Thursday, March 27, 2014

ബിന്ദു കൃഷ്ണ പത്രിക തിരുത്തിയത് അധികൃതരുടെ സഹായത്തോടെ

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയുടെ നാമനിര്‍ദേശപത്രിക തിരുത്തിയതിനു പിന്നില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചന. വരണാധികാരിയായ കലക്ടറോ, അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോ അറിയാതെ പത്രികയിലെ രേഖകളില്‍ കൃത്രിമം നടത്താന്‍ സാധ്യമല്ലെന്ന് വ്യക്തം. സൂക്ഷ്മ പരിശോധനയ്ക്കായി പത്രിക 48 മണിക്കൂര്‍ വരണാധികാരി കൈയില്‍ സൂക്ഷിച്ചു. തുടര്‍ന്ന് കൃത്രിമം നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തിട്ടാണ് വരണാധികാരി ഏകപക്ഷീയമായി പത്രിക സ്വീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. ഇത് തികച്ചും അനുചിതവും സംശയം ഉണ്ടാക്കുന്നതുമാണെന്നുകാട്ടി എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി.

ബിന്ദു കൃഷ്ണ നാമനിര്‍ദേശപത്രികയോടൊപ്പം സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നതും പത്രികയിലെ നിരവധി ന്യൂനതകളും സൂക്ഷ്മപരിശോധനാ വേളയില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. രേഖാമൂലം ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിന്ദു കൃഷ്ണയുടെ നാമനിര്‍ദേശപത്രിക പരിശോധിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ചൊവ്വാഴ്്ച രേഖകള്‍ വീണ്ടും പരിശോധിക്കുമ്പോള്‍, തലേദിവസം ഇല്ലാതിരുന്ന സത്യവാങ്മൂലം തെറ്റുതിരുത്തി തിരുകിക്കയറ്റിയതായി കണ്ടെത്തി. കലക്ടര്‍ക്കും കാര്യം ബോധ്യപ്പെട്ടു. കലക്ടറേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും കൃത്രിമരേഖ ചമയ്ക്കാന്‍ കൂട്ടുനിന്ന നോട്ടറിയുടെ നോട്ടോറിയല്‍ രജിസ്റ്റര്‍ പിടിച്ചെടുത്ത് പരിശോധിക്കാനും കലക്ടര്‍ വാക്കാല്‍ ഉത്തരവിട്ടു.

ബിന്ദു കൃഷ്ണയുടെ പത്രിക അംഗീകരിക്കുന്നത് വീണ്ടും മാറ്റി ഭരണസ്വാധീനം ഉപയോഗിച്ച് വരണാധികാരിയുടെ ഓഫീസിന്റെ മാന്യതയും വിശ്വാസ്യതയും നശിപ്പിക്കുന്ന തരത്തില്‍ ഗുരുതരമായ ഈ അട്ടിമറി നടന്നതെന്നുകാട്ടി എല്‍ഡിഎഫ് കലക്ടര്‍ക്ക് പരാതി നല്‍കി. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്്ചെയ്ത് ഗൗരവമായ അന്വേഷണം നടത്തണമെന്നും ഒരു സ്ഥാനാര്‍ഥിയും ചെയ്യാന്‍ ധൈര്യപ്പെടാത്ത കൃത്രിമവും അട്ടിമറിയും ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ ബിന്ദു കൃഷ്ണയുടെ പത്രിക തള്ളണമെന്നും ക്രിമിനല്‍ നടപടിക്ക് വിധേയയാക്കണമെന്നും തെരഞ്ഞെടുപ്പ് അധികൃതര്‍ക്കും കലക്ടര്‍ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിച്ചതായി വരണാധികാരി മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യത്തില്‍ നല്‍കിയ പരാതിയില്‍ വീണ്ടും ചര്‍ച്ച നടത്താനോ, മതിയായ വിശദീകരണം നല്‍കാനോ തയ്യാറായില്ല.

സൂക്ഷ്മപരിശോധനയ്ക്കായി 48 മണിക്കൂര്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രികയില്‍ എല്ലാ കൃത്രിമവും നടത്താന്‍ സൗകര്യം നല്‍കി ഒടുവില്‍ അംഗീകരിച്ചത് തികച്ചും ജനാധിപത്യവിരുദ്ധനടപടിയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ആനാവൂര്‍ നാഗപ്പനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനും പരാതി നല്‍കി. ബിന്ദു കൃഷ്ണ കലക്ടറേറ്റിലെ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ അട്ടിമറി കലക്ടര്‍ക്ക് സ്വയം ബോധ്യപ്പെട്ടതാണെന്ന് പരാതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് കലക്ടറുടെ പേരില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയ്യാറാകണം. സംഭവം സംബന്ധിച്ച് വിശദാന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment