Saturday, March 22, 2014

കൊല്ലത്ത് പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം; ഉത്തരംമുട്ടി യുഡിഎഫ്

തെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ടതോടെ കൊല്ലം ലോക്സഭാമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കിതച്ചുതുടങ്ങി. അസീസ് വിഭാഗം ആര്‍എസ്പിയെ ഒപ്പംനിര്‍ത്തി കൊല്ലത്ത് "അത്ഭുതം" കാട്ടാം എന്നു വ്യാമോഹിച്ച കോണ്‍ഗ്രസും യുഡിഎഫും പ്രബുദ്ധരായ വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്ന കാഴ്ചയാണെങ്ങും. ഒരുരാത്രി ഇരുണ്ടുവെളുത്തപ്പോള്‍ എല്‍ഡിഎഫില്‍നിന്നു യുഡിഎഫില്‍ ചേക്കേറിയ പ്രേമചന്ദ്രനും കൂട്ടര്‍ക്കും വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ജനങ്ങളോടു തങ്ങളുടെ നിലപാട് വിശദീകരിക്കുക ബുദ്ധിമുട്ടാകും എന്നു പ്രേമചന്ദ്രന്‍ മാധ്യമങ്ങളിലൂടെ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു സംബന്ധിച്ച് വിവിധ വാര്‍ത്താചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രേമചന്ദ്രന്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിയര്‍ക്കുകയാണ്. പ്രചാരണം കൊഴുത്തുതുടങ്ങിയതോടെ സംഗതി പന്തിയല്ലെന്നു യുഡിഎഫ് കേന്ദ്രങ്ങളും സമ്മതിക്കുന്നു.

തൊഴിലാളികളുടെയും കര്‍ഷകരുടെയും നാടായ കൊല്ലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ വരുത്തിയ വിന എന്തെന്നു വോട്ടര്‍മാരുടെ ചോദ്യങ്ങളില്‍നിന്നുതന്നെ കോണ്‍ഗ്രസും അസീസ് വിഭാഗം ആര്‍എസ്പിയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കസ്തൂരിരംഗന്‍ ശുപാര്‍ശ നടപ്പാക്കുന്നതുവഴി മലയോരജനതയുടെ ജീവിതം കരകാണാക്കടലിലായി. റബറും മറ്റുവിളകളും കൃഷിചെയ്യുന്ന ഇടത്തരം കര്‍ഷകര്‍ ഗണ്യമായി തിങ്ങിപ്പാര്‍ക്കുന്ന ഇടനാടും ദുരിതക്കയത്തില്‍ മുങ്ങി. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ കടുത്തദാരിദ്ര്യത്തില്‍ ജീവിതം തള്ളിനീക്കുന്നു. തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ക്കു ജോലിയില്ല. ചെയ്ത ജോലിയുടെ കൂലിയായി കിട്ടേണ്ട 18.5 കോടിരൂപ ജില്ലയില്‍മാത്രം കുടിശ്ശികയായി. കര്‍ഷകപെന്‍ഷന്‍ മാസങ്ങളായി മുടങ്ങി. വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങി. വിധവാപെന്‍ഷന്‍, വാര്‍ധക്യപെന്‍ഷന്‍, വികലാംഗപെന്‍ഷന്‍ എന്നിവയും മാസങ്ങളായി കിട്ടുന്നില്ല. വിലക്കയറ്റവും കാര്‍ഷികവിളകളുടെ വിലയിടിവും ജനങ്ങളെ പൊറുതികേടിന്റെ പാരമ്യത്തിലെത്തിച്ചു. ആധാര്‍കാര്‍ഡിന്റെ പേരില്‍ ജനങ്ങളെ പീഡിപ്പിച്ചതു മറ്റൊരു തലവേദന. പാചകവാതകത്തിന്റെ വിലവര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അവസരം ഉണ്ടാക്കിയ കേന്ദ്രത്തിന്റെ തലതിരിഞ്ഞനയം യുഡിഎഫിനെ പരിക്ഷീണമാക്കി.

കശുവണ്ടിയും കയറും മത്സ്യബന്ധനവും കൊല്ലത്തെ സാധാരണക്കാരുടെ പട്ടിണി അകറ്റുന്ന തൊഴിലുകളാണ്. ഇവയെല്ലാം ഉമ്മന്‍ചാണ്ടിയുടെ മൂന്നുവര്‍ഷത്തെ ഭരണത്തില്‍ തകര്‍ന്നുതരിപ്പണമായി. ജോലിയും കൂലിയും ഇല്ലാതെ ഈ മേഖലകളിലെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ജീവിതം എങ്ങനെയോ തള്ളിനീക്കുന്നു. ഉമ്മന്‍ചാണ്ടിയും യുഡിഎഫും ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. അവരുടെ കൂട്ടത്തിലേക്ക് അസീസ് വിഭാഗം ആര്‍എസ്പിയും എത്തി. പാവപ്പെട്ടവരുടെ കൂടെയല്ല, ജനവിരുദ്ധര്‍ക്കൊപ്പമാണ് തങ്ങളെന്ന് അസീസും പ്രേമചന്ദ്രനും തെളിയിച്ചിരിക്കുന്നു. പാവപ്പെട്ടവരുടെ രാഷ്ട്രീയം അവര്‍ മറന്നു; അവരുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇവയ്ക്കെല്ലാം പുറമെ, രാഷ്ട്രീയത്തിലെ മൂല്യവും ധാര്‍മികതയും ഇല്ലാതാക്കി കേവലമൊരു സീറ്റിന്റെ പേരില്‍ എല്‍ഡിഎഫിനെ തള്ളിപ്പറഞ്ഞ അസീസ് വിഭാഗം ആര്‍എസ്പി കാട്ടിയ നെറികേടും അന്തസ്സില്ലായ്മയും മണ്ഡലത്തില്‍ യുഡിഎഫിനു തലവേദന സൃഷ്ടിക്കുന്നതായി. ഒരു സീറ്റിന്റെപേരില്‍ 34 വര്‍ഷം ഉയര്‍ത്തിപ്പിടിച്ച ഇടതുപക്ഷരാഷ്ട്രീയം വലിച്ചെറിഞ്ഞ അസീസ് വിഭാഗം ആര്‍എസ്പി നാളെ മറ്റെന്തിന്റെയെങ്കിലുംപേരില്‍ യുഡിഎഫിനെ തള്ളിപ്പറയില്ല എന്നതിന് എന്താണുറപ്പ്. ഈ ചോദ്യവും വോട്ടര്‍മാര്‍ ഉന്നയിക്കുന്നു. നാടിന്റെയും ജനങ്ങളുടെയും നീറുന്ന പ്രശ്നങ്ങളില്‍ ഉത്തരംമുട്ടുന്ന അവസ്ഥയിലാണ് പ്രേമചന്ദ്രനും കൂട്ടരും. പ്രബുദ്ധമായ കൊല്ലത്തിന്റെ ഇടതുപക്ഷമനസ്സ് വായിക്കുന്നതില്‍ തോറ്റുപോയ ഇക്കൂട്ടര്‍ എല്‍ഡിഎഫിന്റെ പ്രചാരണത്തിനു മുന്നില്‍ അക്ഷരാര്‍ഥത്തില്‍ പകച്ചുനില്‍ക്കുകയാണ്.

എം സുരേന്ദ്രന്‍

കശുവണ്ടിത്തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി പ്രേമചന്ദ്രന്‍ സ്ഥലംവിട്ടു

ചാത്തന്നൂര്‍: കശുവണ്ടിത്തൊഴിലാളികളുടെ ചോദ്യശരങ്ങളേറ്റുതകര്‍ന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ സ്വീകരണപരിപാടി ഉപേക്ഷിച്ചുമടങ്ങി. കൊട്ടിയം വിഎല്‍സി കശുവണ്ടിഫാക്ടറിയിലെ സ്വീകരണത്തിന് എത്തിയപ്പോഴാണ് കശുവണ്ടിത്തൊഴിലാളികള്‍ ചോദ്യശരങ്ങളുമായി എത്തിയത്. കശുവണ്ടിത്തൊഴിലാളികളുടെ ചേരിയില്‍നിന്നു മാറി എന്തിനാണ് സഖാവെ മുതലാളിമാരുടെ ചേരിയിലേക്ക് ചേക്കേറിയതെന്നായിരുന്നു കശുവണ്ടിത്തൊഴിലാളിയായ വീട്ടമ്മയുടെ ചോദ്യം. വെളുത്തുവിളറിയ പ്രേമചന്ദ്രനോട് മറ്റൊരു ചോദ്യംകൂടി- "മറുചേരിയിലേക്കു പോകാന്‍ എത്രകോടി കിട്ടിയെന്നും ഉടുപ്പുമാറുന്നതുപോലെയായി പോയല്ലോ താങ്കളുടെ രാഷ്ട്രീയം" എന്നുംകൂടി കേട്ടതോടെ തൊഴിലാളികളോട് ദേഷ്യപ്പെട്ട് പ്രേമചന്ദ്രന്‍ പരിപാടി ഉപേക്ഷിച്ചു മടങ്ങുകയും ചെയ്തു.

യുഡിഎഫില്‍ ചേര്‍ന്നത് നിലനില്‍പ്പിന്: എ എ അസീസ്

കൊല്ലം: ആര്‍എസ്പിയുടെ ശക്തി നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സ്വന്തം നിലനില്‍പ്പിനും വേണ്ടിയാണ് യുഡിഎഫില്‍ ചേര്‍ന്നതെന്ന് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ എ അസീസ് എംഎല്‍എ. കൊല്ലത്ത് ഒറ്റയ്ക്കു മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കിയത് യുഡിഎഫ് സഹായിക്കും എന്ന ഉറപ്പു കിട്ടിയതുകൊണ്ടാണെന്നും കൊല്ലം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അസീസ് പറഞ്ഞു. സിപിഐ എം മൂന്നുതവണ മത്സരിച്ച സീറ്റ് ഇത്തവണ ആര്‍എസ്പിക്കു തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതു പരിഗണിക്കാതിരുന്നത് രാഷ്ട്രീയമായി തങ്ങള്‍ക്കു ക്ഷീണമുണ്ടാക്കി. പണ്ട് ഒമ്പതു എംഎല്‍എമാരും രണ്ടു ലോക്സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും ഉണ്ടായിരുന്ന പാര്‍ടിയാണ് ഞങ്ങളുടേത്. പാര്‍ടി പിളര്‍ന്നു ശക്തി ക്ഷയിച്ചതാണ് കൊല്ലം സീറ്റ് സിപിഐ എം എടുക്കാന്‍ കാരണമായത്. എന്നാല്‍, ആര്‍എസ്പിയുടെ സ്വന്തമായിരുന്ന ആലപ്പുഴ സീറ്റ് 1977ല്‍ വി എം സുധീരന്‍ കൈക്കലാക്കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് അന്നത്തെ കാര്യമെന്നു പറഞ്ഞ് അസീസ് ഒഴിഞ്ഞുമാറി. എന്‍ കെ പ്രേമചന്ദ്രന്‍ എന്ന വ്യക്തിക്കു വേണ്ടിയല്ലേ ആര്‍എസ്പി എല്‍ഡിഎഫ് വിട്ടതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല. മന്ത്രിയായിരിക്കെ സ്വന്തം മണ്ഡലമായ ചവറയില്‍ തോറ്റുവെങ്കിലും കൊല്ലംസീറ്റില്‍ ജയസാധ്യത പരിഗണിച്ചാണ് പ്രേമചന്ദ്രനുവേണ്ടി ഈ നിലപാട് സ്വീകരിച്ചതെന്നായിരുന്നു അതുസംബന്ധിച്ച ചോദ്യത്തിനു അസീസിന്റെ മറുപടി.

അസീസിന്റെ തട്ടകത്തില്‍ വീണ്ടും കൂട്ടരാജി

കൊട്ടിയം: ആര്‍എസ്പി നേതാവ് എ എ അസീസ് എംഎല്‍എയുടെ തട്ടകമായ മയ്യനാട് പഞ്ചായത്തിലെ കൊട്ടിയത്തുനിന്ന് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ ആര്‍എസ്പിയില്‍നിന്നു രാജിവച്ചു. ആര്‍വൈഎഫ് ഇരവിപുരം മണ്ഡലം സെക്രട്ടറി, ആര്‍എസ്പി മണ്ഡലം കമ്മിറ്റിഅംഗം, മയ്യനാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്ന ജവാബ് റഹ്മാന്‍, ആര്‍എസ്പി ലോക്കല്‍കമ്മിറ്റി അംഗങ്ങളായ രണദാസ്, നിസാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ ആര്‍എസ്പി ബന്ധം അവസാനിപ്പിച്ചു. എ എ അസീസിന്റെ വീടിനോടു ചേര്‍ന്നുള്ള വാര്‍ഡ്അംഗമാണ് ജവാബ് റഹ്മാന്‍. ഇദ്ദേഹം ഉമയനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിഅംഗം കൂടിയാണ്. ഇടതുപക്ഷരാഷ്ട്രീയത്തെ കേവല ലാഭത്തിനായി യുഡിഎഫിനു പണയപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ടി വിടുന്നത്. രാജിവച്ചവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ വിജയത്തിനായും സിപിഐ എമ്മുമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. ആര്‍എസ്പി വിട്ട പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഐ എം നേതൃത്വത്തില്‍ കൊട്ടിയം മേഖലയില്‍ പ്രകടനം നടന്നു. പ്രകടനത്തിന് ബി രാജേന്ദ്രന്‍, എസ് ഫത്തഹുദീന്‍, ഷീലാകുമാരി, ജി ഓമന എന്നിവര്‍ നേതൃത്വം നല്‍കി.

deshabhimani

No comments:

Post a Comment