Monday, March 31, 2014

മലക്കംമറിഞ്ഞ് ആന്റണി; മറക്കാതെ ജനങ്ങള്‍

2012 നവംബര്‍ 14. തിരുവനന്തപുരത്ത് ചാക്കയിലുള്ള ബ്രഹ്മോസ് ഏറോസ്പെയ്സിലെ പൊതുയോഗ വേദി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, കേന്ദ്രമന്ത്രി ശശി തരൂര്‍ എന്നിവര്‍ വേദിയില്‍. മൈക്കിനു മുന്നില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. വേദിയിലിരിക്കുന്നവരെ നോക്കി, തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ആന്റണി പ്രസംഗിക്കുന്നു-

""കേന്ദ്രം യുപിഎ ഭരിക്കുകയും കേരളം ഇടതുപക്ഷം ഭരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍പ്പോലും ഞങ്ങള്‍ 2007 മുതല്‍ 2011വരെ കലവറയില്ലാതെ പ്രതിരോധവകുപ്പിന്റെ സ്ഥാപനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അന്നത്തെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് എനിക്ക് പൂര്‍ണമായ സഹകരണം കിട്ടി. ശ്രീ. എളമരം കരീമിന്റെ ഭാഗത്തുനിന്നുണ്ടായ സഹായത്തിന് നന്ദിപറയാന്‍ വലിയ ഭാഷാപണ്ഡിതനല്ലാത്ത എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എന്റെ കൈയിലുള്ള എല്ലാ നല്ല വാക്കുകള്‍കൊണ്ടും ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. ഞാന്‍ അവിടെ തീരുമാനമെടുക്കുകയേ ചെയ്തുള്ളൂ. നടപ്പാക്കിയത് മൊത്തം സംസ്ഥാനസര്‍ക്കാരും വ്യവസായവകുപ്പും എളമരം കരീമും ഒക്കെയായിരുന്നു. ശ്രീ. വി എസ് അച്യുതാനന്ദനും എന്നെ കാര്യമായി സഹായിച്ചു. അങ്ങനെയാണ് ഈ സ്ഥാപനങ്ങള്‍ ഇവിടെ കൊണ്ടുവന്നത്. പക്ഷേ, പ്രിയപ്പെട്ടവരെ, ഞാന്‍ തുറന്നു പറയുകയാണ്. എനിക്കിപ്പോള്‍ അതിനുള്ള ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. ഞാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ പുതിയ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ഒരു ഗൃഹപാഠവും ചെയ്തിട്ടില്ല. കൊണ്ടുവന്നിട്ടുമില്ല. കൊണ്ടുവരാനുള്ള ധൈര്യം എനിക്ക് കുറഞ്ഞുപോയി"".

2014 മാര്‍ച്ച് 30. കാസര്‍കോഡ് യുഡിഎഫിന്റെ പൊതുയോഗവേദിയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും. ആന്റണി പറയുന്നു-""കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണ്. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട പദ്ധതികളും സഹായങ്ങളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കി. 95 ശതമാനം ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നിറവേറ്റി. യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ തൃപ്തരാണ്"".

2012 നവംബറിലെ പ്രസംഗം ആന്റണി ഇതുവരെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ നിശിതമായ പരാമര്‍ശങ്ങള്‍ക്ക് കാരണമായ വന്‍ അഴിമതികളും മോശം സംഭവങ്ങളും പൂര്‍ണമായി ന്യായീകരിച്ച് യുഡിഎഫ് ഭരണത്തില്‍ കേരളജനത തൃപ്തരാണെന്നും ആന്റണി പറഞ്ഞുവച്ചു. ജനങ്ങള്‍ ഒന്നും മറക്കുന്നില്ലെന്ന വസ്തുതമാത്രം ആന്റണി മറന്നു.

വി ജയിന്‍ deshabhimani

No comments:

Post a Comment