സാമ്പത്തിക അടിയന്തരാ വസ്ഥയെ ത്തുടര്‍ന്ന് സംസ്ഥാനത്ത് ഭരണസ്തംഭനം. സര്‍ക്കാര്‍ ചെലവുകളെല്ലാം നിര്‍ത്തി. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയുമടക്കം ഒരുവിധ ബില്ലുകള്‍ക്കും പണം നല്‍കുന്നില്ല. പട്ടികവിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടകപദ്ധതി തുകപോലും നിഷേധിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. അവശ്യസര്‍വീസുകളുടെ അടിയന്തര ചെലവിനുള്ള തുക ലഭിക്കണമെങ്കിലും ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണം. ഫണ്ട് വിതരണത്തിനുള്ള കത്ത് (അലോട്ട്മെന്റ് ലെറ്റര്‍) ട്രഷറികളില്‍ സ്വീകരിക്കാതായതോടെ പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായി. ബുധനാഴ്ചമുതല്‍ ട്രഷറിയില്‍ ഫലത്തില്‍ പണമിടപാട് ഇല്ലാതാകും. മൂന്നുമണിക്കുശേഷം ട്രഷറി ബില്‍, ചെക്ക്, ചെലാന്‍ എന്നിവയൊന്നും എടുക്കില്ല.
പട്ടികവിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ പൂര്‍ണമായും അടുത്തവര്‍ഷത്തേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണവകുപ്പ് നിര്‍ദേശം നല്‍കി. ലോകബാങ്ക് സഹായപദ്ധതി അടക്കം കൈകാര്യം ചെയ്യുന്ന കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ടിലെ അവശേഷിക്കുന്ന തുക പൂര്‍ണമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെയും മെയിന്റനന്‍സ് ഫണ്ടിന്റെയും 35 ശതമാനവും അടുത്തവര്‍ഷത്തേക്ക് മാറ്റാമെന്നും ഉത്തരവില്‍ പറയുന്നു.
നഗരസഭകളും ത്രിതല പഞ്ചായത്തുകളും തുടങ്ങിവച്ച എല്ലാ പ്രവൃത്തിയും നിലച്ചു. റോഡ് നിര്‍മാണം, അറ്റകുറ്റപ്പണി, കെട്ടിടനിര്‍മാണം, സ്കൂളുകളുടെയും ആശുപത്രികളുടെയും നവീകരണം, ഗ്രാമീണ റോഡുകള്‍, പാലങ്ങള്‍, അങ്കണവാടി-ആശുപത്രി-സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും, കാര്‍ഷികവികസന-മൃഗസംരക്ഷണപദ്ധതികള്‍, ദാരിദ്ര്യലഘൂകരണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസവികസനം, മാതൃ-ശിശുപോഷകാഹാര പദ്ധതികള്‍, പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്കുള്ള തുകയാണ് ഇല്ലാതാകുന്നത്. പദ്ധതി തുകയുടെ 40 ശതമാനം ഉല്‍പ്പാദനമേഖലയില്‍ നീക്കിവയ്ക്കണമെന്ന നിബന്ധന ഇല്ലാതാക്കിയതിലൂടെ കാര്‍ഷികമേഖലയടക്കം മുരടിപ്പിലാണ്.
ട്രഷറിയില്‍ ഒരുവിധ ബില്ലും ചെക്കും ചെലാനും സ്വീകരിക്കാതായതോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇനി ഒരുരൂപപോലും ലഭിക്കില്ല. ധനവകുപ്പിനെ മുന്നില്‍നിര്‍ത്തിയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി അട്ടിമറിച്ചത്. നടപ്പുവാര്‍ഷികപദ്ധതി 4000 കോടി രൂപയില്‍ 1357 കോടി മാത്രമാണ് ചെലവിട്ടത്. മുന്‍വര്‍ഷത്തെ പദ്ധതികളും ചേര്‍ത്ത് 5403 കോടിരൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കേണ്ടത്. ചെലവിട്ടത് 2761 കോടി.
മാസാവസാനം ശമ്പളം അടക്കമുള്ള ബാധ്യതകള്‍ തീര്‍ക്കുന്നതിന് 2,500 കോടി രൂപയെങ്കിലും വേണം. 600 കോടിരൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഇതിന്റെ ലേലം നടന്നാലും എത്ര തുക ട്രഷറിയില്‍ എത്തുമെന്ന് വ്യക്തമല്ല. വര്‍ഷാന്ത്യകണക്ക് ക്രമീകരണത്തിന്റെ ഭാഗമായി 380 കോടിയോളം രൂപയേ ട്രഷറിയില്‍ എത്തൂവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വായ്പാപരിധി കഴിഞ്ഞ് 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതിനാണ് അനുമതി തേടിയിരുന്നത്. തെരഞ്ഞെടുപ്പായതിനാല്‍ ശമ്പളവും പെന്‍ഷനും ഏതുവിധേനയും വിതരണം ചെയ്യണമെന്ന നിര്‍ദേശം ധനവകുപ്പിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 1500 കോടി രൂപയെങ്കിലും പുറമെനിന്ന് കണ്ടെത്തിയാലേ ഈമാസം തള്ളിനീക്കാനാകൂ. ഈ തുക ദേവസ്വം ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ പല ഭാഗത്തുനിന്നും എതിര്‍പ്പുയരുന്നു. ഇപ്പോള്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ ഫണ്ടാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു നടന്നാലും ഏപ്രില്‍ മുതല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
ജി രാജേഷ് കുമാര്‍ ദേശാഭിമാനി
No comments:
Post a Comment