സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളില്‍നിന്ന് ട്രഷറിയിലേക്ക് പണം വകമാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഫലിച്ചില്ല. സര്‍വീസ് സഹകരണ ബാങ്കുകള്‍ അടക്കമുള്ള പ്രാഥമികസംഘങ്ങളില്‍നിന്നും സെന്‍ട്രല്‍-അപ്പെക്സ് സംഘങ്ങളില്‍നിന്നും ട്രഷറി നിക്ഷേപത്തിലൂടെ 2000 കോടി രൂപ ഒറ്റദിവസത്തിനുള്ളില്‍ കണ്ടെത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് രണ്ടു കോടിയോളം രൂപയും മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 50 ലക്ഷം രൂപയുമാണ് ട്രഷറിയിലേക്ക് നിക്ഷേപിച്ചത്. ട്രഷറിയില്‍ പണം എത്തിക്കാന്‍ ഞായറാഴ്ച സഹകരണസംഘം രജിസ്ട്രാറുടെ ഓഫീസും എല്ലാ ജനറല്‍ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും എല്ലാ സര്‍വീസ് സഹകരണ ബാങ്കുകളും ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്നും സഹകരണസംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഈ തങ്ങളുടെ മിച്ച ഫണ്ട് പൂര്‍ണമായും ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. മിച്ചമില്ലാത്ത സ്ഥാപനങ്ങള്‍ രണ്ടു ദിവസത്തെ വരവ് പൂര്‍ണമായും ട്രഷറിയിലേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടത്. രജിസ്ട്രാറുടെ വാക്കാലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവധിദിവസം സ്ഥാപനം തുറക്കേണ്ടതില്ലെന്ന് മിക്ക ബാങ്കുകളും തീരുമാനിച്ചു. തുറന്ന ബാങ്കുകളില്‍ ഇടപാടുകളൊന്നും നടന്നില്ല.
സഹകരണനിയമവും ചട്ടവും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് രജിസ്ട്രാറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ട്രഷറിയിലേക്ക് പണം നിക്ഷേപിക്കാനാകില്ല. ഭരണസമിതി തീരുമാനമില്ലാതെ നിക്ഷേപിക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെ തലയിലാകുന്നരീതിയിലാണ് സര്‍ക്കാര്‍ നിര്‍ദേശം. 7.5 ശതമാനം പലിശയില്‍ ട്രഷറി നിക്ഷേപത്തിലേക്ക് മാറ്റേണ്ട പണത്തിന് ജില്ലാ സഹകരണ ബാങ്കുകള്‍ 9.75 ശതമാനം പലിശ നല്‍കുന്നു. മൂന്നുലക്ഷം മുതലുള്ള തുകയ്ക്ക് 10.25 ശതമാനമാണ് പലിശ. ഈ പലിശ നഷ്ടവും ജീവനക്കാരുടെ തലയിലാകും. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സികളാണ്. ഇവര്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശമില്ലാതെ അവധിദിവസം പ്രവര്‍ത്തിക്കാനോ, ഇടപാട് നടത്താനോ കഴിയില്ല. സര്‍ക്കാരിന്റെ ഇടപാടുകള്‍ നടത്തുന്ന ബാങ്ക് ശാഖകള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് ദേശവ്യാപകമായി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്. എല്ലാത്തരും സഹകരണ ബാങ്കുകളെയും റബ്കോ പോലുള്ള സഹകരണസ്ഥാപനങ്ങളെയും ജോയിന്റ് രാജിസ്ട്രാര്‍മാര്‍ നേരിട്ടുവിളിച്ച് ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നു. മിക്കയിടത്തും ഭീഷണിയടക്കം പ്രയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
deshabhimani
No comments:
Post a Comment