Monday, March 24, 2014

വാര്‍ത്തകളില്‍ കാണാത്ത സുനന്ദ

2014 ജനുവരി 17ന് രാത്രി ഒമ്പതിനോടടുത്ത് രാജ്യം കേള്‍ക്കാനിഷ്ടപ്പെടാത്ത ഒരു വാര്‍ത്ത ചാനലുകളില്‍ ഫ്ളാഷ് ന്യൂസായി മിന്നിമാഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും ബിസിനസ് സംരംഭകയുമായ സുനന്ദ പുഷ്കര്‍ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, അവരെ കേട്ടറിഞ്ഞവര്‍പോലും ഞെട്ടി. മരണത്തെ ചൂഴ്ന്ന ദുരുഹതയ്ക്ക് ഓരോ ദിവസവും ആഴമേറി. ആത്മഹത്യയാണെന്ന് വരുത്താന്‍ തീവ്രശ്രമം. ഒടുവില്‍ അന്വേഷണം എങ്ങുമെത്തിയില്ല. സുനന്ദ പുഷ്കര്‍ എന്ന അധ്യായം പൊലീസ് അവസാനിപ്പിച്ചു. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളില്‍ ഭാര്യ അസ്വാഭാവികമായി മരിച്ചാല്‍ ഭര്‍ത്താവിനെതിരെ കൈക്കൊള്ളേണ്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ, 304 ബി വകുപ്പുകള്‍ ഇവിടെ നോക്കുകുത്തിയായി.

1962ല്‍ കശ്മീരിലെ സൊപോറിലാണ് ജനം. അച്ഛന്‍ കേണലായതിനാല്‍ ചിട്ടയോടെ ജീവിതം. ഉന്നതവിദ്യാഭ്യാസം നേടി. അധികനാള്‍ നീണ്ടുനില്‍ക്കാത്ത ആദ്യ പ്രണയവിവാഹം. രണ്ടാംവിവാഹത്തിനുശേഷം മികച്ച ഒരു ബിസിനസ് സംരംഭകയായി ദുബായില്‍. പിന്നീട് കേന്ദ്രമന്ത്രിയുമായി സൗഹൃദം, പ്രണയം, വിവാഹം- അവസാനം ദുരൂഹതകള്‍ മാത്രം ബാക്കിവച്ചുള്ള മരണം- പിങ്കിയെന്ന് വീട്ടുകാര്‍ സ്നേഹത്തോടെ വിളിച്ച സുനന്ദ പുഷ്കറിന്റെ ജീവിതം പൊലിഞ്ഞത് പ്രശസ്തിയുടെ ഉത്തുംഗങ്ങളില്‍ നില്‍ക്കുമ്പോള്‍. സുനന്ദ പുഷ്കറിനെ രാജ്യം അറിഞ്ഞത് വിവാദങ്ങളിലൂടെ. കൃത്യമായി പറഞ്ഞാല്‍ 2009ല്‍. ശശി തരൂരിനൊപ്പം പതിവായി പൊതു പരിപാടികളില്‍ കണ്ടതുമുതല്‍. പിന്നെ ഐപിഎല്‍ വിയര്‍പ്പ് ഓഹരി വിവാദവും... സെലിബ്രിറ്റി പ്രണയവും വിവാഹവും ആഘോഷിക്കപ്പെട്ടു. 2009 ജൂണില്‍ ദുബായിലെ പ്രമുഖ മലയാളി വ്യവസായി ഒരുക്കിയ വിരുന്നില്‍ തരൂരും സുനന്ദയും ആദ്യം കണ്ടു. ബന്ധം വളര്‍ന്നു. തരൂരിന്റെ രണ്ടാംഭാര്യ ക്രിസ്റ്റ ഗെയില്‍സുമായുള്ള ബന്ധം തകരാന്‍ ഇത് ഇടയാക്കി. 2010ല്‍ ശശി തരൂരുമായുള്ള പ്രണയം ലോകമറിഞ്ഞു. മാധ്യമങ്ങള്‍ അത് ആഘോഷിച്ചു. കൊച്ചി ഐപിഎല്‍ ടീമിന്റെ വിയര്‍പ്പോഹരി വിവാദത്തോടെ പ്രണയം ചൂടുപിടിച്ചു. 2010 ആഗസ്തില്‍ തരൂരുമായി വിഹാഹം. ബന്ധത്തില്‍ ആദ്യമേ വിള്ളല്‍ വീണു. അവസാന നാളുകളില്‍ ശശി തരൂരിനെതിരെ സുനന്ദ പരസ്യമായി രംഗത്തുവന്നു- അതും തരൂരിന്റെ പരസ്ത്രീബന്ധത്തിന്റെ പേരില്‍.

സുനന്ദയെ അറിയുന്ന സുഹൃത്തുക്കള്‍ക്ക്, ആ മരണം കടുത്ത ആഘാതമായി. ഒരിക്കലും അവര്‍ ആത്മഹത്യചെയ്യില്ലെന്ന് സുഹൃത്തുക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നും പ്രസന്നതയോടെ മാത്രം കാണപ്പെട്ട സുനന്ദ ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവായിരുന്നില്ല. എല്ലാ പ്രശ്നത്തെയും നെഞ്ചുറപ്പോടെ നേരിട്ടു. സുനന്ദയുടെ ആദ്യ ഭര്‍ത്താവും ഷോക്രാഫ്റ്റ് പ്രൊമോഷന്‍ മേധാവിയുമായ സഞ്ജയ് റെയ്ന സുനന്ദയെ ഓര്‍ക്കുന്നത് ധീരയായ സ്ത്രീ എന്നനിലയിലാണ്. ദുരന്തങ്ങളെ പക്വതയോടെ സുനന്ദ അഭിമുഖീകരിച്ചു. അവളൊരു പോരാളിയാണ്. ആഗ്രഹങ്ങള്‍ നേടിയെടുക്കുന്ന പോരാളി- സഞ്ജയ് സുനന്ദയെ ഓര്‍ക്കുന്നു. "അമ്മ ആത്മഹത്യചെയ്യില്ലെന്ന് അവരെ മനസ്സിലാക്കിയവര്‍ക്കറിയാം" എന്ന് മകന്‍ ശിവ. സുനന്ദ ആത്മഹത്യ ചെയ്യില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവുകള്‍. കാര്യങ്ങളെല്ലാം ശരിയായി ഏറ്റെടുക്കാനുള്ള കഴിവില്‍ സുനന്ദ എന്നും അഭിമാനിച്ചിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ സ്മരിക്കുന്നു. അതിന്റെ തെളിവായിരുന്നു വെല്ലുവിളികള്‍ ഏറെയുള്ള ടൂറിസം, ഐടി, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ യുഎഇയിലും അമേരിക്കയിലും സുനന്ദ കൊയ്ത നേട്ടം. തന്റെ ബിസിനസിലൂടെ നല്ലൊരു സ്വത്തിനും സുനന്ദ ഉടമയായി. ദുബായില്‍ 12 അപ്പാര്‍ട്ട്മെന്റുകള്‍, ഒന്ന് കനഡയില്‍. ഏഴുകോടിയിലധികം വിലവരുന്ന ആഭരണങ്ങളും അതിനൊത്ത ബാങ്ക് ബാലന്‍സും, ഒപ്പം ജമ്മുവിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തും. വില ഇതുവരെ തിട്ടപ്പെടുത്താത്ത ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ കാലത്തുള്ള വാളും സമ്പത്തിന്റെ പട്ടികയിലുണ്ട്. രണ്ടാം ഭര്‍ത്താവ് സുജിത് മേനോന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഒറ്റയ്ക്കായ സുനന്ദ മകനെയും കൊണ്ട് കനഡയിലേക്ക് കുടിയേറി. അവിടെനിന്നായിരുന്നു സുനന്ദയുടെ വളര്‍ച്ചയുടെ തുടക്കം.

 2004ല്‍ റിയല്‍ എസ്റ്റേറ്റ് മാനേജരായി ദുബായിലും ബിസിനസ് വളര്‍ത്തി. എന്നാല്‍, ബിസിനസിനെയും ഫാഷനെയും പ്രണയിച്ച സുനന്ദയ്ക്ക്, ശശി തരൂരുമായുള്ള വിവാഹശേഷം ഒതുക്കപ്പെട്ടുപോയി എന്ന തോന്നലുണ്ടായി. "സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ചുറ്റുമുള്ളതെല്ലാം മറന്ന് അവരുടെ കണ്ണുകളുടെ ആഴത്തിലേക്കാണ് അദ്ദേഹം നോക്കുക. അത്തന്നെ വല്ലാതാക്കുന്നു"- എന്ന് സുനന്ദ ഒരിക്കല്‍ ഒരു സുഹൃത്തിനോട് പറഞ്ഞു. തരൂര്‍- സുനന്ദ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇവരുടെ ബന്ധത്തിലെ ഒരു കറുത്ത ഏടായിരുന്നു ലാഹോറിലെ പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍. കഴിഞ്ഞ ഏപ്രിലില്‍ ഒരു അഭിമുഖശേഷമാണ് തരൂരും മെഹര്‍ തരാറും അടുക്കുന്നത്. സുനന്ദയുടെ മരണത്തിന്റെ തലേന്നുവരെ ഈ വിവാദം കത്തിനിന്നു. മെഹറുമായുള്ള ബന്ധം അവസാനിച്ചെന്ന് കഴിഞ്ഞ ജൂലൈയില്‍ ശശി സുനന്ദയ്ക്ക് ഉറപ്പ് നല്‍കിയെങ്കിലും അത് തെറ്റാണെന്ന് 2014 ജനുവരി 15ന് സുനന്ദ കണ്ടെത്തി. മെഹര്‍ തരാരിന്റെ മൊബൈല്‍ നമ്പര്‍ തരൂര്‍ തന്റെ ഫോണില്‍ "ഹാരിഷ്" എന്ന പേരില്‍ സൂക്ഷിച്ചിരുന്നതായി സുനന്ദ കണ്ടെത്തി. ഇതേ തുടര്‍ന്ന് വിമാനത്തില്‍വച്ച് ഇരുവരും വഴക്കിട്ടു. അതിന് വാര്‍ത്താപ്രക്ഷേപണമന്ത്രി മനീഷ് തിവാരി സാക്ഷി. സുനന്ദ എന്നും തന്റേടത്തോടെതന്നെ പെരുമാറി. കേന്ദ്രമന്ത്രിപദം തിരിച്ചുകിട്ടിയശേഷം ശശി തരൂരിനൊപ്പം ആദ്യമായി കേരളത്തിലെത്തിയ സുനന്ദയെ അപമാനിക്കാന്‍ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കരണത്തടിച്ചായിരുന്നു സുനന്ദ പ്രതികരിച്ചത്്.

വന്ദന കൃഷ്ണ

കൊടുംവേദനതിന്ന് മരണം

ന്യൂഡല്‍ഹി: ഭൂമിയിലെ സ്വര്‍ഗമാണ് കശ്മീര്‍. ആ പൂന്തോട്ടത്തില്‍ വിരിഞ്ഞ സുനന്ദ പുഷ്കറിന്റെ ജീവിതം ഇത്രവേഗം കൊഴിഞ്ഞുപോകുമെന്ന് ആരും കരുതിയില്ല. രംഗബോധമില്ലാത്ത കോമാളിയായല്ല മരണം സുനന്ദയെ തേടിയെത്തിയത്. സുനന്ദയുടെ മനസിലും ശരീരത്തിലും കനത്ത മുറിപ്പാടുകളേല്‍പ്പിച്ചായിരുന്നു മരണത്തിന്റെ തണുത്ത കൈകള്‍ അവരെ തേടിയെത്തിയത്. അതുകൊണ്ടുതന്നെ അവരുടെ മരണവും ചര്‍ച്ചയ്ക്ക് വിധേയമായി. ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിച്ചാണ് ആ ജീവിതം എരിഞ്ഞമര്‍ന്നത്. സുനന്ദ പുഷ്കറിന്റെ വലതുകൈത്തണ്ടയില്‍ കുത്തിവയ്പിന്റെ പാടുണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ശരീരത്തില്‍ 15 മുറിവുകളുണ്ടായിരുന്നു. ഇടതുകൈത്തണ്ടയിലും കഴുത്തിലും താടിയിലും വലിയ മുറിവുണ്ട്. ഇത് മൂര്‍ച്ചയേറിയ ആയുധംകൊണ്ടല്ലെന്നും എന്നാല്‍, മരണത്തിന് മണിക്കൂറുകള്‍ക്കുമുമ്പുമാത്രം ഉണ്ടായതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മുറിവുകളെ മരണകാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നില്ല.

രണ്ടു മരുന്നുകള്‍ അമിത അളവില്‍ ഉള്ളിലെത്തിയതിനെത്തുടര്‍ന്നാണ് മരണം. എക്സെഡ്രിന്‍, അല്‍പ്രാസൊലെന്‍ എന്നീ മരുന്നുകളാണ് ആന്തരാവയവങ്ങളില്‍ കണ്ടെത്തിയത്. കഫൈന്‍, ആസ്പിരിന്‍, അസെറ്റാമിനോഫെന്‍ എന്നീ മരുന്നുകളുടെ കൂട്ടാണ് എക്സെഡ്രിന്‍. ബലപ്രയോഗത്തിലൂടെയാണോ മരുന്നുകള്‍ ഉള്ളിലെത്തിയതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നില്ല. കുത്തിവയ്പിന്റെ പാട് വലതുകൈത്തണ്ടയിലാണ്. വലതു കൈത്തണ്ടയില്‍ ഞെരിച്ച് അമര്‍ത്തിയതുപോലുള്ള പാടാണ്. കവിളിലും വലിയ മുറിപ്പാടുണ്ട്. ഇടതുകൈയില്‍ ആഴത്തില്‍ കടിയേറ്റ പാടുമുണ്ട്. സുനന്ദയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നില്ല. ഭക്ഷണാവശിഷ്ടങ്ങളും ഇല്ല. എയിംസിലെ ഡോക്ടര്‍മാരായ സുധീര്‍കുമാര്‍ ഗുപ്ത, ആദര്‍ശ് കുമാര്‍, ശശാങ്ക് പുനിയ എന്നിവരടങ്ങിയ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് അലോക് ശര്‍മ കേസ് ഫയല്‍ കൈമാറി. കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് ശര്‍മ നിര്‍ദേശിച്ചു. കേസ് തുടക്കത്തില്‍ ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും സമര്‍ദങ്ങളെത്തുടര്‍ന്ന് അവര്‍ കൈയൊഴിഞ്ഞു. ഉന്നതങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ സരോജനിനഗര്‍ പൊലീസ് സ്റ്റേഷന്‍ മേധാവിക്കാണ് അന്വേഷണച്ചുമതല.

മാരകരോഗമുണ്ടായിരുന്നില്ല

തിരു: സുനന്ദ പുഷ്കറിന്റെ മരണം കടുത്ത രോഗബാധയെത്തുടര്‍ന്നാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്. ജീവന് അപകടകരമായേക്കാവുന്ന ഗുരുതര അസുഖം സുനന്ദയ്ക്ക് ഇല്ലെന്ന് പരിശോധനകളില്‍ തെളിഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി പന്ത്രണ്ടിനാണ് കിംസ് ആശുപത്രിയില്‍ സുനന്ദ പരിശോധന നടത്തിയത്. ഹൃദ്രോഗവിദഗ്ധന്‍ ഡോ. വിജയരാഘവന്റെയും മറ്റു പ്രമുഖ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ വിവിധ പരിശോധന നടത്തി. പരിശോധനാ സമയത്ത് നേരത്തെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദ ഹാജരാക്കിയിരുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായതെന്ന് കിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

പതിനാലിനാണ് സുനന്ദ ആശുപത്രി വിട്ടത്. ആശുപത്രി വിടുമ്പോള്‍ ആരോഗ്യനില തൃപ്തികരമായിരുന്നെന്നും സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ജി വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് തരൂരിനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത് സുനന്ദ മാരകരോഗത്തിന് അടിമയായിരുന്നെന്നും തിരുവനന്തപുരത്തുനിന്ന് വീല്‍ചെയറിലാണ് ഡല്‍ഹിയിലേക്ക് വിമാനം കയറിയതെന്നുമായിരുന്നു. എന്നാല്‍, കിംസ് ആശുപത്രി വിട്ടശേഷം തരൂരിനൊപ്പം സന്തോഷവതിയായി പത്മനാഭസ്വാമിക്ഷേത്രത്തിലെ ലക്ഷദീപവും തൊഴുതാണ് സുനന്ദ മടങ്ങിയത്. സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് തരൂരിന്റെ സ്റ്റാഫിലുള്ളവരും ചില മാധ്യമങ്ങളും സുനന്ദ അവശയും മാരകരോഗത്തിന് അടിമയായിരുന്നെന്നും പ്രചരിപ്പിച്ചിരുന്നു.

deshabhimani

No comments:

Post a Comment