താനൂര്‍: ഉണ്യാല്‍ കമ്മുട്ടകത്ത് റാസിഖ് വധക്കേസിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ കള്ളപ്രചാരണവുമായി മുസ്ലിംലീഗ് രംഗത്ത്. സംഘര്‍ഷങ്ങളുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താനാണ് ചന്ദ്രിക പത്രത്തിലൂടെയും മറ്റും നടത്തുന്ന ഇത്തരം പ്രചാരണത്തിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതക്ക് നിരക്കാത്തതാണ്. കമ്മുട്ടകത്ത് റാസിഖ് വധത്തെ സിപിഐ എം അപലപിച്ചതാണ്. റാസിഖിന്റെ മരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ആസൂത്രിതമായി 39 സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെടുകയും 16 പേര്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയുംചെയ്തു. തുടര്‍ന്ന് നാലരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഹൈക്കോടതി 16 പേരെകുറ്റവിമുക്തരാക്കി. കേസ് അന്വേഷണത്തിലെ അശാസ്ത്രീയതയെക്കുറിച്ച് നിരീക്ഷണങ്ങള്‍ നടത്തിയാണ് ഹൈക്കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇതൊന്നും മാനിക്കാതെയാണ് ലീഗ് നുണ പ്രചരിപ്പിക്കുന്നത്.
2001 ജൂലൈ ആറിന് ഉണ്യാല്‍ അങ്ങാടിക്ക് സമീപമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് റാസിഖ് വധിക്കപ്പെടുന്നത്. പരിക്കേറ്റ റാസിഖിനെ സിപിഐ എം പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ റാസിഖ് മരിച്ചതോടെ എന്താണ് സംഭവിച്ചതെന്ന് അവ്യക്തമായി തുടര്‍ന്നു. എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് ലീഗ് സംഭവത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ചു. സിപിഐ എം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി പി സൈതലവി, പഞ്ചായത്തംഗം സി പി സൈതു എന്നിവരെ കേസിലെ പ്രതികളായി. ലീഗിന്റെ കോട്ടയായിരുന്ന ഉണ്യാലില്‍ സിപിഐ എം ശക്തമാകുന്നത് തടയുക, നിറമരുതൂര്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. തുടര്‍ന്ന് ലീഗ് പല പ്രകോപനങ്ങള്‍ സൃഷ്ടിച്ചെങ്കിലും സിപിഐ എം സംയമനം പാലിച്ചു. സമാധാനാന്തരീക്ഷം നഷ്ടപ്പെട്ട ഉണ്യാലിനെ ശാന്തമാക്കുകയെന്നതായിരുന്നു സിപിഐ എം ലക്ഷ്യം. ഇത് ഏറെ വിജയത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ റാസിഖ് സംഭവത്തിന്റെ പേരില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ലീഗ് ശ്രമം.
റാസിഖിന്റെ കുടുംബത്തിന് വിഷയം സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പിതാവും സഹോദരനും മരണംവരെ സിപിഐ എമ്മുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. റാസിഖിന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നവര്‍ കുടുംബത്തിനുവേണ്ടി ചെയ്തതെന്തെന്ന് വ്യക്തമാക്കണമെന്നും സിപിഐ എം സിപിഐ എം താനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉണ്യാലില്‍ താമസിക്കുമ്പോഴോ താമസം മാറിയശേഷമോ ഒരുവിധ ആക്രമണഭീഷണിയും കുടുംബത്തിനുനേരെ സിപിഐ എം ഉയര്‍ത്തിയിട്ടില്ല. പൊലീസിലോ മറ്റോ ഇത്തരത്തില്‍ ഒരു പരാതിയും നിലവിലില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പിനുവേണ്ടി തീരദേശത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍നിന്നും ലീഗ് പിന്തിരിയണം. പത്രവാര്‍ത്തകള്‍ക്കും പ്രചാരണങ്ങള്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
deshabhimani
No comments:
Post a Comment