ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതിയെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാക്കി ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലയേല്‍പ്പിച്ചു. ശശി തരൂരിന്റെ പ്രചാരണയോഗത്തില്‍ ഇയാള്‍ മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടുകയും ചെയ്തു. നന്തന്‍കോട് ജങ്ഷനില്‍ ഗ്രൂപ്പ് വഴക്കിനിടെ എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ നന്തന്‍കോട് "ഷെര്‍ലി ലാന്‍ഡി"ല്‍ ആന്റണി ഫ്രാന്‍സിസിനെ (58) ചവിട്ടിക്കൊന്ന കേസില്‍ ഒന്നാംപ്രതി ജെ ആര്‍ വിജയനെയാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാക്കിയത്. ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ പ്രധാന സംഘാടകനും ഇയാളായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ മുതലക്കണ്ണീരൊലിപ്പിക്കുന്നതിനിടയിലാണ് സഹപ്രവര്‍ത്തകന്റെ കൊലയാളിയെ മണ്ഡലം പ്രസിഡന്റാക്കിയത്.
കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന നിര്‍വാഹകസമിതി അംഗമായിരുന്ന ആന്റണി വിരമിച്ചശേഷം കോണ്‍ഗ്രസില്‍ സജീവമാകുകയായിരുന്നു. 2010 മെയ് അഞ്ചിനാണ് ആന്റണി കൊല്ലപ്പെട്ടത്. ഒരു കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി. കടയുടെ മുന്നിലെത്തിയ വിജയന്‍ "നിന്നെയൊക്കെ ആരെടാ സമരത്തിനു വിളിച്ചത്" എന്ന് ആക്രോശിച്ച് ആന്റണിയെ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. വിജയന്‍ ആന്റണിയുടെ നെഞ്ചത്ത് ആഞ്ഞുചവിട്ടി. ആന്റണി മരിച്ചതിനെ തുടര്‍ന്ന് വിജയന്‍ അറസ്റ്റിലായി. മൂന്നുമാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ വിജയന്‍ പിന്നീട് ഐ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. ഇപ്പോള്‍ മണ്ഡലം പ്രസിഡന്റ് ആക്കി ഉയര്‍ത്തുകയും ചെയ്തു. ആന്റണിയുടെ കുടുംബത്തിന്റെ കണ്ണീരുപോലും അവഗണിച്ചാണ് കൊലയാളിയെ ഭരണസിരാകേന്ദ്രത്തിലെ മണ്ഡലം പ്രസിഡന്റ് ആക്കിയത്. നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും നേതൃത്വം കാര്യമാക്കിയില്ല. ഇപ്പോള്‍ ശശി തരൂരിന്റെ അനുചരസംഘത്തിലെ പ്രധാനിയാണ് വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശശി തരൂരും വിജയനും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് പൊതുയോഗവാര്‍ത്ത ഞായറാഴ്ച മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
എസ് ഷംഷീര്‍ deshabhimani
No comments:
Post a Comment