പാര്‍ടിക്ക് ബന്ധമില്ലാത്ത കൊലപാതകങ്ങള്‍ സിപിഐ എമ്മിന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കാന്‍ അഹോരാത്രം പണിപ്പെടുകയാണ് യുഡിഎഫും ചില മാധ്യമങ്ങളും. ജില്ലയില്‍ മുപ്പതില്‍പ്പരം സിപിഐ എം പ്രവര്‍ത്തകരേയും നേതാക്കളേയും അരുംകൊല നടത്തിയിട്ടും മാലാഖക്കുപ്പായമിട്ട് പായുകയാണ് കോണ്‍ഗ്രസ്- ബിജെപി നേതാക്കള്‍. രാഷ്ട്രീയായുധം ഒന്നുമില്ലാത്ത ഇവര്‍ ഇടതുപക്ഷത്തിനെതിരെ നുണ ആയുധമാക്കുകയാണ്. കൂട്ടിന് പൊലീസും. വോട്ട് ലക്ഷ്യമാക്കി മാത്രം പെരിഞ്ഞനത്തേക്ക് മത്സരിച്ചോടുന്നു മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും. ചോരകുടിയന്മാരുടെ കണ്ണീരൊഴുക്കലാണ് നടക്കുന്നത്. മുപ്പതോളം ജീവനുകള്‍ അരിഞ്ഞുതള്ളിയവരാണ് ഇപ്പോള്‍ മാടപ്രാവിന്റെ വേഷമണിയുന്നത്. ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം ഗുണ്ടാസ്റ്റെലില്‍ വെട്ടിക്കൊന്ന അയ്യന്തോളിലെ മധു ഈച്ചരത്തിന്റെയും ലാല്‍ജി കൊള്ളന്നൂരിന്റെയും വീടുകളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവുമില്ല. ഗ്രൂപ്പ്വൈരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ശരീരം തളര്‍ന്നു കിടക്കുന്ന ചേര്‍പ്പിലെ യൂത്ത് നേതാവ് ഷിബു ജോര്‍ജിനേയും അവര്‍ മറന്നു.
തകര്‍ന്നു തരിപ്പണമാകുന്ന കോണ്‍ഗ്രസിനും ക്രൂരതയുടെ പര്യായമായ ആര്‍എസ്എസിനും മുഖത്ത് ചായം പൂശിക്കൊടുക്കുകയാണ് മാധ്യമങ്ങള്‍. പെരിഞ്ഞനത്ത് സിപിഐ എമ്മിന് ഒരു ബന്ധവുമില്ലാത്ത കൊലയുടെ പേരില്‍ സപ്ലിമെന്റിറക്കിയാണ് അവര്‍ വലതുപക്ഷത്തിന് ശക്തിപകരുന്നത്. ബ്രഹ്മകുളത്ത് ഒരു ഇളംജീവന്‍ ആര്‍എസ്എസുകാര്‍ റോഡിലിട്ട് വെട്ടിനുറുക്കിയപ്പോള്‍ ഒരു മാധ്യമരാജാവിന്റെയും കണ്ണീര്‍ വാര്‍ന്നുവീണില്ല. പന്ത്രണ്ടോളം സിപിഐ എം പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് മാത്രം ജില്ലയില്‍ വകവരുത്തിയത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കോണ്‍ഗ്രസും ആര്‍എസ്എസും ഒന്നിക്കും.
2004ല്‍ മാള തിരുത്തിപ്പറമ്പ് പള്ളി വികാരി ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ പള്ളിമേടയിലിട്ട് വധിച്ചപ്പോള്‍ ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ മലക്കം മറിച്ചിലുകള്‍ പലരും കണ്ടില്ലെന്ന് നടിച്ചു. കോണ്‍ഗ്രസ് സംഘപരിവാറിന് കീഴടങ്ങിയെന്ന് കത്തോലിക്കാസഭയുള്‍പ്പെടെ ആരോപണമുയര്‍ത്തി. മുന്‍ എംഎല്‍എകൂടിയായിരുന്ന പി കെ അബ്ദുള്‍ഖാദറിനേയും അഹമ്മുവിനേയും 1971ല്‍ വെടിവച്ചുകൊന്ന് ആരംഭിച്ചതാണ് ജില്ലയിലെ കോണ്‍ഗ്രസ് കൊലപാതകവാഴ്ച. എസ്എഫ്ഐ നേതാവ് ആര്‍ കെ കൊച്ചനിയനെ കലോത്സവവേദിയിലിട്ടാണ് കെഎസ്യുക്കാര്‍ കൊലപ്പെടുത്തിയത്. ഇവരെക്കൂടാതെ പത്തോളം സിപിഐ എം പ്രവര്‍ത്തകരുടെ ജീവനാണ് ജില്ലയില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ വാഴ്ച കൊത്തിയെടുത്തത്. ചാവക്കാട്ട് ഏവരുടേയും പ്രിയങ്കരനായിരുന്ന നഗരസഭാചെയര്‍മാന്‍ കെ പി വത്സലനെ ലീഗുകാരും കുന്നംകുളത്ത് ബിജേഷിനെ എന്‍ഡിഎഫുകാരും കൊല ചെയ്തു.
ഇതിനേക്കാള്‍ നീണ്ടതാണ് ആര്‍എസ്എസ് അരുംകൊലകള്‍. ഇരുപതോളം സിപിഐ എം പ്രവര്‍ത്തകരെയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ വകവരുത്തിയത്. ബ്രഹ്മകുളത്ത് എസ്എഫ്ഐþഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഫാസിലിനെ 2013 നവംബറില്‍ വകവരുത്തിയതാണ് ഒടുവിലത്തേത്. ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ ആര്‍എസ്എസ് ഗുണ്ടാരാജ് നടമാടുമ്പോഴും വഴിനടക്കാന്‍പോലുമുള്ള സ്വതന്ത്ര്യം കൊടുങ്ങല്ലൂരുള്‍പ്പെടെ അവര്‍ നിഷേധിക്കുമ്പോഴും യുഡിഎഫ് നേതാക്കള്‍ക്കോ മാധ്യമങ്ങള്‍ക്കോ കുലുക്കമില്ല. സിപിഐ എമ്മിനെ രാഷ്ട്രീയമായി നേരിടാനാവാത്തവര്‍ ഒടുവില്‍ കണ്ടെത്തിയ വഴിയാണ് കേസുകള്‍ കെട്ടിച്ചമയ്ക്കലും കണ്ണീരൊഴുക്കലും. നാട്ടിലെ എല്ലാ കൊലപാതകങ്ങള്‍ക്കും പിന്നില്‍ സിപിഐ എമ്മാണെന്ന് വരുത്തിത്തീര്‍ക്കലാണ് ഇവരുടെ അജന്‍ഡ.
വി എം രാധാകൃഷ്ണന്‍ deshabhimani
No comments:
Post a Comment