കൊച്ചി: ഭൂമി തട്ടിപ്പിന്റെ ഗ്യാങ്ങ് ലീഡറാണ് മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജെന്ന് ഹൈക്കോടതി. റവന്യൂ രേഖകളില്‍ തിരിമറിയും കൃത്രിമവും നടത്താന്‍ ഉന്നതതല ഗൂഢാലോചനയാണ് നടന്നത്.
ഹര്‍ജിക്കാരില്‍നിന്ന് ഭൂമി തട്ടിയെടുക്കാനാണ് വ്യാജരേഖകള്‍ ചമച്ചതും കൃത്രിമ തണ്ടപ്പേരുകള്‍ ഉണ്ടാക്കിയതും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഭൂമി തട്ടിയെടുക്കുന്ന മാഫിയയുടെ തലവനായി പ്രവര്‍ത്തിച്ചത് സലിം രാജായിരുന്നു. ഭൂമികൈവശക്കാര്‍ ഭൂമി വിട്ടുപോകാന്‍ ഇയാള്‍ സമ്മര്‍ദംചെലുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട്. രണ്ടു സ്ഥലത്തും സ്വീകരിച്ച തന്ത്രങ്ങളും ഒന്നുതന്നെയായിരുന്നു.
തട്ടിപ്പുകേസുകളില്‍ പൊലീസ് ഇതുവരെ നടത്തിയ അന്വേഷണം അപൂര്‍ണമാണെന്നും രാഷ്ട്രീയ ഉന്നതരടക്കമുള്ളവരുടെ ഇടപെടലുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണിതെന്നും കോടതി വിലയിരുത്തി. ഭൂമി വാങ്ങാന്‍ കോടികളുടെ കരാറുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. പൊലീസ് കോണ്‍സ്റ്റബിള്‍ മാത്രമായ ഗണ്‍മാന് ഇത്രയധികം പണം ലഭിച്ചതെവിടെനിന്നാണ്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്താണ് ഇതു നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സലിം രാജിന്റെയും ഇടപെടല്‍മൂലമാണ് പരാതിയില്‍ നടപടി ഉണ്ടാവാത്തതെന്ന ആരോപണം തള്ളിക്കളയാനാവില്ല. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്ന ആരോപണവും അടിസ്ഥാനമുള്ളതാണ്.
രാഷ്ട്രീയനേതൃത്വത്തിന്റേതടക്കമുള്ള ഇടപെടലുള്ളതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. കളമശേരി കേസില്‍ പൊലീസ് കേസെടുത്തതല്ലാതെ ഒരു അന്വേഷണവും നടത്തിയില്ല. ഇടപാടിനു പിന്നില്‍ യഥാര്‍ഥത്തില്‍ ആരാണെന്നു കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ല. ആര്‍ക്കുവേണ്ടിയാണ് ഇടപാടുകളെന്നും പൊലീസ് കണ്ടെത്താന്‍ ശ്രമിച്ചില്ല. സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനും പൊലീസിനു കഴിഞ്ഞിട്ടില്ല. കോടികള്‍ ഇറക്കി ഭൂമി വാങ്ങാന്‍ ശ്രമം നടത്തിയവര്‍ ആരൊക്കെയാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല- കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രി മറുപടി പറയണം: ഹൈക്കോടതി
കൊച്ചി: മുന്‍ ഗണ്‍മാന്‍ സലിം രാജും ഭാര്യയും ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ ജനങ്ങളോട് മറുപടിപറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഉത്തരവാദിത്തവും വിശ്വാസ്യതയും ഉള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത്തരത്തിലുള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതിന്റെ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണ്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്, ഭൂമി തട്ടിപ്പ് കേസന്വേഷണം സിബിഐക്കു വിട്ടുകൊണ്ടാണ് ഹൈക്കോടതി മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ അവിടെ ക്രിമിനലുകള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലര്‍ അവിടെ ജോലി ചെയ്തു- ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വിധിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെട്ട ഭൂമിതട്ടിപ്പും സോളാര്‍കേസും ജനങ്ങളില്‍ അത്ഭുതവും ഞെട്ടലും ഉളവാക്കിയെന്ന് കോടതി പറഞ്ഞു. സരിതാ- സോളാര്‍ കേസ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം മുഖ്യമന്ത്രിക്കൊപ്പം ജോലി ചെയ്തു. ഇത് ഞെട്ടിക്കുന്നതും അതിശയകരവുമാണ്.
യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സലിം രാജിനെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സരിതാ കേസെന്നറിയപ്പെടുന്ന തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മറ്റൊരു പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്. വിവിധ കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് പല ഘട്ടത്തിലും കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
ഭരണനേതൃത്വം വ്യക്തിത്വമുള്ളവരെയും വിശ്വാസയോഗ്യരായവരെയും പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ ഉത്തരവാദിത്തവും ആത്മാര്‍ഥതയും കാണിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. ജനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇതിന് മുഖ്യമന്ത്രിതന്നെ മറുപടി നല്‍കണം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതിനെക്കുറിച്ചും ഇവരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
സിബിഐ അന്വേഷണത്തിനു വിധേയമാക്കേണ്ട അസാധാരണ കേസുകളാണിതെന്ന് ഹൈക്കോടതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പങ്കാളിത്തം ആരോപിക്കുന്നതിനാല്‍ കേരള പൊലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന ഹര്‍ജിക്കാരുടെ ആശങ്കയില്‍ കഴമ്പുണ്ട്.
കളമശേരി ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തെങ്കിലും ആരോപണവിധേയരെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. സലിം രാജ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സലിം രാജിനു പുറമേ ലാന്‍ഡ് റവന്യൂ കമീഷണര്‍, അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമീഷണര്‍, രണ്ട് അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ എന്നിവരുടെ പങ്കു സംബന്ധിച്ച വിവരങ്ങള്‍ ഈ രേഖകളില്‍നിന്നു വ്യക്തമാണ്. ഹര്‍ജിക്കാര്‍ ഇവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് നിരീക്ഷണങ്ങള്‍ക്ക് മുതിരുന്നില്ലെന്നും സ്വതന്ത്രമായ അന്വേഷണം സിബിഐക്കു മാത്രമേ സാധ്യമാവുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
പി പി താജുദ്ദീന്‍ ദേശാഭിമാനി
No comments:
Post a Comment