എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ കാസര്‍കോട്ടെ ചില സന്നദ്ധസംഘടനകള്‍ നടത്തിവന്ന സമരത്തിലേക്ക് ആദ്യമെത്തിയ രാഷ്ട്രീയപാര്‍ടിയാണ് സിപിഐ എം. 2002ല്‍ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ദുരന്തമേഖല സന്ദര്‍ശിച്ച് ഇവിടുത്തെ ദുരന്തത്തിന്റെ ആഴം നിയമസഭയിലും പുറത്തും അവതരിപ്പിച്ചതോടെയാണ് ഒറ്റപ്പെട്ട് നടന്ന സമരത്തിന് ജനകീയ ഐക്യവും മുന്നേറ്റവുമുണ്ടായത്. പിന്നീട് ഡിവൈഎഫ്ഐയാണ് ഈ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയത്. ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന അതിജീവന യാത്രയും അതിനുശേഷം നടന്ന ഫണ്ട് ശേഖരണവും അത് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വിനിയോഗിച്ചതും സുപ്രീംകോടതിയല്‍ കേസ് കൊടുത്തതുമൊക്കെയാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിലെ സുപ്രധാന മുന്നേറ്റങ്ങള്‍.
മറ്റൊരു പാര്‍ടിക്കും കഴിയാത്ത ജനകീയ ഇടപെടലാണ് ദുരന്തനിവാരണത്തിനായി സിപിഐ എമ്മും ഡിവൈഎഫ്ഐയും നടത്തിയത്. സമരങ്ങള്‍ നിരവധി നടന്നെങ്കിലും നിയമപോരാട്ടത്തിന് ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ പോയതോടെയാണ് സംഭവം ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. യുവജന സംഘടനയുടെ വാദം അംഗീകരിച്ച് സുപ്രീംകോടതി കീടനാശിനി ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് താല്‍കാലിക നിരോധനമേര്‍പ്പെടുത്തി. കീടനാശിനി ലോബിയുടെ പക്ഷത്തായിരുന്നു കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും നിലകൊണ്ടത്. വീടില്ലാത്ത ദുരന്തബാധിതര്‍ക്ക് വീടും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ആംബുലന്‍സ് സേവനവും ചികിത്സാസഹായവും നല്‍കിയ ഡിവൈഎഫ്ഐയുടെ ജീവകാരുണ്യ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. ദുരന്തത്തെ ആദ്യം അംഗീകരിച്ച സര്‍ക്കാരും എല്‍ഡിഎഫിന്റേതാണ്. ചികിത്സയും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ച് നടപ്പാക്കിയത് പി കെ ശ്രീമതി ആരോഗ്യമന്ത്രിയായപ്പോഴാണ്. ദുരന്തബാധിതരെ സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. എംപി എന്ന നിലയില്‍ പി കരുണാകരനാണ് ദുരന്തത്തിന്റെ ദയനീയ ചിത്രം പാര്‍ലമെന്റില്‍ നിരന്തരം അവതരിപ്പിച്ചത്. ഇതിനുപുറമെ ദുരന്തമേഖലയുടെ സമഗ്ര വികസനത്തിന് നബാര്‍ഡിന്റെ 200 കോടിയുടെ പ്രത്യേക സഹായം വാങ്ങിച്ചെടുത്ത് നടപ്പാക്കുന്നത് പി കരുണാകരന്റെ ഇടപെടലിലൂടെയാണ്. ഇങ്ങനെ എപ്പോഴും ദുരിതബാധിതര്‍ക്കൊപ്പംനിന്ന സിപിഐ എം വിഷയത്തെ ദേശീയ പ്രശ്നമാക്കി മാറ്റി പ്രകടന പത്രികയില്‍ ചേര്‍ത്തു. ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകൂവെന്നാണ് ഇത് തെളിയിക്കുന്നത്.
deshabhimani
No comments:
Post a Comment