Friday, March 21, 2014

കാസര്‍കോടിന് കരുണാകരന്‍തന്നെ

ഭാഷാസംഗമ ഭൂമിയായ കാസര്‍കോടിന് മുഖവുര ആവശ്യമില്ലാത്ത ജനകീയനേതാവാണ് പി കരുണാകരന്‍. എന്താവശ്യത്തിനും ഏതു സമയത്തും ഇടപെടുന്ന ഇദ്ദേഹം നാട്ടുകാര്‍ക്ക് എംപിയല്ല, മറിച്ച് പ്രിയപ്പെട്ട കരുണേട്ടനാണ്. മണ്ഡലത്തിലെ ഓരോ വോട്ടറെയും പേരെടുത്ത് വിളിക്കാവുന്ന പരിചയം. ഒരു ദശകമായി കരുണാകരന്റെ കൈയൊപ്പ് പതിയാത്ത ഒരു വികസനവും ഡല്‍ഹിയില്‍നിന്ന് ഇവിടേക്ക് വന്നിട്ടില്ല. ദുരിതക്കയത്തില്‍ മുങ്ങിത്താഴ്്ന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാന്ത്വനത്തിന്റെ പുതുജീവന്‍ പകര്‍ന്നതും ഈ ജനായകന്‍തന്നെ. "വിജയിച്ച് വരും, നിങ്ങളെപ്പോലുള്ളവര്‍ എംപിയാകേണ്ടത് നാടിന്റെ ആവശ്യമാണ്.\' ചെറുപുഴയ്ക്കടുത്ത അരവഞ്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാദര്‍ ജോര്‍ജിന്റെ വാക്കുകള്‍ ഈ കാരുണ്യവഴിക്ക് അടിവരയിടുന്നു. കോഴിക്കോട്ടുകാരനായ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖാണ് ഇക്കുറി യുഡിഎഫ്സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മത്സരരംഗത്തുണ്ട്. പൊതുപ്രവര്‍ത്തനരംഗത്ത് അഞ്ചു പതിറ്റാണ്ട് പിന്നിട്ട പി കരുണാകരന്‍ മണ്ഡലവികസനത്തിലും ജനകീയപ്രശ്നങ്ങളിലും നടത്തിയ മാതൃകാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് മണ്ഡലത്തിലെങ്ങും ലഭിക്കുന്നത്.

കഴിഞ്ഞതവണത്തെ വികസനപ്രവര്‍ത്തനംമാത്രം മതിയല്ലോ ഇക്കുറി ജയിക്കാനെന്ന വിജയാശംസയോടെയാണ് വെസ്റ്റ് എളേരിയിലെ കോട്ടമല സെന്റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളിവികാരി സഖറിയാസ് റമ്പാന്‍ കരുണാകരനെ സ്വീകരിച്ചത്. നര്‍ക്കിലക്കാട് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ കളിയാട്ടത്തിനെത്തിയ ജനങ്ങളാകെ സ്ഥാനാര്‍ഥിയെ കണ്ടതോടെ ആവേശത്തിലായി. നാട്ടുകാര്‍ക്കൊപ്പമിരുന്ന് ക്ഷേത്രത്തിലെ സമൂഹസദ്യ കഴിച്ച "കരുണേട്ടന്\' പരിചയമില്ലാത്ത മുഖങ്ങള്‍ വിരളം.ദശാബ്ദമായി മണ്ഡലത്തിലെ നിറസാന്നിധ്യമായ പി കരുണാകരന്‍ പ്രവര്‍ത്തനമികവില്‍ പാര്‍ലമെന്റിലും കരുത്തുകാട്ടി. നേതൃപാടവവും സമര്‍പ്പിത ജീവിതവുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വേറിട്ടുനിര്‍ത്തുന്നതും. എംപി ഫണ്ടിന്റെ ഫലപ്രദമായ ഉപയോഗം, മറാഠി സമുദായത്തെ വീണ്ടും പട്ടികവര്‍ഗമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സമര്‍പ്പിത പോരാട്ടം, ഇരകള്‍ക്ക് നബാര്‍ഡില്‍നിന്ന് നേടിയെടുത്ത 200 കോടിയുടെ പ്രത്യേക സഹായം, കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുള്‍പ്പെടെ റെയില്‍വേരംഗത്തുണ്ടായ നേട്ടങ്ങള്‍, കേന്ദ്രസര്‍വകലാശാല... നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും കാസര്‍കോട് ഇടതുപക്ഷത്തിനൊപ്പമാണ്. ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ചും എല്‍ഡിഎഫിന്റെ ശക്തിദുര്‍ഗങ്ങള്‍.

2009ല്‍ 64,000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കരുണാകരന്റെ ജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ ഭൂരിപക്ഷം 85,000 ആയി. ഇങ്ങനെ വ്യക്തമായ മേല്‍ക്കൈയോടെ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അസംതൃപ്തിയില്‍ തട്ടിയും തടഞ്ഞും നില്‍ക്കുകയാണ് യുഡിഎഫ്. കോഴിക്കോട്ടുകാരനായ ടി സിദ്ദിഖിനെ എ ഗ്രൂപ്പിന്റെ ബാനറിലാണ് കാസര്‍കോട്ടെത്തിച്ചത്. ഡിസിസി മുന്‍ പ്രസിഡന്റും മുന്‍ എംപിയുമായ ഐ രാമറൈയുടെ മകന്‍ സുബ്ബയ്യറൈ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ജില്ലാനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഐ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരനും സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് സിദ്ദിഖിനെ ഉറപ്പിച്ചത്. പതിവുപോലെ ഇറക്കുമതി സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ അടിച്ചേല്‍പ്പിച്ചതോടെ നേതൃത്വവും അണികളും അമര്‍ഷത്തിലാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തങ്ങളുടെ അഭിപ്രായം മാനിക്കാത്തതിന് ലീഗും അതൃപ്തി അറിയിച്ചു. കോഴിക്കോട്ടുകാരനായ കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണയും ഇദ്ദേഹമായിരുന്നു മത്സരരംഗത്ത്. മണ്ഡലത്തില്‍ ഒരു ലക്ഷത്തോളം വോട്ടുണ്ട് ഇവര്‍ക്ക്. സുരേന്ദ്രനെതിരെ ബിജെപിയിലും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ സ്വാധീനമേഖലയായ കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളിലെ നേതാക്കളെ സ്ഥിരമായി തഴഞ്ഞ് കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിത്വം പിടിച്ചെടുക്കുന്നുവെന്നാണ് ആക്ഷേപം.

എം ഒ വര്‍ഗീസ്

No comments:

Post a Comment