Thursday, March 27, 2014

വക്കം റിപ്പോര്‍ട്ട് പൂഴ്ത്തിയത് ഘടകകക്ഷികളെ പേടിച്ച്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംബന്ധിച്ച് പഠിച്ച വക്കം പുരുഷോത്തമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വം പൂഴ്ത്തിയത് ഘടകകക്ഷികളെ പേടിച്ച്. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് പരസ്യമായതോടെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് മുഖ്യകാരണം ഘടകകക്ഷികളാണെന്നാണ് വക്കം കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മോശം പ്രകടനത്തിന് മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എം, കേരളാ കോണ്‍ഗ്രസ് ജേക്കബ്, കേരളാ കോണ്‍ഗ്രസ് പിള്ള, സിഎംപി, ജെഎസ്എസ് എന്നീ ഘടകകക്ഷികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പെണ്‍വാണിഭകേസ് ഉയര്‍ത്തിപ്പിടിച്ച് ഒരു പ്രത്യേക വിഭാഗത്തെ മലബാറില്‍ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മറ്റ് പ്രദേശങ്ങളില്‍ യുഡിഎഫിന് ദോഷമായി എന്ന വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ചേര്‍ത്തലയില്‍ ഗൗരിയമ്മയെയും നെന്മാറയില്‍ എം വി രാഘവനെയും മത്സരിപ്പിച്ചതും ദോഷകരമായി. എത്ര പാരമ്പര്യമുണ്ടെങ്കിലും പ്രായമേറെയുള്ള ഗൗരിയമ്മയെ മത്സരിപ്പിച്ചതാണ് ചേര്‍ത്തല സീറ്റ് നഷ്ടപ്പെടാന്‍ കാരണം. അങ്കമാലിയില്‍ ജോണി നെല്ലൂരിനെ മത്സരിപ്പിച്ചത് ആ സീറ്റ് തോല്‍ക്കാനിടയാക്കി. തൃശൂരില്‍ സി പി ജോണ്‍ മത്സരിച്ച കുന്ദംകുളമടക്കം നാല് സീറ്റില്‍ യുഡിഎഫ് ഘടകകക്ഷികള്‍ തോറ്റത് കോണ്‍ഗ്രസ് ആ സീറ്റുകളില്‍ മത്സരിക്കാതിരുന്നതുകൊണ്ടാണ്. ആലത്തൂര്‍ മാണി ഗ്രൂപ്പിനും തരൂര്‍ മണ്ഡലം ജേക്കബ് ഗ്രൂപ്പിനും നല്‍കിയത് ശരിയായില്ല. ജെഎസ്എസിന് നാല് സീറ്റും സിഎംപി, കേരളാ കോണ്‍ഗ്രസ് ജേക്കബ് എന്നിവയ്ക്ക് മൂന്ന് സീറ്റ് വീതവും നല്‍കിയത് അധികമായി. കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ഥിനിര്‍ണയം യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കാതെയായിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

യുഡിഎഫിന് മികച്ച വിജയം നേടാന്‍ കഴിയാതിരുന്നത് കണ്ടെത്താനും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് വക്കം പുരുഷോത്തമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്. എ സി ജോസ്, വി എസ് വിജയരാഘവന്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍. 2011 ജൂണ്‍ 23ന് ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗമാണ് സമിതിയെ നിശ്ചയിച്ചത്. വളരെ പെട്ടെന്നുതന്നെ എല്ലാ ജില്ലകളിലെയും പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ആഗസ്ത് നാലിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. സമിതിയുടെ അധ്യക്ഷനായ വക്കം പുരുഷോത്തമന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസത്തിനുള്ളില്‍ ഗവര്‍ണറായി കേരളത്തില്‍നിന്ന് പോയി. റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതില്‍ യുഡിഎഫ് ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അമര്‍ഷം കടിച്ചമര്‍ത്തിയാണ് റിപ്പോര്‍ട്ട് അപ്രസക്തമെന്ന് പറഞ്ഞൊഴിഞ്ഞത്.

deshabhimani

No comments:

Post a Comment