോളേജിലെ ജി ഭുവനേശ്വരനെ കോളേജ് കാമ്പസില്‍വെച്ച് കെഎസ്യുവിന്റെ കാപാലിക സംഘം കുത്തിക്കൊലപ്പെടുത്തിയത്. പട്ടാമ്പി സംസ്കൃത കോളേജിലെ സെയ്താലിയെ വധിച്ചത് കെഎസ്യുവും എബിവിപിയും സംയുക്തമായാണ്. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് പി കെ രാജനെ കലാലയത്തിനകത്തുവെച്ച് കൊലപ്പെടുത്തിയതും കെഎസ്യു സംഘം -
1979 ഫെബ്രുവരി 24ന്. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്ന സി വി ജോസ് കോളേജ് പ്രിന്‍സിപ്പലിെന്‍റ ഓഫീസിനുമുന്നില്‍ വെച്ചായിരുന്നു 1985ല്‍ കെഎസ്യുക്കാരുടെ കൊലക്കത്തിക്കിരയായത്. ജോസ് വധത്തില്‍ ഒന്നാം സാക്ഷിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റുമായ എം എസ് പ്രസാദിനെ ജോസ് വധക്കേസ് വിചാരണ തുടങ്ങും മുന്‍പുതന്നെ കെഎസ്യു ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തി. അതൊരു തിരുവോണ നാളിലുമായിരുന്നു. എസ്എഫ്ഐ ഒല്ലൂര്‍ ഏരിയാ പ്രസിഡന്‍റ് കൊച്ചനിയനെ കെഎസ്യുക്കാര്‍ കൊലപ്പെടുത്തിയത് കാലിക്കറ്റ് സര്‍വകലാശാലാ യുവജനോത്സവവേദിയില്‍വെച്ചായിരുന്നു, 1992 ഫെബ്രുവരി 29ന്. പൊലീസുകാര്‍ മൂകസാക്ഷികളായി സമീപത്തു തന്നെ നില്‍പുണ്ടായിരുന്നു.
1992 ജൂലൈ 15ന് എസ്എഫ്ഐ കോഴിക്കോട് താമരശ്ശേരി ഏരിയ ജോയിന്‍റ് സെക്രട്ടറി ജോബി ആന്‍ഡ്രൂസിനെ മൃഗീയമായി കല്ലെറിഞ്ഞുകൊന്നത് കെഎസ്യു - എംഎസ്എഫ് കൂട്ടുസംഘമായിരുന്നു. കെഎസ്യുവിന്റെ കൊലപാതക രാഷ്ട്രീയത്തിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാത്രമല്ല, നേതൃത്വത്തിന്റെ ഇംഗിതത്തിനു വഴിപ്പെടാത്ത കെഎസ്യുക്കാരും ഇരയായിട്ടുണ്ട്. 1990 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജിനുള്ളില്‍വെച്ച് കൊലപ്പെടുത്തപ്പെട്ട ബഷീര്‍ എന്ന വിദ്യാര്‍ഥി കെഎസ്യു പ്രവര്‍ത്തകനും ആ കോളേജിലെ മാഗസീന്‍ എഡിറ്ററുമായിരുന്നു. കൊലപ്പെടുത്തിയതാകട്ടെ കെഎസ്യു യൂണിറ്റ് സെക്രട്ടറി മമ്പറം ബിജുവും സംഘവും. കണ്ണൂരിലെ സിപിഐ എം യുവനേതാവ് കെ വി സുധീഷിെന്‍റ കൊലപാതകവും പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.
എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സുധീഷിനെ ആര്‍എസ്എസ് കൊലയാളി സംഘം അര്‍ധരാത്രി വീട്ടിലെത്തി മാതാപിതാക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത് - 38 വെട്ട്! തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാവ് അജയും കാസര്‍കോട്ടെ ഡിവൈഎഫ്ഐ നേതാവ് ഭാസ്കര കുമ്പളയും ബസ് യാത്രയ്ക്കിടെയാണ് ആര്‍എസ്എസ് കാപാലികരാല്‍ അതിനിഷ്ഠുരമായി കൊല ചെയ്യപ്പെട്ടത്. ഈ പട്ടികയില്‍ ഇനിയും ഒട്ടേറെ പേരുണ്ട്, രേഖപ്പെടുത്താന്‍. ജയിലറയ്ക്കകത്തുവെച്ചു പോലും സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു എന്ന വസ്തുതപോലും സിപിഐ എം വിരുദ്ധ പ്രചരണം നടത്തുന്നവര്‍ വിസ്മരിക്കുകയാണ്. 2004 ഏപ്രില്‍ 7ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് കോഴിക്കോട് കുന്നുമ്മലിനടുത്ത് കക്കട്ടിലെ കല്ലുപുരയില്‍ രവീന്ദ്രനെ ആര്‍എസ്എസ് ഗുണ്ടാസംഘം വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 7-ാം ബ്ലോക്കില്‍വെച്ചായിരുന്നു സംഭവം. അരകിലോമീറ്ററോളം അകലെയുള്ള 8-ാം ബ്ലോക്കില്‍നിന്ന് ഒരു ഡസനിലേറെ ആര്‍എസ്എസ് തടവുകാര്‍ മാരകായുധങ്ങളുമായി കൊലവിളി നടത്തി 7-ാം ബ്ലോക്കിലെ തടവുകാരും സിപിഐ എം പ്രവര്‍ത്തകരുമായ രവീന്ദ്രനെയും രാജുവിനെയും രാജേഷിനെയും ആക്രമിക്കുകയാണുണ്ടായത്. രവീന്ദ്രന്‍ തല്‍ക്ഷണം മരണപ്പെടുകയുണ്ടായി. സംസ്ഥാനത്തെ ജയിലിനുള്ളില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം.
ജയിലിനുള്ളിലേക്ക് മാരകായുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും കൊലപാതകത്തിന് സൗകര്യം ഒരുക്കുകയും ചെയ്യണമെങ്കില്‍ ഉന്നത ഗൂഢാലോചനയും ബാഹ്യ ഇടപെടലും വേണം. സംഘപരിവാറുകാര്‍ മാത്രമായിരിക്കില്ല, ഈ അരുംകൊലയ്ക്കുപിന്നില്‍; ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിന്റെ കൈകളും അതിനുപിന്നില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. 2012 മാര്‍ച്ച് 18ന്, ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിെന്‍റ ഒന്നര മാസം മുന്‍പ്, ആണ് ഇടുക്കിയിലെ എസ്എഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി അനീഷ് രാജന്‍ കൊല്ലപ്പെട്ടത്. കൊലയാളികള്‍ കോണ്‍ഗ്രസുകാര്‍. ഡിസിസി നേതൃത്വവും സ്ഥലം എംപിയുമാണ് കൊലയാളികളെ പൊലീസ് പിടിയില്‍പെടാതെ സംരക്ഷിച്ചത്. ചന്ദ്രശേഖരേന്‍റത് സംസ്ഥാനത്തെ അവസാനത്തെ "രാഷ്ട്രീയ" കൊലപാതകമെന്നും ആദ്യത്തേയും അവസാനത്തേയും "രാഷ്ട്രീയ" കൊലപാതകമാണതെന്നും കൊണ്ടുപിടിച്ച് പ്രചരണം നടക്കുന്നുണ്ടല്ലോ. മുന്‍പ് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശ്രദ്ധേയമായ ചിലതിനെക്കുറിച്ചാണ് മുകളില്‍ വിവരിച്ചത്. 2013 സെപ്തംബര്‍ 16ന് തിരുവോണ നാളില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലെ സിപിഐ എം പ്രവര്‍ത്തകനായ എം വി ബാലകൃഷ്ണനെ സ്കൂട്ടര്‍ യാത്രയ്ക്കിടയില്‍ പെരുവഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ഗുണ്ടാസംഘത്തെ സംരക്ഷിച്ചതും ജില്ലയിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ.
2013 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി കേരളത്തിന്റെ തെക്കേയറ്റത്ത് എസ്എഫ്ഐ പ്രവര്‍ത്തകരായ മൂന്ന് കുരുന്ന് വിദ്യാര്‍ഥികളും ഒരു വിദ്യാര്‍ഥി പ്രവര്‍ത്തകെന്‍റ പിതാവും സംഘപരിവാര്‍ സംഘത്തിന്റെ കൊലക്കത്തിക്കിരയായി. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് ഇരു ഗ്രൂപ്പിലെയും ഓരോ പ്രമാണിമാരുടെ കൊലപാതകത്തില്‍ കലാശിച്ചതും അതില്‍ ഒരു കൊലപാതകത്തിനുപിന്നില്‍ ജില്ലക്കാരനായ ഒരു കോണ്‍ഗ്രസ് മന്ത്രിയാണ് ഗൂഢാലോചന നടത്തിയതെന്നതും മുഖ്യധാരാ മാധ്യമങ്ങളില്‍ ആവര്‍ത്തനം ഉണ്ടാകുന്നില്ലെങ്കില്‍പോലും മറക്കാന്‍ കാലമായില്ലല്ലോ. ഇപ്പോള്‍ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍വെച്ച് (അതോ ആര്യാടന്മാരില്‍ ആരുടെയെങ്കിലും ഓഫീസില്‍വെച്ചോ) കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലപ്പെടുത്തപ്പെടുകയും ചെയ്ത സംഭവത്തിനും ഒരു രാഷ്ട്രീയ മാനം ഉണ്ടല്ലോ! മന്ത്രി ആര്യാടന്റെ പിഎ ആണ് ഇപ്പോള്‍ പ്രതിയായി ജയിലിലുള്ളത്. മറ്റാര്‍ക്കോ വേണ്ടി അയാള്‍ കൂലിക്ക് കുറ്റം ഏറ്റതാണെന്ന സംശയവും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയ പാര്‍ടിയേത് എന്ന ചോദ്യത്തിന് സത്യസന്ധമായി വസ്തുതകള്‍ പരിശോധിക്കുന്ന ആരും പറയുന്ന ഉത്തരം കോണ്‍ഗ്രസ് എന്നു തന്നെയായിരിക്കും. കൊലപാതകക്കേസില്‍ പ്രതിയായിട്ടുള്ള നേതാക്കളുടെ ഒരു നിര തന്നെ കോണ്‍ഗ്രസിലുണ്ടെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക?
സിപിഐ എമ്മിന്റേതല്ലാത്ത മറ്റേതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഉന്നതരായ നേതാക്കളില്‍ ആരെങ്കിലും ഒരാള്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാണിക്കാനുണ്ടോ? സിപിഐ എം വിട്ടതിെന്‍റ പേരില്‍ ആരെയെങ്കിലും പാര്‍ടി കൊലപ്പെടുത്തിയതായി ചൂണ്ടിക്കാണിക്കാന്‍ സിപിഐ എം വിരുദ്ധ പ്രചാരകര്‍ക്ക് കഴിയുന്നില്ല. ആടിനെ പട്ടിയാക്കുന്ന പ്രചരണ തന്ത്രമാണ് ഇന്ന് സിപിഐ എം വിരുദ്ധരും വലതുപക്ഷ മാധ്യമങ്ങളും ഒന്നിച്ചുചേര്‍ന്ന് പൊതുസമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അധ്വാനിക്കുന്നവരുടെ, ജനസാമാന്യത്തിന്റെ, അവകാശങ്ങള്‍ക്കായി പൊരുതുന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന മൂലധന അജന്‍ഡയാണ് ഈ പ്രചരണത്തിനു പിന്നില്‍ എന്ന് വ്യക്തമാണ്.
ജി വിജയകുമാര്‍ chintha weekly 280314
No comments:
Post a Comment