Friday, March 28, 2014

വീരന്‍ പറയുന്നു മോഡി വരുമെന്ന്

യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാര്‍ പാലക്കാട്ട് ബിജെപി വോട്ട് കച്ചവടമാക്കി. ബിജെപി ഔദ്യോഗിക നേതൃത്വവുമായി രഹസ്യചര്‍ച്ച നടത്തിയാണ് കച്ചവടമുറപ്പിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് എംപി ആയാല്‍ നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തിന്റെ വികസനം ഉറപ്പാക്കുമെന്ന് വീരേന്ദ്രകുമാര്‍ പ്രചാരണത്തിനിടെ പ്രഖ്യാപിച്ചത്. മോഡി പ്രധാനമന്ത്രിയാകുമെന്ന് പരോക്ഷമായി വ്യക്തമാക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.

കോണ്‍ഗ്രസും ലീഗും ഇതോടെ പ്രതിരോധത്തിലായി. നാമനിര്‍ദേശപത്രിക നല്‍കുന്നതിനുമുമ്പ് വീരേന്ദ്രകുമാര്‍ ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തോല്‍ക്കുമെന്ന് ഉറപ്പുള്ള മണ്ഡലമായിട്ടും പാലക്കാട്ട് മത്സരിക്കാന്‍ തയ്യാറായത്. വടകരയോ വയനാടോ വേണമെന്ന് അവസാനിമിഷംവരെ യുഡിഎഫുമായി വില പേശിയെങ്കിലും വിലപ്പോയില്ല. ബിജെപി ഔദ്യോഗിക നേതൃത്വവും വീരേന്ദ്രകുമാറിനായി കരുക്കള്‍ നീക്കി.

സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ നിലപാടെടുത്ത ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതും ഈ ലക്ഷ്യത്തോടെയാണ്. ശോഭ സുരേന്ദ്രനെ പരമാവധി നാണംകെടുത്താനും ബിജെപി നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. മോഡിയെ പരസ്യമായി വാഴ്ത്തി വോട്ട് കച്ചവടമാക്കിയതിന് പുറമെ വീരേന്ദ്രകുമാറിന് മറ്റ് ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് സൂചന. തൂക്കുപാര്‍ലമെന്റ് വരികയും പ്രാദേശിക കക്ഷികളെ ചാക്കിട്ട് പിടിക്കുകയും ചെയ്യുന്ന ഘട്ടം വന്നാല്‍ മന്ത്രിക്കുപ്പായവും വീരേന്ദ്രകുമാര്‍ സ്വപ്നം കാണുന്നു. എന്നാല്‍ ബിജെപി വോട്ട് മറിഞ്ഞാലും പാലക്കാട്ട് നിന്നും വീരന് കരകയറാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ എതിരാളികള്‍ക്ക് പോലും സ്വീകാര്യനായി മാറിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിനെ ജനങ്ങള്‍ ഇതിനകം മനസാ സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ ആളില്ലാ പാര്‍ടിയെ പാലക്കാട്ട് കെട്ടിയേല്‍പിച്ചതിലുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തോടൊപ്പം മോഡിയെ വാഴ്ത്തിപ്പറഞ്ഞതും യുഡിഎഫ് വോട്ടില്‍ വിള്ളല്‍ വീഴ്ത്തുകയാണ്.

deshabhimani

No comments:

Post a Comment