Saturday, March 22, 2014

മങ്ങില്ല ആദ്യ വോട്ടിന്റെ തിളക്കം

പയ്യന്നൂര്‍: "അന്ന് ഗ്രാമാതിര്‍ത്തിയിലൊക്കെ ബോര്‍ഡ് വച്ചിരുന്നുകമ്യൂണിസ്റ്റുകാരനും നായ്ക്കള്‍ക്കും പ്രവേശനമില്ലെന്ന്.. കോണ്‍ഗ്രസ്സുകാര് ഞങ്ങളെ വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു; ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. എന്നിട്ടും ഞങ്ങള് കൂട്ടാക്കിയില്ല. എ കെ ജി വന്‍ഭൂരിപക്ഷത്തിനാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. അതുപോലെ പി കരുണാകരനും ജയിക്കും, ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്..." പയ്യന്നൂരിലെ ആദ്യകാല പാര്‍ടിപ്രവര്‍ത്തകന്‍, മഹാദേവഗ്രാമത്തിലെ സി വി നാരായണന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ കരുത്ത്.

ആദ്യ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ എ കെ ജിക്ക് വോട്ടുചെയ്ത സി വിയുടെ വാക്കുകളില്‍ വര്‍ഷങ്ങളുടെ രാഷ്ട്രീയാനുഭവത്തിന്റെ ഊറ്റമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളെ ചോരയില്‍ മുക്കിയ അടിച്ചമര്‍ത്തലുകള്‍ക്ക് നാട് സാക്ഷിയായതിനുശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പ്. 1951 ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെ വിവിധ ഘട്ടങ്ങളായിട്ടാണ് നടന്നത്. കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ദുര്‍ഭരണത്തിനെതിരെ നാടെങ്ങും പ്രതിഷേധം നുരഞ്ഞുപൊങ്ങി. മദിരാശി അസംബ്ലിയിലേക്കും പാര്‍ലമെന്റിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഫര്‍ക്കാ സെക്രട്ടറി പി കണ്ണന്‍ നായരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് അന്ന് കണ്ണൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി. ജയിലിലായിരുന്ന സുബ്രഹ്മണ്യഷേണായി പുറത്തിറങ്ങിയതോടെ പ്രവര്‍ത്തനം കൊടുമ്പിരിക്കൊണ്ടു. എ കെ ജിയുടെ ജനപിന്തുണ ഭയന്ന് പയ്യന്നൂര്‍ ബസാറില്‍ നടത്താനിരുന്ന പൊതുയോഗം കോണ്‍ഗ്രസുകാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസിലെ സി കെ ഗോവിന്ദന്‍ നായരെ 87,000ത്തില്‍പരം വോട്ടിന് പരാജയപ്പെടുത്തിയാണ് എ കെ ജി പാര്‍ലമെന്റിലെത്തിയത്.

1957ലെ പൊതുതെരഞ്ഞെടുപ്പായപ്പോഴേക്കും കാസര്‍കോട് മണ്ഡലം രൂപീകരിച്ചിരുന്നു. അന്ന് എ കെ ജിയെ നേരിടാന്‍ കോണ്‍ഗ്രസും ജനസംഘവും മുസ്ലിംലീഗും പഴയ പിഎസ്പിയുമെല്ലാം ചേര്‍ന്ന് രംഗത്തിറക്കിയത് ഒരു ഡോ. ഷേണായിയെ. പക്ഷേ, അന്നും കാസര്‍കോട് മണ്ഡലം പാര്‍ടി തൂത്തുവാരി. പാര്‍ലമെന്റിലേക്ക് എ കെ ജിയും നിയമസഭയിലേക്ക് നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍നിന്ന് ഇ എം എസും കല്ലളന്‍ വൈദ്യരും ജയിച്ചുകയറി. തെരഞ്ഞെടുപ്പു ദിവസം നാരായണേട്ടന് കോണ്‍ഗ്രസുകാരുടെ മര്‍ദനവുമേറ്റു. വാഹനത്തില്‍ ആളെയെത്തിക്കരുതെന്ന തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശം അവഗണിച്ച കോണ്‍ഗ്രസുകാരെ പെരുമ്പയില്‍ വാഹനത്തിനുമുമ്പില്‍ കയറിക്കിടന്ന്് സുബ്രഹ്മണ്യ ഷേണായി തടഞ്ഞു. മഹാദേവഗ്രാമത്തില്‍ വാഹനം തടഞ്ഞ നാരായണേട്ടനെയും മറ്റും കോണ്‍ഗ്രസുകാര്‍ തല്ലിച്ചതച്ചു. തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിക്കിടക്കയിലായി.

പ്രശോഭ് പ്രസന്നന്‍ deshabhimani

No comments:

Post a Comment