"ഇറക്കുമതിനയം കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിച്ചു... മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെയും കര്‍ഷക കുടുംബങ്ങളിലെ ആത്മഹത്യ വാര്‍ത്തയല്ലാതായിരിക്കുന്നു"...ഈ ദുരവസ്ഥയ്ക്ക് അന്യരെമാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യാഗവണ്‍മെന്റ്തന്നെ ഇതിനൊക്കെ ഒത്താശ ചെയ്യുന്നു"-ഇത് മറ്റാരുടെയും വാക്കുകളല്ല. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി സാക്ഷാല്‍ എം പി വീരേന്ദ്രകുമാറിന്റേതുതന്നെ. ലോകബാങ്കിനും അന്താരാഷ്ട്ര നാണയനിധിക്കും(ഐഎംഎഫ്)കേന്ദ്രഭരണാധികാരികള്‍ ഇന്ത്യയെ പണയപ്പെടുത്തിയതിനെതിരെ വികാരവിക്ഷുബ്ധനായി വീരേന്ദ്രകുമാര്‍ എഴുതിയ "ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കകളും" എന്ന പുസ്തകത്തിലാണ് ഈ വാക്കുകള്‍.
എന്നാല്‍, കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ടുള്ള സ്വന്തംവാക്കുകള്‍ ഇന്ന് അദ്ദേഹത്തെ തിരിഞ്ഞുകുത്തുകയാണ്. നാളികേരം, വെളിച്ചെണ്ണ, കുരുമുളക്, ചായ, കാപ്പി, അടയ്ക്ക, റബര്‍ എന്നിവയൊക്കെ തോന്നിയതുപോലെ ഇറക്കുമതി ചെയ്യാനുവദിച്ചു. ബോംബെ ലോബികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പാമോയിലും വെളിച്ചെണ്ണയും ഇറക്കുമതി ചെയ്തപ്പോള്‍ നമ്മുടെ വെളിച്ചെണ്ണവ്യവസായവും കേരകൃഷിയുമാണ് തകര്‍ന്നത്. ഇത് എതാണ്ട് 25 ലക്ഷത്തിലേറെപ്പേരുടെ ജീവിതത്തെ വഴിമുട്ടിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ നിയന്ത്രണമില്ലാത്ത ഇറക്കുമതി, കാര്‍ഷികമേഖലയെ ആകെ തകരാറിലാക്കിയതാണ് കേരളത്തിലെ കര്‍ഷകരുടെ അനുഭവം. ഇതിനെതിരെ ശക്തമായ സമരങ്ങളും സമാന്തരപ്രസ്ഥാനങ്ങളും വളര്‍ന്നുവരണം. കര്‍ഷകരുടെ ദുരിതത്തിന് ഒരു രാഷ്ട്രീയമുഖഛായയുണ്ടാകണം. രാഷ്ട്രീയക്കൂട്ടായ്മയാണ് ഈ പ്രശ്നത്തില്‍ വളര്‍ന്നു വരേണ്ടത്. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നയങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്ത് ഇങ്ങനെ നീളുന്നു..... വീരന്റെ വാക്കുകളില്‍ പ്രതിഷേധം കത്തിക്കാളുകയാണ്....
എന്നാലിന്ന് ഇതേ കോണ്‍ഗ്രസിനൊപ്പമാണ് അദ്ദേഹത്തിന്റെ ചങ്ങാത്തമെന്നത് വിരോധാഭാസംതന്നെ. നേരത്തെ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടിവരുന്ന അവസ്ഥയിലാണിപ്പോള്‍ വീരേന്ദ്രകുമാര്‍. 2005ലാണ് പി എ വാസുദേവനൊപ്പംചേര്‍ന്ന് വീരേന്ദ്രകുമാര്‍ ഈ പുസ്തകമെഴുതിയത്. മാതൃഭൂമിയാണ് പ്രസാധകര്‍. ആഗോളീകരണവും അതിന്റെ പ്രത്യാഘാതങ്ങളും ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണെന്നും ലോകത്തെ ഒരു വിപണിയാക്കുകയാണ് ആഗോളീകരണത്തിന്റെ ലക്ഷ്യമെന്നും പുസ്തകത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തിനെതിരെയും ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന ഗാട്ട് കരാറിനെതിരെയും "ഗാട്ടും കാണാച്ചരടും" എന്ന പുസ്തകവും വീരേന്ദ്രകുമാര്‍ എഴുതിയിരുന്നു.
deshabhimani
No comments:
Post a Comment