Saturday, March 22, 2014

തെരഞ്ഞെടുപ്പ് ജനവിരുദ്ധനയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും: വി എസ്

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും വരാനിരിക്കുന്ന തെരഞ്ഞെടുപ്പി ലുണ്ടാകുകയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുയായിരുന്നു വി എസ്. 2 ജി സ്പെക്ട്രം അടക്കമുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്നിറക്കേണ്ടത്. നാടിന്റെ ആവശ്യമാണ്. അതിരൂക്ഷമായ വിലക്കയറ്റമാണ് നാട്ടിലുള്ളത്. ഇന്ത്യയിലിന്ന് ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ പിന്‍പറ്റിയാണ് കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ദുര്‍ഭരണം നടത്തുന്നത് .

ഇതിനിടയില്‍ അധികാരത്തിലേറാന്‍ പറ്റുമോയെന്നാണ് വാജ്പേയിയുടേയും അദ്വാനിയുടേയും പിന്‍ഗാമിയായ മോഡിയുടെ ശ്രമം 3000ത്തിലേറ പേരെ കൊന്നുതള്ളിയതിന് നേതൃത്വം കൊടുത്ത മോഡിയെപോലുള്ളവര്‍ പത്രത്തില്‍ നല്ല പരസ്യങ്ങള്‍ നല്‍കിയതുകൊണ്ട് മാത്രം നല്ലതാകുമോ. കേരളത്തിലും സ്ഥിതി വ്യതസ്തമല്ല. സോളാറും ഭൂമിതട്ടിപ്പുമടക്കമുള്ള കേസുകളില്‍ മുഖ്യമന്ത്രിയും ഓഫീസിലെ അനുചരന്‍മാര്‍ക്കുള്ള ബന്ധം വെളിപ്പെട്ടതാണ്. സ്ത്രീകള്‍ക്ക് നാട്ടില്‍ സുരക്ഷിതമായി യാത്രചെയ്യാന്‍പോലും ഈ ഭരണത്തില്‍ സാധിക്കുന്നില്ല. മന്ത്രി ആര്യാടന്റെ ഓഫീസിലെ തൂപ്പുകാരിയെ കൊന്ന് കുളത്തില്‍ തള്ളിയതും അടുത്തിടെയാണ്. ഇത്തരത്തില്‍ അത്യന്തം ദുഷ്ക്കരമായ ജീവിതമാണ് നാട്ടിലുള്ളത്.

5000വും 3000 വും ശമ്പളം ലഭിക്കുന്ന സാധാരണക്കാര്‍ എങ്ങിനെയാണ് ജീവിച്ചുപോകുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും എത്രയാണ് വിലകയറിയത് ഇതൊന്നും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല. ഇത് മറച്ചുവെക്കുവാന്‍ മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ്. കേന്ദ്രത്തില്‍ ഇടത് കക്ഷികള്‍ക്ക് നേതൃത്വമുള്ള ഭരണമാകും വരിക. അതിന്റെ മാറ്റം കേരളത്തിലും പ്രതിഫലിക്കും

ടി പി ചന്ദ്രശേഖരനെ വി എസ് ഇറച്ചിവിലക്ക് വിറ്റിട്ടില്ല. താനത്ചെയ്യില്ല. അത് ചെയ്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ടി പി ചന്ദ്രശേഖരന്റെ വധം പുസ്തകമാക്കി വിറ്റ് കാശാക്കുന്നത് തിരുവഞ്ചൂരാണ്. തനിക്ക് വധഭീഷണിയുണ്ടെന്ന് ടി പി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കേന്ദ്രമന്ത്രി മുല്ലപ്പള്ളിയോടും നേരിട്ട് പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് വധത്തിനുശേഷം വേദനകാണിക്കുന്നത്. ഈ വിഷയത്തില്‍ താന്‍ ആവശ്യപ്പെട്ടതനുസരിച്ച് പാര്‍ടിയുടെ അഖിലേന്ത്യാ സെക്രട്ടറി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തു. കേസില്‍ സിബിഐ അന്വേഷണവും സ്വര്‍ണക്കടത്തുകാരന്‍ ഫായിസിന്റെ കേസില്‍ എന്‍ഐഎ അന്വേഷണവുമെല്ലാം നടക്കട്ടെ. അതിന് ആരാണ് എതിരുള്ളത്. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയതാണ്. വീണ്ടും വീണ്ടും ഇത് ചര്‍ച്ചയാക്കുന്നത് വിലക്കയറ്റമടക്കമുള്ള വിഷയത്തില്‍നിന്ന് ശ്രദ്ധമാറ്റാനാണ്.

1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി കൊടിയ മര്‍ദനങ്ങള്‍ സഹിച്ച്പാര്‍ടി കെട്ടിപടുത്തത് യാതൊരു സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയായിരുന്നില്ല.സാധാരണക്കാരുടെ ദുരിതജീവിതം മാറ്റിയെടുക്കാനാണ് അന്നുമുതല്‍ പരിശ്രമിക്കുന്നത്. രമയോട് പറയാനുള്ളത് തിരുവഞ്ചൂരിനെപോലെ ഉപദേശം നല്‍കാനെത്തുന്നവരെ പൂര്‍ണമായി വിശ്വസിക്കരുത് എന്നാണ്. സരിതക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത് തനിക്ക് അപമാനകരമാണ്. സരിതക്കുള്ള മറുപടിയെല്ലാം ഉമ്മന്‍ചാണ്ടിയോട് ചോദിച്ചാല്‍മതിയെന്നും വി എസ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ദേശാഭിമാനി

No comments:

Post a Comment